• Chinju.M.A
  • 29 Jun 2026

വീടിനുള്ളിൽ സ്ഥലം തികയുന്നില്ലേ? വലിയ ചെലവില്ലാതെ വീട് വലുതാക്കാം! ഡെഡ് സ്പേസുകളെ' സ്മാർട്ടാക്കാൻ ഇതാ ചില ഇന്റീരിയർ വഴികൾ

കുടുംബത്തിലെ അംഗങ്ങളുടെ എണ്ണവും ആവശ്യങ്ങളും മാറുന്നതിനനുസരിച്ച് വീടിന്റെ സ്ഥലസൗകര്യങ്ങളെക്കുറിച്ചുള്ള നമ്മുടെ സങ്കൽപ്പങ്ങളും മാറാറുണ്ട്. കുട്ടികൾ വളർന്നു വലുതാകുമ്പോഴും മാതാപിതാക്കൾ ഒപ്പമുള്ളപ്പോഴും പലപ്പോഴും വീട്ടിൽ സ്ഥലം തികയാതെ വരാറുണ്ട്. എന്നാൽ മക്കൾ പഠനത്തിനും ജോലിക്കുമായി ദൂരേക്ക് മാറുന്നതോടെ ഇതേ വലിയ വീട് പരിപാലിക്കുക എന്നത് ഒരു ബാധ്യതയായി മാറുകയും ചെയ്യും. ഈ രണ്ട് സാഹചര്യങ്ങളിലും വീടിനുള്ളിലെ ഓരോ ചതുരശ്ര അടിയും എത്രത്തോളം വിലപ്പെട്ടതാണെന്ന് നാം തിരിച്ചറിയുന്നു. ഇവിടെയാണ് 'ഡെഡ് സ്പേസ്' (Dead Space) അഥവാ വീടിനുള്ളിൽ കാര്യമായ ഉപയോഗമില്ലാതെ കിടക്കുന്ന മുക്കുകളും മൂലകളും കൃത്യമായി ഡിസൈൻ ചെയ്യേണ്ടതിന്റെ പ്രസക്തി. 
വീട് നിർമാണ ഘട്ടത്തിലോ ഇന്റീരിയർ പുതുക്കിപ്പണിയുമ്പോഴോ അല്പം ശ്രദ്ധിച്ചാൽ ഇത്തരം ഇടങ്ങളെ ഏറ്റവും മനോഹരവും ഉപകാരപ്രദവുമായ സ്പേസുകളാക്കി മാറ്റാൻ സാധിക്കും. 

ടെറസ് സ്പേസിനെ മൾട്ടി-പർപ്പസ് ഏരിയയാക്കാം

ഇക്കാലത്ത് ഭൂരിഭാഗം ആളുകളും വീട് ഫ്ലാറ്റ് റൂഫ് ആയി വാർത്ത ശേഷം മുകളിൽ ട്രസ്സ് വർക്ക് ചെയ്ത് ഓടിടാറുണ്ട്. ഈ ഭാഗം വെറുതെയിടാതെ വീടിന്റെ വിസ്തീർണം കൂട്ടാൻ പാകത്തിൽ പല രീതിയിൽ റീഡിസൈൻ ചെയ്യാം. ട്രസ്സ് ഇട്ടിരിക്കുന്ന ഭാഗത്തിന് ഏഴ് അടിയിലധികം ഉയരമുണ്ടെങ്കിൽ സിമന്റ് ബോർഡുകൾ ഉപയോഗിച്ച് ഭിത്തികൾ നിർമ്മിച്ച് അതൊരു കിടിലൻ ഹോം തിയറ്റർ ആക്കി മാറ്റാവുന്നതാണ്. ആരോഗ്യസംരക്ഷണത്തിന് പ്രാധാന്യം നൽകുന്നവർക്ക് ആവശ്യത്തിന് വായുസഞ്ചാരം ഉറപ്പാക്കിക്കൊണ്ട് ട്രെഡ്മില്ലും മറ്റ് ഫിറ്റ്നസ് ഉപകരണങ്ങളും സ്ഥാപിച്ച് ഇതൊരു ഹോം ജിംനേഷ്യം ആക്കാം. പെയിന്റിങ്, ക്രാഫ്റ്റ് വർക്കുകൾ, തയ്യൽ തുടങ്ങിയ ഹോബികൾ ഉള്ളവർക്ക് തങ്ങളുടെ ക്രിയേറ്റിവിറ്റി പരീക്ഷിക്കാൻ പറ്റിയ ഒരു സ്റ്റുഡിയോ ആയോ, അല്ലെങ്കിൽ കുട്ടികൾക്കായുള്ള ഇൻഡോർ ഗെയിം സോൺ ആയോ ഈ ഭാഗം മാറ്റാം. ഇതൊന്നുമല്ലെങ്കിൽ വാഷിങ് മെഷീൻ വയ്ക്കാനും വസ്ത്രങ്ങൾ ഉണക്കാനുമുള്ള ഒരു പെർഫെക്റ്റ് യൂട്ടിലിറ്റി ആൻഡ് സ്റ്റോറേജ് ഏരിയയായും ടെറസിനെ മാറ്റിയെടുക്കാം.

