- Chinju MA
- 11 Jul 2024
കുട്ടിമുറിയിലെ ചെറിയ വലിയ കാര്യങ്ങൾ; അറിഞ്ഞൊരുക്കാം കിഡ്സ് ബെഡ്‌റൂം
പുതിയ വീട്ടിലെ ചെറിയ ഒതുക്കമുള്ള മുറി അവിടെ ഒരു കട്ടിലും മേശയും.... കുട്ടികൾക്കായുള്ള കിടപ്പുമുറിയെ കുറിച്ചുള്ള ഈ സങ്കല്പമൊക്കെ ഇന്ന് മാറി വരികയാണ്. സ്വപ്ന ഭവനം ഒരുക്കുമ്പോൾ കുട്ടികൾക്കായുള്ള കിടപ്പുമുറി എത്രത്തോളം സ്പെഷ്യൽ ആക്കി മാറ്റാം എന്ന് ചിന്തിക്കുന്നവരാണ് ഇന്നത്തെ മാതാപിതാക്കൾ. തങ്ങളുടെ കുട്ടികൾക്കുള്ളതെല്ലാം സ്പെഷ്യൽ ആകണം.. വീടൊരുക്കുമ്പോൾ കുട്ടികളുടെ ഇഷ്ടങ്ങളും ഇന്റീരിയറിൽ ഉൾപ്പെടുത്തുന്നവരാണ് ഇന്നത്തെ ഭൂരിഭാഗം മാതാപിതാക്കളും.
എന്നിരുന്നാലും കുഞ്ഞുമക്കൾക്ക് ഇഷ്ടമാകുമെന്ന് കരുതി കുട്ടിത്തം വാരി നിറച്ച് മുറി ഒരുക്കുന്നത് ഭാവിയിൽ ഇരട്ടി പണി ആകാൻ സാധ്യതയുള്ളതിനാൽ കരുതലോടെയുള്ള പ്ലാനിങ് വളരെ അത്യാവശ്യമാണ്. കുട്ടികൾ അതിവേഗം വളരും അതിലേറെ വേഗത്തിൽ അവരുടെ ഇഷ്ടങ്ങളും ശീലങ്ങളും മാറും ഈ കരുതൽ മുൻനിർത്തി വേണം മുറി രൂപകൽപ്പന ചെയ്യാൻ. മക്കളുടെ വളർച്ചയ്ക്ക് അനുസരിച്ച് മുറികൾ പരിഷ്കരിക്കാൻ നിന്നാൽ ബജറ്റ് താളം തെറ്റും. അതുകൊണ്ടുതന്നെ പണവും സമയവും പാഴാക്കാതെ സമർഥമായി കുട്ടിമുറി ഒരുക്കിയാൽ ഭാവിയിൽ ചെറിയ മാറ്റങ്ങളിലൂടെ കാലത്തിനൊത്ത രൂപത്തിൽ ആ മുറിയെ മാറ്റാം.
- ചുമരുകളിൽ നിന്ന് തുടങ്ങാം
ചുമരുകളിൽ കുട്ടികൾക്ക് ഇഷ്ടമുള്ള ഇളം നിറങ്ങൾ നൽകാം എന്നാൽ ഇതിൽ കാർട്ടൂൺ കഥാപാത്രങ്ങൾ വരച്ച് ആകർഷകമാക്കുന്ന രീതി അല്പം മാറ്റി ചിന്തിക്കണം. കുട്ടികൾ വളരുമ്പോൾ ചിലപ്പോൾ ഇവ അരോചകമായി മാറാം അതിനാൽ ചിത്രങ്ങൾ വരക്കുന്നതിന് പകരമായി വിപണിയിൽ ലഭിക്കുന്ന ചെറിയ ബജറ്റിലുള്ള വാൾ സ്റ്റിക്കറുകൾ വാങ്ങി ഒട്ടിച്ച് ചുവരുകൾ മനോഹരമാക്കാം ഭാവിയിൽ ഇവ മാറ്റുബോൾ നഷ്ടം വരില്ല. തീം ബേസ്ഡ് ആയിട്ട് മുറികൾ ഒരുക്കുന്ന ട്രെൻഡും ഉണ്ടല്ലോ ഈ തീമുകൾ ഒരുക്കുന്നതിനായും സ്റ്റിക്കറുകൾ ഉപയോഗിക്കാവുന്നതാണ്. അതോടൊപ്പം ചുവരുകൾക്കായുള്ള നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ സന്തോഷവും പൊസിറ്റീവ് എനർജിയും നൽകുന്ന ഇളം നിറങ്ങൾക്ക് പ്രാധാന്യം നൽകുക. കുട്ടികൾക്ക് കൂടുതൽ ഏകാഗ്രത നൽകുവാൻ ഈ നിറങ്ങൾ സഹായിക്കും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇഷ്ടമുള്ള നിറങ്ങൾ വ്യത്യസ്തമായിരിക്കും. രണ്ടു കുട്ടികൾ ഉള്ളവർ കുട്ടികൾക്കിടയിൽ വേർതിരിവ് തോന്നാത്ത വിധത്തിൽ ഈ നിറങ്ങളും തീമും ക്രമീകരിക്കുവാനും ശ്രദ്ധിക്കണം.
