• Chinju MA
  • 08 Sep 2025

ലാഭം നോക്കി കുരിക്കിൽപ്പെടരുത് ; ഹൗസ് പ്ലോട്ടുകൾ വാങ്ങിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

സ്വന്തമായി സ്ഥലം ഇല്ലാത്തതിനാൽ  വസ്തു വാങ്ങിയതിനു ശേഷം അവിടെ  സ്വപ്ന ഭവനം ഒരുക്കുന്നവരാണ് ഇന്നുള്ള ഭൂരിഭാഗം ആളുകളും. എന്നാൽ ഇങ്ങനെ വാങ്ങിയ സ്ഥലത്ത് വീട് വയ്ക്കാൻ പറ്റാതിരിക്കുന്ന സാഹചര്യമോ  അതുമല്ലെങ്കിൽ  വിചാരിച്ചതിലും ഇരട്ടി തുക ചിലവാക്കേണ്ടി വരുന്ന സാഹചര്യമോ ഉണ്ടായാലോ. അങ്ങനെയുള്ള അവസ്ഥയിലൂടെ കടന്നുപോയ നിരവധി ആളുകൾ ഇന്നും നമ്മുടെ സമൂഹത്തിൽ ഉണ്ട്. ചെറിയൊരു അശ്രദ്ധയോ  അറിവില്ലായ്മയൊ ഒക്കെയാണ് ഇങ്ങനെയുള്ള ഒരു അവസ്ഥയ്ക്ക് കാരണമാകുന്നത്. അതുകൊണ്ടുതന്നെ ഇനി പറയുന്ന കാര്യങ്ങൾ കൃത്യമായി  മനസ്സിലാക്കിയതിനു ശേഷം വസ്തു വാങ്ങിയാൽ വീടുപണി എളുപ്പമാക്കുന്നതിനൊപ്പം അനാവശ്യ ചെലവുകൾ ഒഴിവാക്കാനും സാധിക്കും. 

