- Chinju MA
- 29 Sep 2025
റിയൽ എസ്റ്റേറ്റ് മേഖലയിൽ വീണ്ടും വീണ്ടും ഹിറ്റടിച്ച് ബോളിവുഡ് താരങ്ങൾ: ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് നേടിയത് കോടികളുടെ വരുമാനം
ബോളിവുഡ് താരങ്ങളുടെ മിന്നുന്ന ലോകം വെള്ളിത്തിരയിൽ ഒതുങ്ങുന്നില്ല. അഭിനയ ജീവിതത്തിനൊപ്പം തന്നെ തങ്ങളുടെ സാമ്പത്തിക ഭാവിക്കും കരുത്ത് പകർന്നുകൊണ്ട് റിയൽ എസ്റ്റേറ്റ് ലോകത്തും തരംഗമാവുകയാണ് പ്രമുഖ മുഖങ്ങൾ. മുംബൈയിലെ റിയൽ എസ്റ്റേറ്റ് വിപണിയുടെ വളർച്ചയെ മുതലെടുത്ത് കോടികളുടെ ലാഭമാണ് പലരും ഇപ്പോൾ സ്വന്തമാക്കുന്നത്. പല കാലങ്ങളിലായി നിക്ഷേപമെന്ന നിലയിൽ വാങ്ങിയ വീടുകളും വാണിജ്യ സ്ഥാപനങ്ങളും വലിയ തുകയ്ക്ക് മറിച്ചുവിറ്റ് ഈ മേഖലയിൽ ഒരു പുതിയ ട്രെൻഡിനാണ് താരങ്ങൾ ഇപ്പോൾ തുടക്കമിട്ടിരിക്കുന്നത്.
നടിയും നർത്തകിയുമായ മലൈക അറോറയും നടൻ ടൈഗർ ഷ്രോഫും ഈ പട്ടികയിലെ ഏറ്റവും പുതിയ ഉദാഹരണങ്ങളാണ്. ഇരുവരും തങ്ങളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ആഡംബര അപ്പാർട്ട്മെന്റുകൾ വൻ ലാഭത്തിൽ വിറ്റഴിച്ചിരിക്കുകയാണ്.
- ആറുവർഷംകൊണ്ട് മൂന്ന് കോടിക്കടുത്ത് ലാഭംകൊയ്ത് മലൈക
അന്ധേരി വെസ്റ്റിലെ ലോഖണ്ഡവാല കോംപ്ലക്സിലുള്ള തന്റെ അപ്പാർട്ട്മെന്റ് വിറ്റാണ് മലൈക റിയൽ എസ്റ്റേറ്റ് രംഗത്ത് ശ്രദ്ധേയമായ ലാഭം നേടിയത്. 2018-ൽ 2.04 കോടി രൂപയ്ക്ക് സ്വന്തമാക്കിയ ഈ അപ്പാർട്ട്മെന്റ് ഇപ്പോൾ 5.3 കോടി രൂപയ്ക്കാണ് വിറ്റത്. വെറും ആറ് വർഷം കൊണ്ട് 62 ശതമാനത്തിന്റെ വർധനയാണ് ഈ അപ്പാർട്ട്മെന്റിന്റെ മൂല്യത്തിലുണ്ടായത്. 1369 ചതുരശ്ര അടി കാർപെറ്റ് ഏരിയയും 1643 ചതുരശ്ര അടി ബിൽറ്റ്-അപ്പ് ഏരിയയുമുള്ള ഈ ഫ്ലാറ്റ് അതേ കെട്ടിടത്തിലെ താമസക്കാർ തന്നെയാണ് വാങ്ങിയത്. സ്റ്റാമ്പ് ഡ്യൂട്ടിയായി 31.08 ലക്ഷം രൂപയും രജിസ്ട്രേഷൻ ഫീസായി 30,000 രൂപയും പുതിയ ഉടമകൾ നൽകിയിട്ടുണ്ട്. ഒരു ചതുരശ്ര അടിക്ക് 33,150 രൂപ എന്ന നിലയിലാണ് അന്ധേരി വെസ്റ്റിലെ നിലവിലെ ശരാശരി വില.
- അപ്പാർട്ട്മെന്റ് വിറ്റ് ടൈഗർ ഷ്രോഫ് നേടിയത് 4 കോടി
ടൈഗർ ഷ്രോഫിന്റെ കാര്യത്തിലും കണക്കുകൾ അമ്പരപ്പിക്കുന്നതാണ്. മുംബൈയിലെ ഖാറിലുള്ള തന്റെ ആഡംബര അപ്പാർട്ട്മെന്റ് 15.6 കോടി രൂപയ്ക്കാണ് താരം വിറ്റത്. 2018-ൽ 11.6 കോടി രൂപയ്ക്ക് വാങ്ങിയ ഈ ഫ്ലാറ്റിൽ നിന്ന് ഏഴ് വർഷം കൊണ്ട് 4 കോടി രൂപയുടെ ലാഭമാണ് ടൈഗർ ഷ്രോഫ് നേടിയത്. മഹാരാഷ്ട്ര രജിസ്ട്രേഷൻ വെബ്സൈറ്റിൽ ഈ മാസം രേഖപ്പെടുത്തിയ ഇടപാടനുസരിച്ച് 93.6 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടിയും 30,000 രൂപ രജിസ്ട്രേഷൻ ചാർജും പുതിയ ഉടമ നൽകിയിട്ടുണ്ട്. 1989 ചതുരശ്ര അടി കാർപെറ്റ് ഏരിയയും 2182 ചതുരശ്ര അടി ബിൽറ്റ്-അപ്പ് ഏരിയയുമുണ്ട് ഈ ഫ്ലാറ്റിന്. മൂന്ന് കാർ പാർക്കിങ് സ്ലോട്ടുകളും ഇതിനൊപ്പം ലഭിക്കും.
കെട്ടിടത്തിലെ താമസക്കാരിൽ ഒരാൾ തന്നെയാണ് ഈ അപ്പാർട്ട്മെന്റ് സ്വന്തമാക്കിയിരിക്കുന്നത്.
ചുരുക്കത്തിൽ, ബോളിവുഡ് താരങ്ങൾ ഇന്ന് അഭിനയത്തിൽ മാത്രം ഒതുങ്ങാതെ റിയൽ എസ്റ്റേറ്റ് വിപണി വഴിയും ഇരട്ടി വരുമാനം സ്വന്തമാക്കുകയാണ് എന്ന് തന്നെ പറയാം. ട്രെൻഡ് അനുസരിച്ച സ്ഥലങ്ങൾ വാങ്ങിക്കൂട്ടി ഒരു കൂട്ടർ വില്പനയിലൂടെ കോടികൾ നേടുമ്പോൾ മറ്റു ചില താരങ്ങൾ വിപണി ഇനിയും ഉയർന്നേക്കുമെന്ന പ്രതീക്ഷയിൽ പുതിയ നിക്ഷേപങ്ങൾ തുടർച്ചയായി നടത്തുന്ന തിരക്കിലാണ്.
Share this post