• Chinju MA
  • 03 Feb 2026

ഭൂമി വാങ്ങാൻ പോവുകയാണോ? ഈ ഒരു കണക്ക് പിഴച്ചാൽ ലക്ഷങ്ങൾ നഷ്‌ടം! അറിയണം ന്യായവില/Fair Value വിനെക്കുറിച്ച്


ഓരോ മനുഷ്യരുടെയും സ്വപ്നമാണ് സ്വന്തമായൊരു തുണ്ട് ഭൂമിയും അതിലൊരു വീടും. എന്നാൽ ഇഷ്ടപ്പെട്ട സ്ഥലം കണ്ടെത്തിക്കഴിഞ്ഞാൽ പിന്നെ നമ്മെ കുഴപ്പിക്കുന്ന ഒന്നാണ് അതിന്റെ നിയമവശങ്ങളും സാമ്പത്തിക കണക്കുകൂട്ടലുകളും. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതും എന്നാൽ പലപ്പോഴും വേണ്ടത്ര ഗൗരവം നൽകാത്തതുമായ ഒന്നാണ് ഭൂമിയുടെ 'ന്യായവില' അഥവാ 'Fair Value'. ആധാരമിടപാടുകൾ തടസ്സമില്ലാതെ നടക്കാനും അധികച്ചെലവുകൾ ഒഴിവാക്കാനും ഈ സർക്കാർ നിശ്ചയിക്കുന്ന ഈ വിലയെക്കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കേണ്ടതുണ്ട്. എന്തെന്നാൽ ഇത് കേവലം ഒരു തുക മാത്രമല്ല, നിങ്ങളുടെ വസ്തു ഇടപാടുകളുടെ നിയമപരമായ അടിത്തറകൂടിയാണ്. എന്താണ് ന്യായവില, അത് എങ്ങനെ കണ്ടെത്താം, ഒരു റിയൽ എസ്റ്റേറ്റ് ഇടപാടിൽ ഇതിന്റെ പ്രാധാന്യം എന്ത് – നമുക്ക് വിശദമായി നോക്കാം.

എന്താണ് ഭൂമിയുടെ ന്യായവില?


സംസ്ഥാന സർക്കാർ ഒരു പ്രത്യേക സ്ഥലത്തെ ഭൂമിക്ക് നിശ്ചയിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ വിലയാണ് ന്യായവില (Fair Value). നിങ്ങളുടെ ഭൂമി വാങ്ങുകയോ വിൽക്കുകയോ ചെയ്യുമ്പോൾ ആധാരം രജിസ്റ്റർ ചെയ്യാനാവശ്യമായ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും കണക്കാക്കുന്നത് ഈ ന്യായവിലയുടെ അടിസ്ഥാനത്തിലാണ്. അതായത്, ന്യായവിലയേക്കാൾ കുറഞ്ഞ ഒരു തുകയ്ക്ക് നിങ്ങൾക്ക് ഭൂമി രജിസ്റ്റർ ചെയ്യാൻ കഴിയില്ല.

ന്യായവിലയുടെ പ്രധാന്യം 


ന്യായവില ഉള്ളതുകൊണ്ട് ഭൂമിയുടെ വിലയിൽ ഒരു അടിസ്ഥാനപരമായ സുതാര്യത ഉറപ്പുവരുത്തുവാൻ സാധിക്കും. ഒപ്പം സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ് തുടങ്ങിയ നികുതികൾ ന്യായവിലയുടെ അടിസ്ഥാനത്തിൽ കണക്കാക്കുന്നതിനാൽ സർക്കാരിന് കൃത്യമായ വരുമാനം ലഭിക്കും. ഭൂമിയുടെ വിലയെച്ചൊല്ലിയുണ്ടാകാവുന്ന തർക്കങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാനും ഇത് സഹായിക്കുന്നു. ഭവന വായ്പകൾക്ക് അപേക്ഷിക്കുമ്പോഴും ബാങ്കുകൾ ന്യായവില ഒരു പ്രധാന മാനദണ്ഡമായി കണക്കാക്കാറുണ്ട്. 


നിങ്ങളുടെ ഭൂമിയുടെ ന്യായവില എങ്ങനെ കണ്ടെത്താം?


