- Chinju MA
- 20 Apr 2026
റോഡ് സൈഡ് പ്ലോട്ടുകൾ: ലാഭകരമായ നിക്ഷേപമാണോ? വാങ്ങും മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭാവിയിൽ മൂല്യം ഇരട്ടിയാകും
കേരളത്തിൽ റോഡിനോട് ചേർന്നുകിടക്കുന്ന ഭൂമിക്ക് എപ്പോഴും ആവശ്യക്കാർ കൂടുതലാണ്. യാത്രസൗകര്യവും ഭാവിയിൽ ലഭിക്കാവുന്ന ഉയർന്ന മതിപ്പുവിലയുമാണ് ഇതിന് പ്രധാന കാരണം. എന്നാൽ റോഡ് ഫ്രണ്ട് പ്രോപ്പർട്ടികൾ വാങ്ങുമ്പോൾ പുറമെ കാണുന്ന സൗകര്യത്തിനപ്പുറം ചില സാങ്കേതിക വശങ്ങൾ കൂടി പരിശോധിച്ചില്ലെങ്കിൽ വലിയ സാമ്പത്തിക നഷ്ടവും നിയമകുരുക്കും ഉണ്ടായേക്കാം. എന്നാൽ കൃത്യമായി ശ്രദ്ധിച്ചു വാങ്ങിയാൽ ഭാവിയിലേക്കുള്ള ഒരു വലിയ മുതൽക്കൂട്ടായും ആ വസ്തു മാറും. അതുകൊണ്ടുതന്നെ ഇത്തരം പ്ലോട്ടകൾ വാങ്ങുമ്പോൾ റോഡ് വികസനം പോലെ തന്നെ ഗൗരവമായി കാണേണ്ട മറ്റു ചില ഘടകങ്ങൾ കൂടിയുണ്ട് എന്ന് അറിഞ്ഞിരിക്കണം. ഒരു റിയൽ എസ്റ്റേറ്റ് നിക്ഷേപം എന്ന നിലയിലോ താമസത്തിനായോ റോഡ് ഫ്രണ്ട് പ്രോപ്പർട്ടി തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കൂടുതൽ കാര്യങ്ങൾ താഴെ പറയുന്നവയാണ്.
അറിയണം കേരള ബിൽഡിംഗ് റൂൾസ്
റോഡിന്റെ വശങ്ങളിൽ വീട് നിർമ്മിക്കുമ്പോൾ കേരള ബിൽഡിംഗ് റൂൾസ് പ്രകാരം റോഡ് സെന്ററിൽ നിന്നോ അതിർത്തിയിൽ നിന്നോ നിശ്ചിത ദൂരം വിട്ടുമാറി മാത്രമേ നിർമ്മാണം പാടുള്ളൂ. നാഷണൽ ഹൈവേ, സ്റ്റേറ്റ് ഹൈവേ, മുൻസിപ്പൽ റോഡുകൾ എന്നിവയ്‌ക്കെല്ലാം വ്യത്യസ്തമായ ദൂരപരിധികളാണ് നിശ്ചയിച്ചിരിക്കുന്നത്. വലിയ വില കൊടത്തു വാങ്ങുന്ന ചെറിയ പ്ലോട്ടാണെങ്കിൽ, ഈ നിയമങ്ങൾ പാലിച്ചു കഴിയുമ്പോൾ വീട് പണിയാൻ ആവശ്യത്തിന് സ്ഥലം ലഭിക്കാതെ വരുന്ന സാഹചര്യം ഉണ്ടാകാം. അതിനാൽ വാങ്ങുന്നതിന് മുമ്പ് ഒരു ആർക്കിടെക്റ്റിന്റെ സഹായത്തോടെ സ്കെച്ച പരിശോധിക്കുന്നത് ഉചിതമാണ്.
ഡ്രെയിനേജ് സൗകര്യങ്ങളും വെള്ളക്കെട്ടും
റോഡിനോട് ചേർന്നുള്ള പ്ലോട്ടുകളിൽ പലപ്പോഴും നേരിടേണ്ടി വരുന്ന ഒരു പ്രധാന വെല്ലുവിളിയാണ് റോഡിലെ ഓടകളിൽ നിന്നുള്ള വെള്ളം പ്ലോട്ടിലേക്ക് ഇറങ്ങുന്നത്. റോഡ് ടാർ ചെയ്ത് ഉയരുമ്പോൾ പ്ലോട്ട് താഴ്ന്നു പോകാൻ സാധ്യതയുണ്ട്. കൃത്യമായ ഡ്രെയിനേജ് സംവിധാനം പ്ലോട്ടിന് ചുറ്റുമില്ലെങ്കിൽ മഴക്കാലത്ത് വെള്ളക്കെട്ട് രൂപപ്പെടുകയും അത് വീടിന്റെ അടിത്തറയെ ബാധിക്കുകയും ചെയ്യും. മലിനജലം പ്ലോട്ടിലേക്ക് ഒഴുകുന്നില്ലെന്ന് ഉറപ്പുവരുത്താൻ ഭൂമിയുടെ സ്വാഭാവികമായ ചരിവ് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.
