കറന്റ് ബിൽ കുറയ്ക്കാൻ മാർഗങ്ങൾ തേടുന്നുണ്ടോ? വീടിന്റെ ശരിയായ ദിശ, ക്രോസ് വെന്റിലേഷൻ, ജനലുകളുടെ ക്രമീകരണം, സൺഷേഡുകൾ, മരങ്ങൾ എന്നിവ വൈദ്യുതി ഉപയോഗം കുറയ്ക്കാൻ സഹായിക്കും.

മാസാമാസം വീട്ടിലെത്തുന്ന കറന്റ് ബിൽ കണ്ട് ഞെട്ടാറുണ്ടോ? എസിയും ഫാനുകളും അമിതമായി ഉപയോഗിക്കുന്നത് കൊണ്ടാകും ബിൽ കൂടുന്നത് എന്ന് വിചാരിച്ചാൽ തെറ്റി. നിങ്ങളുടെ വീട് സ്ഥിതി ചെയ്യുന്ന ദിശയായിരിക്കാം അതിന് പിന്നിലെ യഥാർത്ഥ വില്ലൻ! വീടിന്റെ ഓറിയന്റേഷൻ അഥവാ ദിശ കൃത്യമല്ലാത്തപ്പോൾ, പുറത്തെ കഠിനമായ ചൂട് വീടിനുള്ളിലേക്ക് കടന്നുകയറുന്നു. ഈ ചൂട് പുറത്തുപോകാൻ വഴിയില്ലാത്തതുകൊണ്ട് മുറികൾ ഒരു 'ഓവൻ' പോലെ മാറുകയും, തൽഫലമായി നിങ്ങളുടെ ഫാനുകളും എസികളും വിശ്രമമില്ലാതെ ഓടി വൈദ്യുതി ബില്ല് കുത്തനെ ഉയർത്തകയും ചെയ്യുന്നു. വീട് പണി തുടങ്ങുന്നതിന് മുൻപ് ഈ ലളിതമായ ഊർജ്ജതന്ത്രം ശ്രദ്ധിച്ചാൽ, വർഷാവർഷം ലാഭിക്കാൻ പോകുന്നത് വലിയൊരു തുകയാണ്.
നമ്മുടെ കാലാവസ്ഥയിൽ പടിഞ്ഞാറ് ദിശയിൽ നിന്നുള്ള ഉച്ചവെയിൽ വീടിന്റെ താപനില കുത്തനെ ഉയർത്തുന്നു. പടിഞ്ഞാറൻ ഭിത്തികൾ പകൽ മുഴുവൻ ചൂട് ആഗിരണം ചെയ്ത് വെക്കുകയും രാത്രിയിൽ അത് വീടിനുള്ളിലേക്ക് തുറന്നുവിടുകയും ചെയ്യുന്നു. ഇത് മെക്കാനിക്കൽ കൂളിംഗ് സംവിധാനങ്ങളുടെ അമിത ഉപയോഗത്തിന് കാരണമാകുന്നു.
കിഴക്ക് ദിശ :അതിരാവിലെയുള്ള മൃദുവായ വെളിച്ചം ലഭിക്കാൻ കിഴക്ക് ഭാഗത്ത് ജനലുകൾ നൽകുന്നത് നല്ലതാണ്. ഇത് പകൽസമയത്ത് ലൈറ്റുകൾ ഇല്ലാതെ തന്നെ വീടിനുള്ളിൽ ആവശ്യത്തിന് പ്രകാശം ലഭിക്കാൻ സഹായിക്കും.
വടക്ക് ദിശ: നേരിട്ടല്ലാത്ത പ്രകാശം ലഭിക്കുന്ന വടക്ക് വശത്ത് കൂടുതൽ ജനലുകൾ നൽകുന്നത് മുറികളിൽ ചൂട് കൂടാതെ തന്നെ പകൽ വെളിച്ചം നിലനിർത്താൻ സഹായിക്കും.
തെക്ക് - പടിഞ്ഞാറ് പ്രതിരോധം: കഠിനമായ വെയിൽ നേരിട്ട് ഏൽക്കുന്ന ഭാഗങ്ങളിൽ വരാന്തകൾ പണിയുന്നത് ഒരു 'തെർമൽ ബഫർ' ആയി പ്രവർത്തിക്കും. ഇത ഭിത്തികൾ നേരിട്ട് ചൂടാകുന്നത് തടയുന്നു.
വെയിൽ കുറയ്ക്കുന്നതിനൊപ്പം തന്നെ പ്രധാനമാണ് വീടിനുള്ളിലെ വായുസഞ്ചാരം. ഇതിനായി 'ക്രോസ് വെന്റിലേഷൻ' അത്യന്താപേക്ഷിതമാണ്. കാറ്റ് കടന്നുപോകാൻ പാകത്തിൽ വാതിലുകളും ജനലുകളും ക്രമീകരിക്കുന്നത് വീടിനുള്ളിലെ ഈർപ്പവും ചൂടും കുറയ്ക്കാൻ സഹായിക്കും. കൃത്യമായ വായുപ്രവാഹം ഉണ്ടെങ്കിൽ വീട് സ്വാഭാവികമായി തന്നെ തണുത്തിരിക്കും, ഇത് വൈദ്യുതി ഉപകരണങ്ങളുടെ അമിത ഉപയോഗം കുറയ്ക്കുന്നു.
വീടിന് ചുറ്റും മരങ്ങൾ നട്ടുപിടിപ്പിക്കുന്നത് സൂര്യതാപം തടയാൻ മികച്ച വഴിയാണ്.
ജനലുകൾക്ക് മുകളിൽ സൺഷേഡുകൾ നൽകുന്നത് നേരിട്ടുള്ള വെയിലിനെ പ്രതിരോധിക്കും.
നിഴൽ നൽകുന്ന ചെടികളും മരങ്ങളും പ്രകൃതിദത്തമയ എയർ കണ്ടീഷണറായി പ്രവർത്തിക്കുന്നു.
ചുരുക്കത്തിൽ വീടിന്റെ ദിശ നിശ്ചയിക്കുമ്പോൾ സൗന്ദര്യത്തിനൊപ്പം തന്നെ ഇത്തരം ശാസ്ത്രീയമായ വശങ്ങൾ കൂടി പരിഗണിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ലാഭകരമാണ്. കുറഞ്ഞ വൈദ്യുതി ബില്ലും, വർഷം മുഴുവൻ സുഖകരമായ താമസവും ലഭിക്കാൻ ഒരു വീട് പണിക്കു മുൻപ് അതിന്റെ 'ഓറിയന്റേഷൻ' കൃത്യമായി പ്ലാൻ ചെയ്യുക. ഒരു നല്ല വീട് എന്നത് പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന ഒന്നായിരിക്കണം.

