• Chinju M A
  • 28 Sep 2026

ചുറ്റുമതിലിന് വലിയ തുക ചെലവാക്കേണ്ട; കുറഞ്ഞ ബജറ്റിൽ വീടിന്റെ ഭംഗി കൂട്ടാൻ ഈ വഴികൾ പരീക്ഷിക്കാം

വീടിന്റെ മുന്നിലെ കാഴ്ചയിൽ ആദ്യം ശ്രദ്ധയിൽപ്പെടുന്ന ഒന്നാണ്  ചുറ്റുമതിൽ. അതുകൊണ്ടുതന്നെ സുരക്ഷയ്ക്കും അതിർത്തി തിരിച്ചറിയുന്നതിനും മാത്രമായി അതിനെ കാണേണ്ടതില്ല. വലിയ ബജറ്റില്ലങ്കിലും വീടിന്റെ ശൈലിക്ക് ചേരുന്ന മനോഹരമായ ചുറ്റുമതിൽ ഒരുക്കാം. ഉപയോഗിക്കുന്ന വസ്തുക്കളിലും ഡിസൈനിലും അൽപം വ്യത്യസ്തമായി ചിന്തിച്ചാൽ മതി.

പഴയ നിർമാണ വസ്തുക്കൾ വീണ്ടും ഉപയോഗിക്കാം


വീട് പുതുക്കിപ്പണിയുമ്പോൾ ബാക്കിവരുന്ന വസ്തുക്കൾ വെറുതെ മാറ്റിവയ്ക്കേണ്ടതില്ല. പഴയ ഇഷ്ടിക, വെട്ടുകല്ല്, കരിങ്കല്ല്, ഓട്, തടി തുടങ്ങിയവയെല്ലാം ചുറ്റുമതിലിന്റെ ഡിസൈനിൽ ഉൾപ്പെടുത്താം. ഉപയോഗശേഷമുള്ള പിവിസി പൈപ്പുകൾ പോലും ക്രിയേറ്റീവായി ഉപയോഗിക്കാനാകും. ശരിയായ ഡിസൈനിൽ ഇവ ക്രമീകരിച്ചാൽ ചെലവ് കുറയ്ക്കുന്നതിനൊപ്പം വ്യത്യസ്തമായൊരു ലുക്ക് നൽകാനും കഴിയും.

 കല്ലും മെറ്റൽ നെറ്റും ചേർന്നൊരു പരീക്ഷണം


വളരെ സാധാരണ രീതിയിലുള്ള മതിലുകളിൽ നിന്ന് മാറിനിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് മെറ്റൽ നെറ്റ് ഉപയോഗിച്ചുള്ള ഡിസൈൻ തിരഞ്ഞെടുക്കാം. അടിത്തയിൽ ഉറപ്പിച്ച നെറ്റുകളുടെ ഇടയിൽ പെബിളുകളോ കല്ലുകളോ നിറച്ചാണ് ഇത് ഒരുക്കുന്നത്. കല്ലിന്റെ വലുപ്പത്തിനനുസരിച്ച് നെറ്റിന്റെ ഘടനയും തിരഞ്ഞെടുക്കാം. ചെടികളും ലൈറ്റുകളും കൂടി ചേർത്താൽ ലളിതമായ ഈ മതിൽ വീടിന്റെ പുറംകാഴ്ചയിൽ തന്നെ വേറിട്ടുനിൽക്കും.

 തടി പാലറ്റിൽ ഒരു നാടൻ ടച്ച്


പൂന്തോട്ടവും പച്ചപ്പുമുള്ള വീടുകൾക്ക് തടി പാലറ്റുകൾ ഉപയോഗിച്ചുള്ള വേലി നല്ലൊരു തിരഞ്ഞെടുപ്പാണ്. പ്രകൃതിയോട് ചേർന്നുനിൽക്കുന്ന രൂപമാണ് ഇതിന്റെ പ്രത്യേകത. പാലറ്റുകൾക്ക് ആവശ്യാനുസരണം പെയിന്റ് നൽകുകയോ വീടിന്റെ പുറംഭാഗത്തിന്റെ നിറവുമായി ചേർന്ന ഡിസൈൻ നൽകുകയോ ചെയ്യാം. ചെലവ് നിയന്ത്രിച്ചുകൊണ്ട് വീടിന് ഒരു നല്ല ലുക്ക് നൽകാനും ഈ രീതി സഹായിക്കും.

 പ്രീകാസ്റ്റ് തിരഞ്ഞെടുക്കാം


വേഗത്തിൽ ചുറ്റുമതിൽ പൂർത്തിയാക്കണമെങ്കിൽ പ്രീകാസ്റ്റ് സംവിധാനവും പരിഗണിക്കാം. ഫാക്ടറിയിലോ മറ്റൊരു സ്ഥലത്തോ മുൻകൂട്ടി തയാറാക്കിയ കോൺക്രീറ്റ് പാനലുകൾ സ്ഥലത്തെത്തിച്ച് സ്ഥാപിക്കുന്നതിനാൽ നിർമാണസമയം കുറയ്ക്കാം. കോൺക്രീറ്റിനൊപ്പം സ്റ്റീൽ ഉപയോഗിക്കുന്നതിനാൽ ആവശ്യമായ ഉറപ്പും ലഭിക്കും. പിന്നീട് മാറ്റം വരുത്തേണ്ട സാഹചര്യമുണ്ടായാൽ പൂർണമായി പൊളിച്ചുമാറ്റുന്നതിന് പകരം പാനലുകൾ അഴിച്ചുമാറ്റാനും സാധിക്കും.

