- Chinju MA
- 22 Jun 2026
മൺസൂൺ പ്രൂഫ് ഹോം: മഴക്കാലത്ത് അപകടങ്ങൾ ഒഴിവാക്കാൻ ഉറപ്പാക്കണം ഈ മുൻകരുതലുകൾ
കേരളത്തിന്റെ മൺസൂൺ കാലം പ്രകൃതിക്ക് ഭംഗിയേകുമെങ്കിലും നമ്മുടെ വീടുകളെ സംബന്ധിച്ച് കടുത്ത വെല്ലുവിളികളുടെ സമയമാണ്. അന്തരീക്ഷത്തിലെ കനത്ത ഈർപ്പം, ചുമരുകളിലെ പൂപ്പൽ ബാധ, അപ്രതീക്ഷിതമായ മേൽക്കൂര ചോർച്ച, കൊതുകുകളുടെ ശല്യം, ഷോക്കടിക്കാനുള്ള സാധ്യതകൾ തുടങ്ങി ഒട്ടനവധി പ്രശ്നങ്ങളാണ് ഈ കാലയളവിൽ ഒരു വീടിനുണ്ടാകാൻ ഇടയുള്ളത്. അത്യാധുനിക രീതിയിൽ നിർമിച്ച വീടുകൾക്കാണെങ്കിൽ പോലും കൃത്യമായ മുൻകരുതലുകൾ ഇല്ലെങ്കിൽ മഴക്കാലം കേടുപാടുകൾ വരുത്തിവെക്കും. വീടിന്റെ ദീർഘായുസ്സിനും അതിൽ താമസിക്കുന്നവരുടെ ആരോഗ്യ സംരക്ഷണത്തിനുമായി മഴ കനക്കും മുൻപ് തന്നെ നാം ചില കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ഒരു റിയൽ എസ്റ്റേറ്റ് നിക്ഷേപമെന്ന നിലയിലും തലമുറകളുടെ സ്വപ്നമെന്ന നിലയിലും നിങ്ങളുടെ ഭവനത്തെ മഴക്കാലത്ത് സുരക്ഷിതമാക്കാൻ ശ്രദ്ധിക്കേണ്ട 7 പ്രധാന കാര്യങ്ങൾ ഇനി പറയാം.
റൂഫിന്റെയും ചുമരുകളുടെയും വാട്ടർപ്രൂഫിങ്
മഴക്കാലത്ത് ഭൂരിഭാഗം വീടുകളിലും വില്ലനാകുന്നത് മേൽക്കൂരയിലെയും ഭിത്തികളിലെയും ചോർച്ചയാണ്. കനത്ത മഴ പെയ്യുന്നതിന് മുൻപ് തന്നെ ടെറസിലും സ്ലാബുകളിലും വെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുള്ള വിള്ളലുകൾ ഉണ്ടോ എന്ന് സൂക്ഷ്മമായി പരിശോധിക്കണം. കോൺക്രീറ്റ് റൂഫിന് മുകളിൽ കരിയിലകളും മറ്റ് അവശിഷ്ടങ്ങളും വീണുകിടക്കുന്നുണ്ടെങ്കിൽ അവ ഉടനടി നീക്കം ചെയ്യുക. ചോർച്ചയുള്ള ഭാഗങ്ങൾ മികച്ച ക്വാളിറ്റിയുള്ള വാട്ടർപ്രൂഫിങ് കോമ്പൗണ്ടുകൾ ഉപയോഗിച്ച് തുടക്കത്തിൽ തന്നെ സീൽ ചെയ്യാൻ ശ്രദ്ധിക്കണം.