- തിരഞ്ഞെടുക്കാം അല്പം വലിയ മുറി; അവർ കളിച്ചു വളരട്ടെ
സാധനങ്ങൾ കുത്തിനിറച്ച ശ്വാസം മുട്ടിനിൽക്കുന്ന മുറികൾ കുട്ടികൾക്കായി വേണ്ട. കുട്ടികൾക്കായി തയ്യാറാക്കുന്ന മുറി അത്യാവശ്യം വിശാലമായിരിക്കുന്നതാണ് നല്ലത്. അവർക്ക് കളിക്കാനുള്ള സ്പേസ് ആ മുറിക്ക് ഉണ്ടാകുന്നത് വളരെ നല്ലതാണ്. മുറിക്ക് വലിപ്പം കുറവാണെങ്കിൽ ബെഡ് സൈസ് പരമാവധി കുറച്ച് ഒരു സോഫ കം ബെഡ് അല്ലെങ്കിൽ ചുമരിലേക്ക് മടക്കിവയ്ക്കാൻ സാധിക്കുന്ന മുർഫി ബെഡ് തിരഞ്ഞെടുക്കാം. അതുപോലെതന്നെ അവർക്ക് ഇരുന്നു പഠിക്കാനുള്ള സ്റ്റഡി ടേബിൾ, അലമാര തുടങ്ങിയവയെല്ലാം തിരഞ്ഞെടുക്കുമ്പോൾ ഈ ഒതുക്കം നിലനിർത്താൻ വളരെയേറെ ശ്രദ്ധ വേണം. ഒട്ടും സ്ഥലം നഷ്ടപ്പെടാത്ത വിധത്തിൽ ഒരു ബുക്ക് ഷെൽഫ് അധിക പണം മുടക്കാതെ ചെറിയ ബജറ്റിൽ ഒരുക്കുന്നതും കൂടുതൽ നല്ലതാണ്.
- സ്ഥാനം കൃത്യമാകണം
ഇന്ന് കൂടുതലുമുള്ളത് ഇരുനില വീടുകളാണല്ലോ. കുട്ടികൾക്കായുള്ള മുറികൾ ഒരുക്കുമ്പോൾ ആ മുറിയുടെ സ്ഥാനത്തിന് പ്രത്യേകമായൊരു ശ്രദ്ധ തന്നെ കൊടുക്കണം. ഇരുനില വീടിന്റെ മുകളിൽ കുട്ടികളുടെയും താഴെ മാതാപിതാക്കളുടെയും ബെഡ്റൂം എന്ന രീതി അവർ വലുതാകുന്നത് വരെ വേണ്ട. അച്ഛനമ്മമാരുടെ കണ്ണെത്തുകയും രണ്ടു കൂട്ടർക്കും ആവശ്യത്തിന് സ്വകാര്യത ലഭിക്കുകയും ചെയ്യുന്ന ഇടത്ത് വേണം മുറിയൊരുക്കാൻ. ഒപ്പം നല്ല വായുസഞ്ചാരവും സൂര്യപ്രകാശവുമുള്ള ജനൽ തുറക്കുമ്പോൾ പുറത്തേക്ക് കാഴ്ച കിട്ടുന്ന വിധത്തിൽ മുറിയൊരുക്കിയാൽ വളരെ നല്ലത്. കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്യ്ക്കും കൂടുതൽ ഉണർവേകാനും ഇത് സഹായിക്കും. കൂടാതെ വീടിന്റെ വലുപ്പത്തിനനുസരിച്ച് ടെലിവിഷൻ വയ്ക്കുമ്പോഴോ അതിഥികൾ വരുമ്പോഴോ ആ ശബ്ദം കേൾക്കാത്ത വിധത്തിൽ മുറിയുടെ സ്ഥാനം ക്രമീകരിക്കാനും ശ്രദ്ധിക്കണം.