ഗോവണിയുടെ താഴെയുള്ള ഇടങ്ങൾ

വീടുകളിൽ ഏറ്റവും കൂടുതൽ സ്ഥലനഷ്ടം ഉണ്ടാകുന്നത് ഗോവണിയുടെ അടിയിലാണ്. ഉയരക്കുറവ് കാരണം പലരും ശ്രദ്ധിക്കാതെ വിടുന്ന ഈ ഭാഗം വീടിന്റെ ഭംഗി കൂട്ടാൻ പല തരത്തിൽ ഉപയോഗിക്കാം. വീട് പണിയുന്ന സമയത്ത് തന്നെ കോണിപ്പടിയുടെ താഴെയുള്ള നിലം ഒരു പടി താഴ്ത്തി നിർമ്മിക്കുകയാണങ്കിൽ അവിടെ ചെടികൾ വെച്ച് മനോഹരമായൊരു ഇൻഡോർ കോർട്‌യാർഡ് അല്ലെങ്കിൽ ഗ്രീൻ സ്പേസ് ഒരുക്കാം. വലിയ കോൺക്രീറ്റ് ഗോവണിയാണെങ്കിൽ അതിനടിയിലെ സ്പേസ് പൂർണ്ണമായും കബോർഡുകൾ നൽകി വാർഡ്രോബ് പോലെയുള്ള സ്റ്റോറേജ് സൗകര്യമാക്കാം. ഇൻവെർട്ടർ പോലെയുള്ള ഉപകരണങ്ങൾ വെക്കാൻ ഇതിന്റെ ഏറ്റവും ഉയരം കുറഞ്ഞ ഭാഗം ഉപയോഗിക്കാവുന്നതാണ്. ശാന്തമായ അന്തരീക്ഷം ഇഷ്ടപ്പെടുന്നവർക്ക് ഈ ഭാഗം മനോഹരമായ ഒരു പ്രാർത്ഥനാ മുറി ആയും ഡിസൈൻ ചെയ്യാം.

കുട്ടികളുടെ പഠനമുറിയും വർക്ക് സ്പേസും

ഹാളുകളിലോ കോണിപ്പടിയുടെ ലാൻഡിങ്ങിലോ ഉള്ള ചെറിയ ഡെഡ് സ്പേസുകൾ കുട്ടികൾക്കായുള്ള സ്റ്റഡി ഏരിയയായി മാറ്റിയെടുക്കാം. ലിവിങ് റൂമിനോട് ചേർന്നുള്ള ഇത്തരം ഇടങ്ങളിൽ സ്റ്റഡി ടേബിൾ ഒരുക്കുന്നത് വഴി കുട്ടികൾ പഠിക്കുന്ന സമയത്ത് അവരുടെ കാര്യങ്ങളിൽ ശ്രദ്ധിക്കാൻ മാതാപിതാക്കൾക്ക് എളുപ്പം സാധിക്കും. ആവശ്യത്തിലധികം സ്ഥലം ഇവിടെ ലഭ്യമാണെങ്കിൽ തയ്യൽ മെഷീൻ വയ്ക്കാനോ അല്ലെങ്കിൽ വസ്ത്രങ്ങൾ ഇസ്തിരിയിടാനുള്ള അയേണിങ് ടേബിൾ ക്രമീകരിക്കാനോ ഈ ഭാഗം പ്രയോജനപ്പെടുത്താം.