ഭിത്തികളിലെ ഈർപ്പവും വായുസഞ്ചാരവും
പുറംചുമരുകളോട് ചേർന്ന് നിൽക്കുന്ന ഉൾഭാഗത്തെ ഭിത്തികളിലാണ് ഈർപ്പം തങ്ങിനിൽക്കാനും പെയിന്റ് അടർന്നുപോകാനും കൂടുതൽ സാധ്യതയുള്ളത്. ഇത് ചുമരുകളിൽ കറുത്ത പൂപ്പൽ പടരുന്നതിന് കാരണമാകുന്നു. ഇത് വീടിന്റെ ഭംഗി കെടുത്തുക മാത്രമല്ല മുറിക്കള്ളിലെ വായു മലിനമാക്കാനും കുട്ടികൾക്കും മുതിർന്നവർക്കും അലർജി, ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ എന്നിവ ഉണ്ടാക്കാനും ഇടയാക്കും. ഇതിനെ പ്രതിരോധിക്കാൻ മഴയില്ലാത്ത സമയങ്ങളിൽ ജനലുകളും വാതിലുകളും തുറന്നിട്ട് മുറിക്കുള്ളിൽ വായുസഞ്ചാരം ഉറപ്പാക്കുക. നനഞ്ഞ വസ്ത്രങ്ങൾ മുറിക്കുള്ളിൽ ഉണങ്ങാനിടുന്നത് പൂർണ്ണമായി ഒഴിവാക്കണം. കൂടാതെ ഭിത്തിയോട് ചേർത്തിട്ടിരിക്കുന്ന ഫർണിച്ചറുകൾ അല്പം മാറ്റിയിടുന്നത് വായു സഞ്ചാരത്തിന് സഹായിക്കും.
വെള്ളമൊഴുക്കുന്ന പൈപ്പുകളുടെ അറ്റകുറ്റപ്പണികൾ
മേൽക്കൂരയിൽ നിന്നുള്ള മഴവെള്ളം ഒഴുക്കിക്കളയുന്ന റൂഫ് ഗട്ടറുകൾ, ഡ്രെയിനേജ് പൈപ്പുകൾ എന്നിവയിൽ ചപ്പുചവറുകൾ അടിഞ്ഞുകൂടി തടസ്സമുണ്ടാകാൻ സാധ്യതയേറെയാണ്. ഇങ്ങനെ സംഭവിച്ചാൽ വെള്ളം കൃത്യമായി ഒഴിഞ്ഞുപോകാതെ റൂഫിൽ കെട്ടിക്കിടക്കുകയും വീടിനുള്ളിലേക്ക് വെള്ളം ഇറങ്ങുകയും ചെയ്യും. അതിനാൽ മഴക്കാലം ശക്തമാകുന്നതിന് മുൻപ് തന്നെ ഈ പൈപ്പുകളെല്ലാം വൃത്തിയാക്കുകയും പ്ലമ്മിങ് പണികൾ ബാക്കിയുണ്ടെങ്കിൽ അവ തീർക്കുകയും വേണം.
ഇലക്ട്രിക്കൽ വയറിങ്ങും സുരക്ഷയും
മഴക്കാലത്ത് ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ളത് വൈദ്യുത ഉപകരണങ്ങളിൽ നിന്നാണ്. സ്വിച്ച് ബോർഡുകൾ, പ്ലഗ് പോയിന്റുകൾ, വയറുകൾ എന്നിവയിലൂടെ ഈർപ്പം ഉള്ളിലേക്ക് കയറുന്നില്ലെന്ന് ഉറപ്പുവരുത്തണം. കേടുപാടുകൾ വന്ന സ്വിച്ചുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും മികച്ചൊരു ഇലക്ട്രീഷ്യന്റെ സഹായത്തടെ വേഗത്തിൽ മാറ്റിസ്ഥാപിക്കുക. വീടിന് പുറത്തുള്ള എക്സ്റ്റൻഷൻ കോർഡുകളിലും പ്ലഗ് പോയിന്റുകളിലും മഴവെള്ളം നേരിട്ട് അടിക്കാത്ത രീതിയിൽ സംരക്ഷണം നൽകണം. പവർകട്ട് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇൻവെർട്ടർ ബാക്കപ്പും എമർജൻസി ലൈറ്റുകളും ചാർജ് ചെയ്ത് പ്രവർത്തനക്ഷമമാക്കി വെക്കുക.
