- Chinju MA
- 24 Aug 2026
ഇതറിയാതെ കിച്ചൺ കാബിനറ്റ് പണിയരുത്! പ്ലൈവുഡ് ആണോ WPC ആണോ നല്ലത്? അബദ്ധം ഒഴിവാക്കാൻ അറിഞ്ഞിരിക്കാൻ ചില കാര്യങ്ങൾ
വീടിന്റെ ഹൃദയമാണ് അടുക്കള. അതുകൊണ്ടുതന്നെ ഒരു വീടു പണി പൂർത്തിയാക്കുമ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധയും പണവും ചെലവാക്കുന്നതും അടുക്കളയുടെ കാര്യത്തിലാണ്. അടുക്കളയുടെ ഭംഗിയും കാര്യക്ഷമതയും നിശ്ചയിക്കുന്നതിൽ കാബിനറ്റുകൾക്ക് വലിയ പങ്കുണ്ട്. എന്നാൽ, വിപണിയിലെ വൈവിധ്യമാർന്ന മെറ്റീരിയലുകൾക്കിടയിൽ ഏത് തിരഞ്ഞെടുക്കണമെന്നത് പലർക്കും വലിയൊരു ആശയക്കുഴപ്പമാണ്. കൃത്യമായ അറിവില്ലാതെ നടത്തുന്ന തിരഞ്ഞെടുപ്പുകൾ ഭാവിയിൽ വലിയ സാമ്പത്തിക നഷ്ടത്തിനും അതോടൊപ്പം അനാവശ്യമായ തലവേദനകൾക്കും കാരണമായേക്കാം. അടുക്കളയുടെ കാബിനറ്റുകൾക്കായി മെറ്റീരിയലുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ താഴെ പറയുന്നവയാണ്.
WPCയും മൾട്ടിവുഡും: ഗുണവും ദോഷവും
ഇന്നത്തെ കാലത്ത് കിച്ചൺ കാബിനറ്റുകൾക്ക് WPC (Wood Plastic Composite), മൾട്ടിവുഡ് എന്നിവ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഇവയുടെ പ്രധാന ഗുണം വെള്ളം തട്ടിയാലും കേടുപാടുകൾ സംഭവിക്കില്ല എന്നതാണ്. എന്നാൽ, ഇവ പ്ലാസ്റ്റിക് അംശമുള്ളവ ആയതുകൊണ്ട് തന്നെ ചില പരിമിതികളുമുണ്ട്. WPC-യുടെ പ്രധാന പോരായ്മ ഇതിന്റെ 'സ്ക്രൂ ഹോൾഡിങ് കപ്പാസിറ്റി' കുറവാണ് എന്നതാണ്. അതായത്, സ്ക്രൂകൾ കാലക്രമേണ ഇളകിപ്പോരാൻ സാധ്യതയുണ്ട്.
കൂടാതെ, വിപണിയിൽ ഇവയുടെ ഗുണനിലവാരം അളക്കാൻ കൃത്യമായ മാനദണ്ഡങ്ങളോ, പ്ലൈവുഡിന് ലഭിക്കുന്നത് പോലുള്ള സർട്ടിഫിക്കേഷനുകളോ ലഭ്യമല്ല. അതിനാൽ വിലക്കുറവ് മാത്രം നോക്കി ഇവ തിരഞ്ഞെടുക്കുന്നത് പണി ചോദിച്ചു വാങ്ങുന്നതിന് തുല്യമാണ്. നിലവാരമുള്ള WPC-കൾക്ക് ചതുരശ്രയടിക്ക് ഏകദേശം 160 രൂപ മുതലാണ് വില ആരംഭിക്കുന്നത്.