- ഇനി അല്പം പഠിത്തമാകാം
പോസിറ്റീവ് എനർജി നിലനിർത്തി ഒരുക്കുന്ന മുറിയിൽ പഠനത്തിലെ ഏകാഗ്രതയെ കുറിച്ചുള്ള ടെൻഷൻ വേണ്ടേ വേണ്ട.. മുറിയിൽ കൂടുതൽ വെളിച്ചം കിട്ടുന്ന ഇടത്താകണം ഇരുന്ന് പഠിക്കാനുള്ള മേശയും കസേരയും സെറ്റ് ചെയ്യേണ്ടത്. കൈമുട്ട് മേശപ്പുറത്ത് വയ്ക്കാവുന്ന രീതിയിൽ നടു വളയാതെ ഇരിക്കാൻ കഴിയും വിധമാകണം മേശയും കസേരയും തമ്മിലുള്ള ഉയരാനുപാതം. പുസ്തകങ്ങൾ അടുക്കിവയ്ക്കാനുള്ള സൗകര്യവും പഠന സാമഗ്രികൾ സൂക്ഷിക്കാനുള്ള സ്ഥലവും ഈ മേശയിൽ വേണം. രാത്രിയിൽ പഠിക്കുമ്പോൾ വെളിച്ചം കുട്ടികളുടെ കണ്ണിനെ ദോഷമായി ബാധിക്കാത്ത രീതിയിൽ വേണം ലൈറ്റിങ്ങ് ചെയ്യാൻ. പഠനമേശയിൽ കൃത്യമായ അളവിൽ വെളിച്ചം വീഴുന്ന രീതിയിലാകണം ക്രമീകരണം. മേശയിൽ നിഴൽ പതിക്കാത്ത വിധത്തിൽ കുട്ടിയുടെ പിന്നിൽ മുകളിൽ നിന്ന് വെളിച്ചം പതിക്കുന്ന രീതിയിൽ ലൈറ്റ് സ്ഥാപിക്കണം.
- സൗകര്യങ്ങൾ അനുയോജ്യമാക്കണം
കുട്ടികളുടെ മുറിയിൽ എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിനോടൊപ്പം ആ സൗകര്യങ്ങളെല്ലാം അവർക്ക് അനുയോജ്യമായതാണോ എന്നുകൂടി ഉറപ്പാക്കണം. കട്ടിൽ,അലമാര, പുസ്തക ഷെൽഫ്, ബാത്റൂം ഉപകരണങ്ങൾ എന്നിവയുടെ ഉയരം അവർക്ക് സൗകര്യപ്രദമായ രീതിയിൽ വേണം ഒരുക്കാൻ. ഈ കാര്യങ്ങളിൽ ശ്രദ്ധ കൊടുത്തില്ലെങ്കിൽ കുട്ടികൾ ഉയരത്തിൽ കയ്യെത്തിപ്പിടിക്കാൻ ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങൾ നിസ്സാരമാകില്ല.
- ലളിതം സുന്ദരം ഈ കുട്ടിമുറി
വളർന്നുവരുന്ന ജീവിത സാഹചര്യങ്ങൾക്കനുസരിച്ചാണ് പലപ്പോഴും കുട്ടികളുടെ വ്യക്തിത്വവും ജീവിത വീക്ഷണവും രൂപപ്പെടുന്നത്. മുറിയുടെ കൃത്യമായ ക്രമീകരണം വളർന്നു വരുമ്പോൾ അടുക്കും ചിട്ടയോടെയുമുള്ള ജീവിതത്തിന് വഴിയൊരുക്കും. കുട്ടികളെ പ്രചോദിപ്പിക്കുന്ന തരത്തിലുള്ള തീമുകൾ ഒരുക്കി ക്രമീകരിക്കുന്ന മുറി ഒരുപക്ഷേ അവരുടെ ജീവിതത്തിന് തന്നെ പ്രചോദനമായി മാറിയേക്കാം. കുഞ്ഞു കണ്ണുകളിലൂടെ അവർ കണ്ടു വളരുന്ന ലളിതമായ ഈ മുറി ഭാവിയിൽ അവരുടെ ജീവിതം ലളിതവും സുന്ദരവുമാക്കി മാറ്റും.
#KidsBedroom #KidsRoomDesign #RoomPlanning #KidsRoomIdeas #InteriorDesign #HomeDecor
Share this post