  •  ഒരു വസ്തു വാങ്ങുമ്പോൾ ഒന്നാമതായി ശ്രദ്ധിക്കേണ്ടത് അതിന്റെ  ഡോക്യുമെന്റ്സ് തന്നെയാണ്. പരിചയക്കാർ മുഖേനയൊ ബ്രോക്കർമാർ മുഖേനയോ എങ്ങനെയുമാകട്ടെ നമ്മൾ സ്ഥലം വാങ്ങിക്കുമ്പോൾ ഒരു മടിയും കൂടാതെ ഡോക്കുമെന്റ്സ് ചോദിച്ചു വാങ്ങി പരിശോധിക്കണം. ആധാരത്തിൽ മറ്റ് അവകാശികൾ ഇല്ല ഇന്ന് ഉറപ്പാക്കുന്നതിനോടൊപ്പം മുന്നാധാരങ്ങളും പരിശോധിക്കുവാൻ മറക്കരുത്. ഇതോടൊപ്പം കുറഞ്ഞത് 30 വർഷത്തെ എങ്കിലും കുടിക്കട സർട്ടിഫിക്കറ്റ് വാങ്ങിച്ചു പരിശോധിക്കണം. അതുവഴി വസ്തുവിന് എന്തെങ്കിലും മുൻ സാമ്പത്തിക ബാധ്യതകൾ ഉണ്ടെങ്കിൽ തിരിച്ചറിയാൻ സാധിക്കും. സ്വയം മനസ്സിലാക്കാൻ സാധിച്ചില്ലെങ്കിൽ വിദഗ്ധോപദേശം തേടുന്നതിലും തെറ്റില്ല.
  • രണ്ടാമതായി വരുന്ന പ്രധാനപ്പെട്ട കാര്യം വസ്തു ഏത് തരത്തിൽ പെടുന്നു എന്ന് മനസ്സിലാക്കലാണ്. നിലം പുരയിടം തുടങ്ങി വിവിധതരത്തിൽ നമ്മുടെ വസ്തുക്കൾ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇതിൽ നമ്മൾ വാങ്ങിക്കുവാൻ പോകുന്ന വസ്തു നിലത്തിലാണ് ഉൾപ്പെടുന്നതെങ്കിൽ ഒരുപക്ഷേ നമുക്ക് അവിടെ വീട് വയ്ക്കാൻ സാധിച്ചില്ല എന്ന് വരാം. ഭൂമി തരം മാറ്റിയെടുക്കാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല, നിലമായ സ്ഥലത്ത് വീട് വയ്ക്കാൻ സർക്കാർ അനുവാദം നൽകുന്നുണ്ടെന്നെല്ലാം ബ്രോക്കർമാർ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചാലും  അതിൽ വീഴാതെ ശ്രദ്ധിക്കണം.കാരണം ഭൂമിയുടെ തരം നിലമാണെങ്കിൽ അവിടെ  വീട് വയ്ക്കുന്നതിന് നിരവധി  ഉപാധികൾ ഉണ്ട് അതിൽ ഒന്നാമത്തേത് ഉടമസ്ഥന്റെ പേരിൽ മറ്റൊരു ഭൂമി ഉണ്ടാകരുത് എന്നുള്ളതാണ് മാത്രവുമല്ല അത്തരം സ്ഥലത്ത് വയ്ക്കുന്ന വീടുകൾക്കും ഒരു ഒരുപാട് പരിമിതികളും ഉണ്ട് അതുകൊണ്ടുതന്നെ ഇത്തരം ഒരു ഭൂമിയിൽ ചെന്ന് തലവയ്ക്കാതിരിക്കുന്നതായിരിക്കും ഉചിതം. 
  •  മൂന്നാമതായി ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യമാണ് വസ്തുവിലേക്കുള്ള വഴി. കുറഞ്ഞത് 10 അല്ലെങ്കിൽ 8ഓ അടി വീതിയുള്ള വഴി എങ്കിലും ഉണ്ടെങ്കിലേ നിർമ്മാണ സാമഗ്രികൾ എളുപ്പത്തിൽ നമ്മുടെ സ്ഥലത്തേക്ക് എത്തിക്കുവാൻ സാധിക്കു. ചെറിയ വഴി ആണെങ്കിൽ ലോഡിങ് അൺലോഡിങ് മറ്റ് ട്രാൻസ്പോർട്ടേഷൻ ചാർജുകൾ എല്ലാം ചേർന്ന് നമ്മുടെ ബജറ്റിനെ താളം തെറ്റിക്കും.
  •  നാലാമതായി ശ്രദ്ധിക്കേണ്ട കാര്യം വൈദ്യുതി സംവിധാനമാണ്. വാങ്ങിക്കുന്ന സ്ഥലത്തിന് അരികിലായി വൈദ്യുതി കണക്ഷൻ എത്തുന്നുണ്ടോ എന്ന് കൃത്യമായി പരിശോധിക്കണം. ഇല്ലായെങ്കിൽ അങ്ങോട്ട് വൈദ്യുതി കണക്ഷൻ എത്തിക്കാൻ നമ്മുടെ ചെലവിൽ രണ്ടോ മൂന്നോ പോസ്റ്റുകൾ വരെ ഇടേണ്ടി വന്നേക്കാം അങ്ങനെ സംഭവിച്ചാൽ പതിനായിരക്കണക്കിന് രൂപ അവിടെയും ചെലവഴിക്കേണ്ടി വരും.
  •  അഞ്ചാമതായി ശ്രദ്ധിക്കേണ്ട കാര്യം പ്ലോട്ട് ഇരിക്കുന്ന പ്രദേശത്തിന്റെ ഭൂ ഘടനയാണ്.  ഒരുപാട് താഴ്ന്ന സ്ഥലമോ ഒരുപാട് ഉയർന്നിരിക്കുന്ന സ്ഥലമോ വാങ്ങിയാൽ അവ നിരപ്പാക്കി എടുക്കുന്നതിനായി ജെസിബി ഉൾപ്പെടെയുള്ള യന്ത്ര സഹായങ്ങൾ ഉപയോഗിക്കുമ്പോൾ ധാരാളം പണം ചിലവഴിക്കേണ്ടി വരും.  മാത്രവുമല്ല താഴ്ന്ന സ്ഥലത്ത് നിർമ്മിക്കുന്ന വീടിന്റെ  ഫൗണ്ടേഷൻ കെട്ടുന്നതിന് ഇരട്ടി തുക മുടക്കേണ്ടി വരും. ഉയർന്ന സ്ഥലമാണെങ്കിൽ അവിടെയുള്ള മണ്ണ് നീക്കം ചെയ്യുന്നതിന് പാസ് എടുക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങളും ചെയ്യേണ്ടതായി വരും.
Share this post