പ്ലൈവുഡ് തിരഞ്ഞെടുക്കുമ്പോൾ
ഇന്നും ഇന്ത്യൻ അടുക്കളകളിൽ ഏറ്റവും വിശ്വസ്തനായി തുടരുന്നത് പ്ലൈവുഡ് തന്നെയാണ്. എന്നാൽ, ഇവിടെയും വിപണിയിൽ പല നിലവാരത്തിലുള്ള പ്ലൈവുഡുകൾ ലഭ്യമാണ്. വെറും ഗ്യാരന്റി കാർഡുകൾ മാത്രം നോക്കാതെ, വിശ്വാസ്യതയുള്ള ബ്രാൻഡുകളെ തന്നെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. 'ഇംപോർട്ടഡ് പ്ലൈവുഡ്' എന്ന പേരിൽ കുറഞ്ഞ നിലവാരമുള്ളവ വിറ്റഴിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക.
അടുക്കളയ്ക്കായി തിരഞ്ഞെടുക്കുമ്പോൾ 710 ഗ്രേഡിലുള്ള 'ഗർജൻ പ്ലൈവുഡ്' (Gurjan Plywood) നിർബന്ധമായും ഉറപ്പാക്കക. ഇവയ്ക്ക് BWP (Boiling Water Proof) അഥവാ തിളയ്ക്കുന്ന വെള്ളത്തെ പ്രതിരോധിക്കാനുള്ള കഴിവുണ്ടായിരിക്കും. സെഞ്ച്വറി, മറീനോ, മിക്കാസ, ഗ്രീൻ തുടങ്ങിയ പ്രശസ്ത ബ്രാൻഡുകൾ വിപണിയിൽ ലഭ്യമാണ്. നിലവാരമുള്ള പ്ലൈവുഡിന് ഏകദേശം 150 രൂപ മുതലാണ് ചതുരശ്രയടിക്ക് വില വരുന്നത്. കൂടാതെ, MDF, HDF, HDHMR തുടങ്ങിയ മെറ്റീരിയലുകൾ പ്ലൈവുഡിനെയും WPC-യെയും അപേക്ഷിച്ച് അടുക്കളയ്ക്ക് അത്ര അനുയോജ്യമല്ല.
ഹാർഡ്‌വെയറുകളിൽ വിട്ടുവീഴ്ച വേണ്ട
കാബിനറ്റിന്റെ മെറ്റീരിയൽ മാത്രം മികച്ചതായാൽ പോരാ, അതിൽ ഉപയോഗിക്കുന്ന വിജാഗിരികളും (Hinges) ഫിറ്റിങ്‌സുകളും മികച്ച നിലവാരമുള്ളതായിരിക്കണം. വില അല്പം കൂടിയാലും 'സ്റ്റെയിൻലെസ് സ്റ്റീൽ' (SS) വിജാഗിരികൾ തന്നെ തിരഞ്ഞെടുക്കുക. ഇതിൽ തന്നെ 304 ഗ്രേഡിലുള്ള എസ്എസ് ആണോ എന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. ദീർഘകാലത്തേക്ക് അടുക്കളയുടെ ഈടുനിൽപ്പിന് ഇത് സഹായിക്കും.
ചുരുക്കത്തിൽ വീടിന്റെ സൗന്ദര്യവും പ്രവർത്തനക്ഷമതയും നിലനിർത്താൻ അടുക്കളയുടെ കാബിനറ്റ് പണി തുടങ്ങും മുൻപ് ഈ കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കണം. അറിവില്ലാതെ നടത്തുന്ന ഓരോ പരീക്ഷണവും നിങ്ങളുടെ പണവും സമയവും നഷ്ടപ്പെടുത്തിയേക്കാം. അനുഭവജ്ഞാനമുള്ളവരുടെ ഉപദേശം തേടുന്നതിനൊപ്പം, വിപണിയിലെ ട്രെൻഡുകളെക്കുറിച്ചും മെറ്റീരിയലുകളെക്കുറിച്ചുമുള്ള വ്യക്തമയ ധാരണയോടെ മാത്രം പണി തുടങ്ങുക.