• Hasna
  • 05 May 2022

കൊടും ചൂടിലും വീട് കൂളാക്കണോ? ശ്രദ്ധിക്കാം 5 കാര്യങ്ങള്‍

അസഹനീയമായ ചൂട് വീടുകളെയെല്ലാം ചുട്ടുപൊള്ളിക്കുകയാണ്. എയർകണ്ടീഷ്ണർ ഉപയോഗിച്ച് ചൂടിൽ നിന്ന് രക്ഷനേടാനുള്ള ശ്രമം രാജ്യത്തെ ഊർജ്ജ ഉപഭോഗം പല മടങ്ങായി വർധിപ്പിക്കുക കൂടി ചെയ്തിരിക്കുന്നു. അന്തരീക്ഷോഷ്മാവ് വർധിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്ന ഘടകമാണിത്. വൈദ്യുതി ഉപയോഗമില്ലാതെ കുറഞ്ഞ ചിലവിൽ  ഉഷ്ണത്തിൽ മോചനം നേടാൻ ഈ 5 കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.


  • വായു സഞ്ചാരം ഉറപ്പാക്കുന്നതിൽ കോംപ്രമൈസ് വേണ്ട


ക്രോസ് വെന്‍റിലേഷൻ കൊടുത്ത്  ജനലുകളിലൂടെയുള്ള കാറ്റിന്‍റെ സഞ്ചാരം സുഗമമാക്കി നൽകാനാകും. രാവിലെ 5നും 10 നും ഇടയിലും വൈകീട്ട് 8നും 10 നും ഇടയിലും നിർബന്ധമായും ജനലുകൾ തുറന്നിടുക. ഈ സമയങ്ങളിൽ വായു കുറേക്കൂടി ഊഷ്മളമായിരിക്കും. മാത്രമല്ല വീടിനകത്ത് കുടുങ്ങി കിടക്കുന്ന ചൂട് പുറത്ത് പുറത്ത് പോകുകയും ചെയ്യും. വേനൽ രാത്രികളിൽ അന്തരീക്ഷത്തിലെ ഊഷ്മാവ് വളരേ വേഗത്തിൽ താഴാനിടയുണ്ട്. ജനൽ തുറന്നിട്ട് തണുപ്പുള്ള കാറ്റിനെ വീടിനകത്തേക്ക് പ്രവേശിപ്പിക്കുന്നതാണ് പകലിലെ ചൂട് രാത്രി കൂടെ തങ്ങാതിരിക്കാനുള്ള ഏറ്റവും എളുപ്പ വഴി. 



വെയിൽ കൂടുതല്‍ അടിക്കുന്ന മുറികളിൽ കട്ടിയുള്ള കർട്ടൻ നൽകാം. കാറ്റ് ലഭിക്കുന്ന മുറികളിൽ കനം കുറഞ്ഞ കർട്ടനും ഇടാം. ജനൽചട്ടകളിൽ കൊതുക് വല കൂടി അടിക്കാൻ മറക്കരുതേ..

  • ‌ജനലുകളിൽ ബ്ളൈൻഡ്സ് ഘടിപ്പിക്കാം


 പുറത്തെ ചൂട് വലിച്ചെടുത്ത് വീട്ടകത്തെ ചൂടാക്കുന്ന വില്ലനാണ് ജനൽചില്ലുകൾ. അവയെ മറയ്ക്കും വിധം ബ്ലൈൻഡുകൾ സ്ഥാപിച്ച് സൂര്യരശ്മികളെ തടയേണ്ടത് ചൂട് അകറ്റാൻ അത്യാവശ്യമാണ്.  രാവിലെ 11 മുതൽ വൈകിട്ട് 4 വരെ ബ്ലൈൻഡ് അടച്ചിടുക. 



ചണമോ മുളയോ പോലുള്ള വായു വലിച്ചെടുക്കുന്ന വസ്തുക്കൾ കൊണ്ടാണ് ഇത്തരം മറകൾ ഉണ്ടാക്കേണ്ടത്. 
കറുപ്പോ തവിട്ടോ വേണ്ടേ വേണ്ട. വെള്ളയോ പേസ്റ്റൽ നിറങ്ങളോ തിരഞ്ഞെടുക്കാം.  വീടിനു പുറത്തേക്ക് പോകുമ്പോൾ കർട്ടനുകളും ബ്ലൈൻഡുകളും താഴ്ത്തിയിടാൻ മറക്കരുത്.