വളരെ ലളിതമായി ഓൺലൈനിലൂടെ നിങ്ങളുടെ ഭൂമിയുടെ ന്യായവില കണ്ടെത്താൻ സാധിക്കും. അതിനായി.കേരള സർക്കാരിന്റെ രജിസ്ട്രേഷൻ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ igr.kerala.gov.in സന്ദർശിക്കുക. വെബ്സൈറ്റിൽ 'Click here to search Fair Value of Land' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് നിങ്ങളുടെ ഭൂമി സ്ഥിതി ചെയ്യുന്ന ജില്ല, ആർ.ഡി.ഒ (Revenue Divisional Officer), താലൂക്ക്, വില്ലേജ് എന്നിവ തിരഞ്ഞെടുക്കുക. കൃഷിഭൂമി, വാണിജ്യ ഭൂമി, പാർപ്പിട ഭൂമി എന്നിങ്ങനെയുള്ള തരം തിരഞ്ഞെടുക്കാം. ഇത് നൽകിയില്ലെങ്കിൽ പോലും ആ സർവ്വേ നമ്പറിലെ എല്ലാ വിഭാഗങ്ങളുടെയും വില കാണാൻ സാധിക്കും. നിങ്ങളുടെ ഭൂമിയുടെ ബ്ലോക്ക് നമ്പർ, സർവ്വേ നമ്പർ, സബ് ഡിവിഷൻ നമ്പർ എന്നിവ കൃത്യമായി നൽകുക. (ഈ വിവരങ്ങൾ നിങ്ങളുടെ കൈവശമുള്ള ആധാരത്തിന്റെ ഷെഡ്യൂൾ ഭാഗത്തോ കരമടച്ച രസീതിലോ ലഭ്യമാകും). ആവശ്യമായ വിവരങ്ങൾ നൽകി 'Get Fair Value' എന്ന ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങളുടെ ഭൂമിയുടെ ന്യായവില സ്ക്രീനിൽ തെളിയും.  


നിങ്ങളുടെ ഭൂമിക്ക് ഏത് തരം റോഡ് സൗകര്യമാണ് ഉള്ളത് (ദേശീയ പാത, സംസ്ഥാന പാത, ജില്ലാ റോഡ്, പഞ്ചായത്ത് റോഡ്, അല്ലെങ്കിൽ വാഹന സൗകര്യമില്ലാത്ത വഴി) എന്നതിനനുസരിച്ച് ന്യായവിലയിൽ വ്യത്യാസം വരും. ന്യായവില കാണിക്കുന്നത് സാധാരണയായി 'ആർ' (Are) എന്ന യൂണിറ്റിലാണ്. ഒരു 'ആർ' എന്നത് 2.47 സെന്റിന് തുല്യമാണ്. നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് ഇത് സെന്റിലേക്ക് മാറ്റാവുന്നതാണ്.

 

ഓൺലൈനിൽ ന്യായവില ലഭ്യമല്ലെങ്കിൽ എന്തുചെയ്യും?


ചില പഴയ സർവ്വേ നമ്പറുകളിലുള്ള ഭൂമിക്ക് ഓൺലൈനിൽ ന്യായവില ലഭ്യമായിരിക്കില്ല. അത്തരം സാഹചര്യങ്ങളിൽ, ഭൂവുടമകൾക്ക് ബന്ധപ്പെട്ട ആർ.ഡി.ഒയ്ക്ക് അപേക്ഷ നൽകാവുന്നതാണ്. ആർ.ഡി.ഒയുടെ നിർദ്ദേശപ്രകാരം വില്ലേജ് ഓഫീസർ സ്ഥലം പരിശോധിച്ച്, സമീപത്തുള്ള മറ്റ് ഭൂമികളുടെ ന്യായവില പരിഗണിച്ച് ഒരു റിപ്പോർട്ട് നൽകുകയും, അതിനുശേഷം ന്യായവില ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും.


ഭൂ നിയമങ്ങൾ ഇത്രയും കർശനമായ ഇക്കാലത്ത് ന്യായവിലയെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെ ഒരു റിയൽ എസ്റ്റേറ്റ് ഇടപാടിലേക്ക് കടക്കുന്നത് സാമ്പത്തിക നഷ്ടങ്ങൾക്കും നിയമപരമായ പ്രശ്നങ്ങൾക്കും ഇടയാക്കും. അതിനാൽ, ഏത് ഭൂമി ഇടപാടിനും മുൻപ് അതിന്റെ ന്യായവില പരിശോധിച്ച് ഉറപ്പുവരുത്തുന്നത് വളരെ മികച്ച ഒരു തീരുമാനം തന്നെ ആയിരിക്കും.

Share this post