 സാധാരണ കട്ടകൾക്കും നൽകാം പുതിയ രൂപം


ചുറ്റുമതിലിന് സിമന്റ് കട്ടകൾ തന്നെ വേണമെന്നുണ്ടെങ്കിൽ അതിലും ഡിസൈൻ പരീക്ഷിക്കാം. വ്യത്യസ്ത വലുപ്പത്തിലുള്ള കട്ടകൾ ഉപയോഗിച്ച് പാറ്റേണുകൾ ഒരുക്കുകയോ വീടിന്റെ നിറത്തോടും വാസ്തുശൈലിയോടും ചേരുന്ന ഫിനിഷിങ് നൽകുകയോ ചെയ്യാം. മതിലിന്റെ പ്രത്യേക ഭാഗങ്ങളിൽ ലൈറ്റിങ് കൂടി നൽകിയാൽ പകൽ മാത്രമല്ല, രാത്രിയിലും പുറംകാഴ്ച കൂടുതൽ ആകർഷകമാകും.

ചുറ്റുമതിലിനായി വിലകൂടിയ വസ്തുക്കൾ മാത്രം തിരഞ്ഞെടുക്കണമെന്നില്ല. വീടിന്റെ ശൈലി, ലഭ്യമായ സ്ഥലം, ബജറ്റ് എന്നിവ കണക്കിലെടുത്ത് വസ്തുക്കൾ തിരഞ്ഞെടുക്കുകയും നല്ലൊരു ഡിസൈൻ നൽകുകയും ചെയ്താൽ ലളിതമായ വസ്തുക്കൾ കൊണ്ടും ശ്രദ്ധേയമായൊരു ചുറ്റുമതിൽ ഒരുക്കാം


Frequently Asked Questions

അതെ. വീടിന്റെ ശൈലി, ലഭ്യമായ സ്ഥലം, ബജറ്റ് എന്നിവ പരിഗണിച്ച് അനുയോജ്യമായ വസ്തുക്കളും ലളിതമായ ഡിസൈനുകളും തിരഞ്ഞെടുക്കുന്നതിലൂടെ ചെലവ് നിയന്ത്രിക്കാം.
പഴയ ഇഷ്ടിക, വെട്ടുകല്ല്, കരിങ്കല്ല്, ഓട്, തടി തുടങ്ങിയ വസ്തുക്കൾ അനുയോജ്യമായ അവസ്ഥയിലാണെങ്കിൽ ചുറ്റുമതിലിന്റെ ഡിസൈനിൽ ഉൾപ്പെടുത്താം. ഉപയോഗിക്കുന്നതിന് മുമ്പ് അവയുടെ അവസ്ഥയും സുരക്ഷയും പരിശോധിക്കണം.
അതെ. ഉറപ്പുള്ള അടിത്തറയിൽ മെറ്റൽ നെറ്റ് സ്ഥാപിച്ച് അതിനുള്ളിൽ കല്ലുകളോ പെബിളുകളോ നിറച്ച് വ്യത്യസ്തമായ ചുറ്റുമതിൽ ഡിസൈൻ ഒരുക്കാം. ചെടികളും ലൈറ്റുകളും ചേർത്താൽ പുറംകാഴ്ച കൂടുതൽ ആകർഷകമാക്കാം.
പച്ചപ്പും പൂന്തോട്ടവും ഉള്ള വീടുകൾക്ക് തടി പാലറ്റ് ഉപയോഗിച്ചുള്ള വേലി ഒരു നാടൻ രൂപം നൽകാം. ആവശ്യാനുസരണം പെയിന്റ് ചെയ്യുകയും കാലാവസ്ഥയെ നേരിടാൻ അനുയോജ്യമായ സംരക്ഷണം നൽകുകയും ചെയ്യാം.
മുൻകൂട്ടി നിർമ്മിച്ച കോൺക്രീറ്റ് പാനലുകൾ സ്ഥലത്തെത്തിച്ച് സ്ഥാപിക്കുന്നതിനാൽ നിർമാണസമയം കുറയ്ക്കാൻ പ്രീകാസ്റ്റ് സംവിധാനത്തിന് സാധിക്കും. ആവശ്യമായ സാഹചര്യങ്ങളിൽ പാനലുകൾ അഴിച്ചുമാറ്റാനും കഴിയും.
ആവശ്യമായ ഉയരവും നീളവും മുൻകൂട്ടി കണക്കാക്കുക, ലഭ്യമായ വസ്തുക്കൾ പുനരുപയോഗിക്കുക, ലളിതമായ ഡിസൈൻ തിരഞ്ഞെടുക്കുക, ആവശ്യത്തിന് മാത്രം അലങ്കാര ഘടകങ്ങൾ ഉൾപ്പെടുത്തുക എന്നിവ ചെലവ് നിയന്ത്രിക്കാൻ സഹായിക്കും.
Share this post