  • ‌തിരഞ്ഞെടുക്കാം പ്രകൃതിദത്ത തുണികൾ



ചൂട് കാലത്ത് ലെതർ സോഫ ഉപയോഗിച്ചിട്ടുള്ളവർക്ക് അതെത്ര അസ്വസ്ഥതയുണ്ടാക്കുമെന്ന് അനുഭവമുണ്ടാകും. വിയർത്ത് ഒട്ടിപ്പിടിക്കുന്ന അത്തരം മെറ്റീരിയലുകൾ ഭംഗിക്കും ആർഭാടത്തിനും മാത്രം വേണ്ടി നിലനിര്‍ത്തേണ്ടതില്ല. സിൽക്ക്, സാറ്റിൻ, ലെതർ, പോളിസ്റ്റർ എന്നിവ ചൂട് എളുപ്പത്തിൽ ആഗിരണം ചെയ്യുന്നവയാണ്.  അപ്ഹോൾസ്റ്ററികളുടേയും കിടക്കകളുടെയും കാര്യത്തിൽ, ലിനൻ, കോട്ടൺ തുണിത്തരങ്ങൾ തിരഞ്ഞെടുക്കുക. ഇവ വായുസഞ്ചാരം വർധിപ്പിക്കുക മാത്രമല്ല മുറിയിലെ മങ്ങിയ വെളിച്ചത്തെ തെളിച്ചമുള്ളതാക്കാനും സഹായിക്കും.

  • ‌ടെറസിനെ ചൂടില്ലാതെ മെരുക്കാം




വേനൽച്ചൂടിനെ അകത്തേക്ക് വലിച്ചെടുക്കുന്ന ടെറസിനു മേലെ അൾട്രാ വയലറ്റ് റിഫ്ളക്ടീവായ പെയിന്‍റ് അടിച്ച് കൊടുക്കാം. ഇത് വീട്ടിലുടനീളം താപനില കുറയ്ക്കാൻ സഹായിക്കും. ഇരുനില വീടുകളിൽ മുകൾ നിലയിലാണ് ചൂട് കൂടുക. വെള്ള നിറത്തിലുള്ള പെയിന്‍റാണ് ടെറസിൽ നൽകേണ്ടത്. റൂഫ് ടോപ്പിൽ ഒരു പൂന്തോട്ടം ഉണ്ടാക്കുന്നതും ടെറസിനെ തണുപ്പിച്ച് നിർത്തും. പച്ചപ്പുല്ലുകളും, പൂച്ചെടികളും മാത്രമാക്കേണ്ട. വീട്ടാവശ്യങ്ങൾക്കുള്ള പച്ചകറികളും ഇവിടെ കൃഷി ചെയ്തെടുക്കാം.

  • ‌മുറ്റത്ത് വേണം അൽപം പച്ചപ്പ് 




മുറ്റത്ത് മണ്ണ് അവശേഷിക്കേണ്ടത് ചൂടിനോടുള്ള യുദ്ധത്തിൽ പരമപ്രധാനമാണ്. ടൈലിട്ട് 'ഭംഗിയാക്കാം' എന്ന് കരുതാതിരുന്നാൽ തന്നെ ചൂട് കുറയും. മുറ്റത്ത് ചെടികളും ഭംഗിയുള്ള വള്ളിപ്പടർപ്പുകളുമൊക്കെ വച്ചു പിടിപ്പിക്കാം. വെയിൽ നേരിട്ടേൽക്കുന്ന മുറികളുടെ ജനലിനോട് ചേർന്ന് അത്യാവശ്യം ഇലപ്പടർപ്പും ഉയരവുമുള്ള ചെടികൾ വയ്ക്കാം. മരങ്ങൾ മുറിച്ചു കളയാതെ ചില്ലയൊതുക്കി നിർത്തിയാൽ വരും വർഷങ്ങളിലേക്കുള്ള ചൂട്  പ്രതിരോധം എപ്പോഴേ റെഡി!
Share this post