മരഫർണിച്ചറുകളുടെ സംരക്ഷണം
അന്തരീക്ഷത്തിലെ ഉയർന്ന ഹ്യുമിഡിറ്റി വിലകൂടിയ തേക്ക്, ഈട്ടി തുടങ്ങിയ മരഫർണിച്ചറുകളെ പെട്ടെന്ന് ബാധിച്ചേക്കാം. മഴക്കാലം ആരംഭിക്കുന്നതിന് തൊട്ടുമുൻപ് വാട്ടർ റെസിസ്റ്റന്റ് പോളിഷോ സീലന്റോ ഉപയോഗിച്ച് ഫർണിച്ചറുകൾ കോട്ട് ചെയ്യുന്നത് ഇവയുടെ ആയുസ്സ് വർദ്ധിപ്പിക്കും. മര ഉരുപ്പടികൾ ഇട്ടിരിക്കുന്ന മുറികളിൽ നനവ് തങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. എവിടെയെങ്കിലും ഫംഗസ് ബാധ കണ്ടാൽ ഉടൻ തന്നെ അനുയോജ്യമായ ക്ലീനിങ് ലായനികൾ ഉപയോഗിച്ച് അത് തുടച്ചുമാറ്റേണ്ടതാണ്.
വീടും പരിസരവും; കൊതുക് നിർമ്മാർജ്ജനം
മഴക്കാല രോഗങ്ങളെ അകറ്റിനിർത്താൻ വീട്ടുപരിസരങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം പൂർണ്ണമായി ഒഴിവാക്കണം. പൂച്ചട്ടികളുടെ അടിയിലെ പ്ലേറ്റുകൾ, പഴയ ടയറുകൾ, ചിരട്ടകൾ, ടെറസിന്റെ മൂലകൾ എന്നിവയിൽ വെള്ളം കെട്ടിനിന്ന് കൊതുകുകൾ മുട്ടയിട്ട് പെരുകാൻ സാധ്യതയുണ്ട്. കിണറുകളും വാട്ടർ ടാങ്കുകളും സുരക്ഷിതമായി മൂടിവെക്കുക. വീടിന് ചുറ്റുമുള്ള കാടുകൾ വെട്ടിത്തെളിച്ച് വൃത്തിയാക്കുന്നത് വഴി കൊതുകുകളെ മാത്രമല്ല, മഴ നനയാതിരിക്കാൻ വീടിനുള്ളിലേക്ക് കയറാൻ സാധ്യതയുള്ള വിഷപ്പാമ്പുകളെയും ഇഴജന്തുക്കളെയും പ്രതിരോധിക്കാൻ സാധിക്കും.
തുണികളും ബെഡ്ഷീറ്റുകളും ദുർഗന്ധമില്ലാതെ സൂക്ഷിക്കാം
തുടർച്ചയായി മഴ പെയ്യുമ്പോൾ വസ്ത്രങ്ങൾക്കും കിടക്കവിരികൾക്കും ഒരു പ്രത്യേകതരം പുകച്ചുവയോ ദുർഗന്ധമോ വരുന്നത് സാധാരണമാണ്. വസ്ത്രങ്ങൾ നൂറു ശതമാനം ഉണങ്ങിയെന്ന് ഉറപ്പായ ശേഷം മാത്രം അലമാരകളിൽ മടക്കിവെക്കുക. അലമാരകൾ ഇടയ്ക്കിടെ കുറച്ചുസമയം തുറന്നിടുന്നത് വായു സഞ്ചാരത്തിന് നല്ലതാണ്. ചെറിയ രീതിയിൽ വെയിൽ തെളിയുന്ന സമയങ്ങളിൽ ബെഡ്ഷീറ്റുകളും തലയിണകളും വെയിലത്തിട്ട് ഉണക്കിയെടുത്താൽ ദുർഗന്ധവും ഈർപ്പവും പൂർണ്ണമായി മാറ്റിയെടുക്കാം.