• Chinju M A
  • 17 Aug 2026

വിലക്കുറവ് മാത്രം കണ്ട് വീട് പണിക്കുള്ള ഈ സാധനങ്ങൾ വാങ്ങല്ലേ; ഭാവിയിൽ വൻ ബാധ്യതകൾ ഉറപ്പ്

വീട് നിർമ്മാണത്തിലെ സാമഗ്രികൾ തിരഞ്ഞെടുക്കുമ്പോൾ പലരും ആദ്യം നോക്കുന്നത് ബജറ്റാണ്. നിർമ്മാണ സാമഗ്രികളുടെ വില കുതിച്ചുയരുന്ന ഈ കാലത്ത്, ചെലവ് കുറയ്ക്കാൻ പലരും വിലകുറഞ്ഞ ബദലുകൾ തേടുന്നു. എന്നാൽ, തുടക്കത്തിൽ ലഭിക്കുന്ന ഈ ചെറിയ സാമ്പത്തിക ലാഭം യഥാർത്ഥത്തിൽ ഒരു വലിയ കെണിയാണെന്ന് പലരും തിരിച്ചറിയാറില്ല. നിർമ്മാണഘട്ടത്തിൽ നമ്മൾ വരുത്തുന്ന ഇത്തരം വിട്ടുവീഴ്ചകൾ പിന്നീട് വലിയ സാമ്പത്തിക-സുരക്ഷാ പ്രത്യാഘാതങ്ങൾക്കാണ് വഴിവെക്കുന്നത്.

 വിലക്കുറവ് തോന്നൽ മാത്രം, യഥാർത്ഥ ലാഭമല്ല

കുറഞ്ഞ വിലയുള്ള സിമന്റ് ബ്ലോക്കുകൾ, ഗുണനിലവാരമില്ലാത്ത മരം, സ്റ്റീൽ, ഇലക്ട്രിക്കൽ ഫിറ്റിങ്ങുകൾ എന്നിവ ഉപയോഗിച്ച് വീട് പണിതാൽ നിർമ്മാണച്ചെലവ് കുറയ്ക്കാം എന്നത് വെറുമൊരു മിഥ്യാധാരണയാണ്. കേരളത്തിന്റെ കാലാവസ്ഥയിൽ ഗുണനിലവാരമില്ലാത്ത സ്റ്റീൽ പെട്ടെന്ന് തുരുമ്പിക്കന്നതും, തരംതാഴ്ന്ന മരങ്ങളിൽ ചിതൽ കയറുന്നതും സ്വാഭാവികം. പെട്ടെന്ന് മങ്ങുന്ന പെയിന്റും ഭിത്തിയിൽ വിള്ളലുകൾ വീഴുന്നതും ആവർത്തിച്ചുള്ള അറ്റകുറ്റപ്പണികളിലേക്ക് നമ്മളെ എത്തിക്കും. തുടക്കത്തിൽ ലാഭിച്ച തുകയേക്കാൾ പലമടങ്ങ് തുക പിന്നീട് ഈ അറ്റകുറ്റപ്പണികൾക്കായി ചെലവാക്കേണ്ടി വരും. ഇതാണ് നിർമ്മാണ രംഗത്തെ 'ഹിഡൻ കോസ്റ്റ്'.

സുരക്ഷയിൽ വിട്ടുവീഴ്ച അരുത് 

സാമ്പത്തിക നഷ്ടത്തിനപ്പുറം, ഗുണനിലവാരമില്ലാത്ത സാമഗ്രികൾ കെട്ടിടത്തിന്റെ ഘടനാപരമായ ബലത്തെയും സുരക്ഷയെയും ദോഷകരമായി ബാധിക്കുന്നു. അടിത്തറയ്ക്കും ഭിത്തികൾക്കും ബലക്കുറവുണ്ടാക്കുന്നത് വീടിന്റെ ആയുസ്സിനെത്തന്നെ ബാധിക്കുന്നു. അതിലുപരി, നിലവാരം കുറഞ്ഞ ഇലക്ട്രിക്കൽ ഉപകരണങ്ങൾ ഷോർട്ട് സർക്യൂട്ടിനും, അതുവഴി അഗ്നിബാധയ്ക്കും വരെ കാരണമായേക്കാം. ഇത് നമ്മുടെ കുടുംബത്തിന്റെ സുരക്ഷയെത്തന്നെയാണ് ചോദ്യം ചെയ്യുന്നത്.

