• Chinju MA
  • 01 Jun 2026

വീടിന്റെ ഭംഗിയും മൂല്യവും കൂട്ടുന്ന കിടപ്പുമുറികൾ; നിങ്ങളുടെ മാസ്റ്റർ ബെഡ്റൂമിലുണ്ടോ ഈ കാര്യങ്ങൾ!

ഇന്നത്തെ കാലത്ത് ഒരു വീട് വാങ്ങുമ്പോഴോ പണിയുമ്പോഴോ ഉപഭോക്താക്കൾ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത് മാസ്റ്റർ ബെഡ്റൂമിന്റെ ഡിസൈനുകൾക്കാണ്. കേവലം ഉറങ്ങാനുള്ള ഒരിടം എന്നതിനപ്പുറം, വ്യക്തിഗത ആവശ്യങ്ങൾക്കും സ്വകാര്യതയ്ക്കും മുൻഗണന നൽകുന്ന ഒരിടമായാണ് ആധുനിക ഭവന വിപണി മാസ്റ്റർ ബെഡ്റൂമുകളെ അടയാളപ്പെടുത്തുന്നത്. ഓരോ മുറിയും അതിലെ അന്തേവാസികളുടെ താല്പര്യങ്ങൾക്കനുസരിച്ച് ക്രമീകരിക്കുമ്പോഴാണ് ജീവിതം കൂടുതൽ മനോഹരമാകുന്നത്. 


വല്ലപ്പോഴുമെത്തുന്ന അതിഥികൾക്കുള്ള ഗെസ്റ്റ് ബെഡ്റൂമിന്റെ സൗകര്യങ്ങളോ വലുപ്പമോ അല്ല വീടിന്റെ നാഥനും നാഥയ്ക്കുമായി ഒരുക്കുന്ന മാസ്റ്റർ ബെഡ്റൂമിന് വേണ്ടത്. ഭവനത്തിന്റെ മൂല്യം വർദ്ധിപ്പിക്കുന്നതിനൊപ്പം തന്നെ മികച്ചൊരു ലിവിങ് എക്സ്പീരിയൻസ് നൽകാൻ മാസ്റ്റർ ബെഡ്റൂം എങ്ങനെ സ്റ്റൈൽ ചെയ്യണമെന്ന് നോക്കാം.


ഭർത്താവിന്റെയും ഭാര്യയുടെയും ഇഷ്ടങ്ങളെ ഒരേപോലെ സമന്വയിപ്പിച്ചു വേണം മാസ്റ്റർ ബെഡ്റൂമിന്റെ പ്രാഥമിക ഡിസൈൻ തയാറാക്കാൻ. മുറിയിലെ എല്ലാ ഭാഗങ്ങളിലേക്കും എളുപ്പത്തിൽ കാഴ്ചയെത്തുന്ന രീതിയിലായിരിക്കണം ഇതിന്റെ സ്ഥാനം.  ദമ്പതികളുടെ ചിത്രങ്ങൾ, ഫാമിലി ഫോട്ടോകൾ, അല്ലെങ്കിൽ യാത്രകൾ പോലുള്ള രണ്ടു പേരുടെയും പൊതുവായ ഇഷ്ടങ്ങൾ വെളിവാക്കുന്ന ചിത്രങ്ങൾ എന്നിവയൊക്കെ മുറി അലങ്കരിക്കാൻ ഉപയോഗിക്കാം. ഇത്തരം ചിത്രങ്ങളും സ്കെച്ചുകളും പേഴ്സണലൈസ്ഡ് ശിൽപങ്ങളുമൊക്കെ മികച്ച രീതിയിൽ ചെയ്തു നൽകുന്ന ഓൺലൈൻ പേജുകൾ ഇന്ന് ധരാളമുണ്ട്. 


രണ്ടു പേരുടെയും വ്യക്തിപരമായ സാധനങ്ങൾ കൃത്യമായി സൂക്ഷിക്കാൻ ആവശ്യത്തിന് സ്റ്റോറേജ് സൗകര്യം മുറിയിലുണ്ടായിരിക്കണം. വസ്ത്രങ്ങൾ, മേയ്ക്കപ്പ്, ആക്സസറീസ് എന്നിവ ഇഷ്ടം പോലെ വാങ്ങിക്കൂട്ടുന്ന ഇന്നത്തെ സോഷ്യൽ മീഡിയ കാലത്ത് ഇവയെല്ലാം ഭംഗിയായി ക്രമീകരിക്കാൻ വോക്ക്-ഇൻ-വാർഡ്രോബുകളാണ് ഇപ്പോൾ ട്രെൻഡ്. ഇതിനൊപ്പം അടിമുടി കാണൻ സഹായിക്കുന്ന ഒരു മുഴുനീളൻ കണ്ണാടിയും മുറിയിൽ നിർബന്ധമായും നൽകണം. കൂടാതെ അത്യാവശ്യ സാധനങ്ങൾ കൈയെത്തും ദൂരത്ത് സൂക്ഷിക്കാൻ സഹായിക്കുന്ന സൈഡ് ടേബിളുകൾ, ഹെഡ്ബോർഡ് സ്റ്റോറേജുകൾ, സ്റ്റോറേജ് സൗകര്യമുള്ള ബെഡ് എന്നിവയും മുറിയുടെ മാറ്റുകൂട്ടും.