വൈദ്യുത ലൈനുകളും പോസ്റ്റുകളും
റോഡ് വശങ്ങളിൽ ഇലക്ട്രിക് പോസ്റ്റുകളും ഹൈ ടെൻഷൻ ലൈനുകളും കടന്നുപോകാൻ സാധ്യത കൂടുതലാണ്. പ്ലോട്ടിന് കുറുകെ ഇലക്ട്രിക് ലൈനുകൾ ഉണ്ടെങ്കിൽ വീട് പണിയുമ്പോൾ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ എൻ.ഒ.സി ആവശ്യമായി വരും. ഇത് നിർമ്മാണത്തിന് താമസം വരുത്താനും ചിലപ്പോൾ നിശ്ചിത ദൂരം കൂടി വിട്ടുമാറി പണിയേണ്ടി വരാനും കാരണമാകും. അതിനാൽ പ്ലോട്ടിന് മുന്നിലോ മുകളിലോ പോസ്റ്റുകളോ വലിയ ലൈനുകളോ ഇല്ലെന്ന് ഉറപ്പുവരുത്തുക.
ലൊക്കേഷന് മുൻഗണന നൽകുമ്പോൾ തന്നെ ഈ പ്രായോഗിക വശങ്ങൾ കൂടി തൂക്കിനോക്കിയാൽ മാത്രമേ റോഡ് സൈഡ് പ്ലോട്ടുകൾ മികച്ചൊരു ആസ്തിയായി മാറൂ.
റോഡ് സൈഡ് പ്ലോട്ടുകൾ വാങ്ങുന്നതുകൊണ്ടുള്ള ഗുണങ്ങളും നിരവധിയാണ്. താമസത്തിനും നിക്ഷേപത്തിനും ഒരുപോലെ അനുയോജ്യമായ ഇത്തരം സ്ഥലങ്ങളുടെ പോസിറ്റീവ് വശങ്ങൾ താഴെ പറയുന്നവയാണ്.
മികച്ച കണക്റ്റിവിറ്റിയും യാത്രാസൗകര്യവും
വീട്ടുപടിക്കൽ തന്നെ വാഹനങ്ങൾ എത്തുന്നതിനാൽ പ്രായമായവർക്കും കുട്ടികൾക്കും യാത്രകൾ സുഗമമാകും. അടിയന്തര സാഹചര്യങ്ങളിൽ ആംബുലൻസ് പോലുള്ള സേവനങ്ങൾ വേഗത്തിൽ ലഭ്യമാകും.
ഉയർന്ന പുനർവിൽപ്പന മൂല്യം
റിയൽ എസ്റ്റേറ്റ് നിക്ഷേപം എന്ന നിലയിൽ റോഡ് ഫ്രണ്ട് പ്രോപ്പർട്ടികൾ എപ്പോഴും ലാഭകരമാണ്. കാലപ്പഴക്കം ചെല്ലുന്തോറും ഇത്തരം ഭൂമിയുടെ വില കുതിച്ചുയരും. എപ്പോൾ വേണമെങ്കിലും എളുപ്പത്തിൽ വിറ്റഴിക്കാവുന്ന ഒരു മികച്ച നിക്ഷേപമാണിത്.
വാണിജ്യ സാധ്യതകൾ
വീടിന്റെ ഒരു ഭാഗം കടമുറികളായോ ഓഫീസായോ മാറ്റി വാടകയ്ക്ക് നൽകി അധിക വരുമാനം കണ്ടെത്താൻ സാധിക്കും.
നിർമ്മാണ പ്രവർത്തനങ്ങളിലെ ലാഭം
വീട് പണിക്കാവശ്യമായ കല്ല്, മണൽ, സിമന്റ് തുടങ്ങിയവ ലോറികളിൽ നേരിട്ട് പ്ലോട്ടിൽ ഇറക്കാം. ഇത് സാധനങ്ങൾ ചുമന്നുകയറ്റാനുള്ള ലേബർ ചാർജ് ലാഭിക്കാൻ സഹായിക്കും.
ചുരുക്കത്തിൽ, കൃത്യമായ നിയമവശങ്ങൾ പരിശോധിച്ച് വാങ്ങുകയാണെങ്കിൽ റോഡ് സൈഡ് പ്ലോട്ടുകൾ നിങ്ങളുടെ ജീവിതസൗകര്യങ്ങൾ വർദ്ധിപ്പിക്കുക മാത്രമല്ല, മികച്ചൊരു സാമ്പത്തിക സുരക്ഷിതത്വം കൂടി പ്രദാനം ചെയ്യും.