കട്ടിലിനടിയിലെ ഒളിഞ്ഞിരിക്കുന്ന സ്റ്റോറേജ്

ബെഡ്റൂമുകളുടെ വലിപ്പക്കുറവ് പരിഹരിക്കാൻ ഏറ്റവും മികച്ച മാർഗ്ഗം ഫർണിച്ചറുകൾ സ്മാർട്ടായി തിരഞ്ഞെടുക്കുക എന്നതാണ്. പുതിയ കട്ടിലുകൾ വാങ്ങുമ്പോൾ അതിനടിയിൽ സ്റ്റോറേജ് ബോക്സുകൾ ഉള്ളവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ഹൈഡ്രോളിക് ജാക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് കട്ടിലിന്റെ മുകൾഭാഗം പൂർണ്ണമായി പൊക്കി ഉപയോഗിക്കാവുന്ന സ്റ്റോറേജ് കട്ടിലുകളോ, വശങ്ങളിലേക്ക് വലിപ്പുകൾ. തുറക്കാവുന്ന മോഡലുകളോ ഇന്റീരിയറിന് അനുസരിച്ച് നിർമ്മിച്ചെടുക്കാം. ഇനി നിലവിലുള്ള സാധാരണ കട്ടിലുകളാണെങ്കിൽ പോലും അവയ്ക്കടിയിൽ കൃത്യമായി വെക്കാവുന്ന പ്ലാസ്റ്റിക് അല്ലെങ്കിൽ വുഡൻ ബോക്സുകൾ വാങ്ങി സാധനങ്ങൾ സൂക്ഷിക്കാം. കോണിപ്പടികളിൽ ചാനലുകൾ പിടിപ്പിച്ചു വലിപ്പുകൾ നിർമ്മിക്കുന്നത് പോലെ കട്ടിലിനടിയിലും സ്ലൈഡിങ് വലിപ്പുകൾ പിന്നീട് പിടിപ്പിക്കാവുന്നതേയുള്ളൂ.

 ഇങ്ങനെ വീടിനുള്ളിലെ ഡെഡ് സ്പേസുകളെ കൃത്യമായി തിരിച്ചറിഞ്ഞ് പ്രയോജനപ്പെടുത്തുമ്പോൾ വിസ്തീർണം കൂടുക മാത്രമല്ല, വീടിന്റെ ലുക്ക് തന്നെ കൂടുതൽ മോഡേൺ ആയി മാറുകയും ചെയ്യും. ഭവനത്തിന്റെ മുക്കും മൂലയും സ്മാർട്ടയി മാറ്റിയെടുക്കാൻ വലിയ ചെലവുകൾ ആവശ്യമില്ല കൃത്യമായ പ്ലാനിംഗും അല്പം ക്രിയേറ്റിവിറ്റിയും മാത്രം മതി.

Frequently Asked Questions

വീടിനുള്ളിൽ കാര്യമായ ഉപയോഗമില്ലാതെ കിടക്കുന്ന മുക്കുകളും മൂലകളും, ഗോവണിയുടെ അടിഭാഗം, കട്ടിലിനടിയിലെ സ്ഥലം തുടങ്ങിയവയാണ് ഡെഡ് സ്പേസ് എന്ന് പറയുന്നത്.
ടെറസ് സ്പേസ് ഹോം തിയറ്റർ, ഹോം ജിം, ഹോബി സ്റ്റുഡിയോ, കുട്ടികളുടെ ഗെയിം ഏരിയ അല്ലെങ്കിൽ യൂട്ടിലിറ്റി സ്റ്റോറേജ് ഏരിയയായി മാറ്റാം.
ഗോവണിയുടെ താഴെയുള്ള ഭാഗം സ്റ്റോറേജ് കബോർഡുകൾ, ഇൻഡോർ ഗ്രീൻ സ്പേസ്, പ്രാർത്ഥനാ മുറി അല്ലെങ്കിൽ ഉപകരണങ്ങൾ സൂക്ഷിക്കുന്ന ഇടമായി മാറ്റാം.
കട്ടിലിനടിയിലെ സ്റ്റോറേജ് ബോക്സുകൾ, ഹൈഡ്രോളിക് സ്റ്റോറേജ് ബെഡുകൾ, സ്ലൈഡിങ് ഡ്രോയറുകൾ എന്നിവ ഉപയോഗിച്ച് ചെറിയ വീടുകളിൽ കൂടുതൽ സ്ഥലം കണ്ടെത്താം.
Share this post