ഒരു വീടിന്റെ സുരക്ഷയ്ക്കും സൗകര്യത്തിനും മാസ്റ്റർ ബെഡ്റൂമുകൾ വലിയ പങ്കുവഹിക്കുന്നുണ്ട്. വീടിന് പുറത്തെ ലൈറ്റുകൾ പെട്ടെന്ന് ഓണാക്കാൻ സഹായിക്കുന്ന മാസ്റ്റർ സ്വിച്ച് ബെഡ്റൂമിൽ നിർബന്ധമായും നൽകണം.  ഇതോടൊപ്പം നൽകുന്ന അറ്റാച്ച്ഡ് ബാത്റൂമിനും ആവശ്യത്തിന് വലുപ്പവും ദമ്പതികളുടെ സാധനങ്ങൾ വെവ്വേറെ സൂക്ഷിക്കാനുള്ള കൗണ്ടർ ടോപ്പ് സൗകര്യങ്ങളും ഉണ്ടായിരിക്കണം.

ആധുനിക ഭവന ഡിസൈനുകളിൽ മാസ്റ്റർ ബെഡ്റൂമുകളോട് ചേർന്ന് ചെറിയ കോർട്‌യാർഡോ ബാൽക്കണിയോ നൽകുന്നത് പ്രീമിയം ലുക്ക് സമ്മാനിക്കും. പുറംകാഴ്ചകളും പച്ചപ്പും ആസ്വദിച്ച് ഒന്നിച്ച് ഒരു കാപ്പി കുടിക്കാനും, പുസ്തകം വായിക്കാനും, പാട്ടു കേൾക്കാനുമൊക്കെ ഈ ഇടം ഉപയോഗിക്കാം.


ചുരുക്കത്തിൽ, സൗകര്യവും ആഡംബരവും ഒരുപോലെ ഒത്തുചേരുന്ന ഒരു മാസ്റ്റർ ബെഡ്റൂം വീടിന്റെ മൊത്തത്തിലുള്ള വിപണി മൂല്യവും ഡിമാൻഡും ഇരട്ടിയാക്കുമെന്നതിൽ സംശയമില്ല. ആവശ്യങ്ങൾ കൃത്യമായി അറിഞ്ഞ് മികച്ച രീതിയിൽ ആസൂത്രണം ചെയ്താൽ മാസ്റ്റർ ബെഡ്റൂമുകളെ വീടിന്റെ ഏറ്റവും പ്രിയപ്പെട്ട കോണുകളാക്കി മാറ്റാം.

Frequently Asked Questions

മാതാപിതാക്കൾ അല്ലെങ്കിൽ വീടിന്റെ പ്രധാന താമസക്കാർ ഉപയോഗിക്കുന്ന ഏറ്റവും വലിയതും സൗകര്യപ്രദവുമായ ബെഡ്റൂമാണ് മാസ്റ്റർ ബെഡ്റൂം.
വോക്ക്-ഇൻ വാർഡ്രോബ്, അറ്റാച്ച്ഡ് ബാത്ത്റൂം, സ്റ്റോറേജ് സൗകര്യങ്ങൾ, സൈഡ് ടേബിളുകൾ, മികച്ച ലൈറ്റിംഗ് എന്നിവ മാസ്റ്റർ ബെഡ്റൂമിൽ ഉണ്ടായിരിക്കണം.
വീടിന്റെ ആകെ വിസ്തൃതിയെ ആശ്രയിച്ചാണ് മാസ്റ്റർ ബെഡ്റൂമിന്റെ വലുപ്പം തീരുമാനിക്കുന്നത്. സാധാരണയായി ഇത് മറ്റ് ബെഡ്റൂമുകളേക്കാൾ വലുതായിരിക്കും.
അതെ. പ്രകൃതിദൃശ്യങ്ങൾ ആസ്വദിക്കാനും വിശ്രമിക്കാനും കൂടുതൽ വായുസഞ്ചാരം ലഭിക്കാനും ബാൽക്കണി സഹായിക്കും.
അതെ. മികച്ച ഡിസൈനും ആധുനിക സൗകര്യങ്ങളും ഉള്ള മാസ്റ്റർ ബെഡ്റൂം വീടിന്റെ ആകർഷണവും വിപണി മൂല്യവും വർധിപ്പിക്കാൻ സഹായിക്കും.
Share this post