ആധുനികതയും ഗുണമേന്മയും ഒന്നിച്ച് വേണം

'ലോ-കോസ്റ്റ്' എന്നാൽ 'ലോ-ക്വാളിറ്റി' എന്നല്ല അർഥം. ഗുണനിലവരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ ചെലവ് ഒപ്റ്റിമൈസ് ചെയ്യാൻ ആധുനിക മാർഗങ്ങളുണ്ട്. അംഗീകൃത ബ്രാൻഡുകളുടെ എൻജിനീയറിങ് വുഡ്, ഫാക്ടറി നിർമിത ബ്ലോക്കുകൾ തുടങ്ങിയവ ഇതിനൊരു മികച്ച ഉദാഹരണമാണ്. വിദഗ്ധരുടെ ഉപദേശത്തോടെ, ശരിയായ ബ്രാൻഡുകൾ തിരഞ്ഞെടുക്കുന്നത് വഴി നിർമ്മാണ നിലവാരം കുറയ്ക്കതെ തന്നെ ബജറ്റിനുള്ളിൽ വീട് പണി പൂർത്തിയാക്കാം.

ദീർഘകാല നിക്ഷേപം, അത് വീട്ടിലാണ്

വീട് എന്നത് ജീവിതകാലം മുഴുവൻ നമ്മളെ സംരക്ഷിക്കുന്ന ഒരു ആസ്‌തിയാണ്. അതിനാൽ, താൽക്കാലിക ലാഭത്തേക്കാൾ വീടിന്റെ ആയുസ്സിനും സുരക്ഷയ്ക്കും മുൻഗണന നൽകുന്നതാണ് ബുദ്ധി. ശരിയായ ആസൂത്രണവും ഗുണനിലവാരമുള്ള സാമഗ്രികളുടെ തിരഞ്ഞെടുപ്പും വഴി ഭാവിയിലെ സാമ്പത്തിക ബാധ്യതകൾ നമുക്ക് ഒഴിവാക്കാം.


Frequently Asked Questions

വില മാത്രം നോക്കി നിർമ്മാണ സാമഗ്രികൾ തിരഞ്ഞെടുക്കുന്നത് നല്ലതല്ല. ഗുണനിലവാരം കുറഞ്ഞ സാമഗ്രികൾ പിന്നീട് അറ്റകുറ്റപ്പണി ചെലവ് വർധിപ്പിക്കാനും വീടിന്റെ സുരക്ഷയെയും ആയുസ്സിനെയും ബാധിക്കാനും സാധ്യതയുണ്ട്.
ഗുണനിലവാരമില്ലാത്ത സാമഗ്രികൾ ഉപയോഗിക്കുന്നത് വിള്ളലുകൾ, തുരുമ്പ്, ചിതൽബാധ, പെയിന്റ് കേടാകൽ, ഇലക്ട്രിക്കൽ തകരാറുകൾ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകാം. ഇവ ഭാവിയിൽ അധിക അറ്റകുറ്റപ്പണി ചെലവിനും ഇടയാക്കും.
സിമന്റ്, സ്റ്റീൽ, ബ്ലോക്കുകൾ, മരം, ഇലക്ട്രിക്കൽ ഫിറ്റിങ്ങുകൾ, വാട്ടർപ്രൂഫിങ് സാമഗ്രികൾ തുടങ്ങിയവയുടെ ഗുണനിലവാരം പ്രത്യേകം പരിശോധിക്കണം. ഉപയോഗിക്കുന്ന ഓരോ സാമഗ്രിയും ആവശ്യമായ നിലവാരവും സ്പെസിഫിക്കേഷനും പാലിക്കുന്നതാണെന്ന് ഉറപ്പാക്കണം.
കഴിയും. ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ ശരിയായ ഡിസൈൻ, മെറ്റീരിയൽ പ്ലാനിങ്, അംഗീകൃത ഉൽപ്പന്നങ്ങൾ, വിദഗ്ധരുടെ നിർദേശം എന്നിവ ഉപയോഗിച്ച് നിർമ്മാണച്ചെലവ് കാര്യക്ഷമമായി നിയന്ത്രിക്കാം.
നിലവാരമില്ലാത്ത ഇലക്ട്രിക്കൽ സാമഗ്രികൾ ഉപയോഗിക്കുന്നത് സുരക്ഷാ അപകടസാധ്യത വർധിപ്പിക്കാം. ഷോർട്ട് സർക്യൂട്ട്, അമിത ചൂടാകൽ, വൈദ്യുത തകരാറുകൾ തുടങ്ങിയ പ്രശ്നങ്ങൾ ഒഴിവാക്കാൻ നിലവാരമുള്ള ഉൽപ്പന്നങ്ങളും ശരിയായ ഇൻസ്റ്റാളേഷനും തിരഞ്ഞെടുക്കണം.
Share this post