• Chinju MA
  • 12 Jan 2026

2026ൽ ഭവന/ഭൂമി വില കുതിയ്ക്കുമോ, കിതയ്ക്കുമോ?... സർവേ റിപ്പോർട്ടുകളിൽ ഉറ്റു നോക്കി ഇന്ത്യൻ റിയൽ എസ്റ്റേറ്റ് മേഖല


സ്വന്തമായൊരു തുണ്ട് ഭൂമിയും വീടും എന്നത് വെറുമൊരു സ്വപ്നമല്ല, സുരക്ഷിതമായ ഭാവിയിലേക്കുള്ള നിക്ഷേപം കൂടിയാണെന്ന് തെളിയിച്ചു കൊണ്ടാണ് 2025 അവസാനിക്കുന്നത്. കോവിഡ് അടക്കമുള്ള പ്രശ്നങ്ങൾ മൂലം മുൻ വർഷങ്ങളിലുണ്ടായ മാന്ദ്യത്തിന്റെയും സാമ്പത്തിക പ്രതിസന്ധിയുടെയും  തടസങ്ങൾ മാറി ഇന്ത്യൻ മെട്രോ നഗരങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൊടിപൊടിക്കുമ്പോൾ റിയൽ എസ്റ്റേറ്റ് മേഖലയുടെ  സുവർണ്ണകാലമാണ് ഇനിയങ്ങോട്ട് വരാൻ പോകുന്നത്. അതുകൊണ്ടുതന്നെ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യൻ റിയൽ എസ്റ്റേറ്റ് മേഖലയുടെ മുന്നേറ്റം വരും വർഷങ്ങളിലും തളർച്ചയില്ലാതെ തുടരുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രമുഖ വ്യവസായ സ്ഥാപനമായ ക്രെഡായും പ്രോപ്പർട്ടി ഡാറ്റ അനലിറ്റിക്സ് സ്ഥാപനമായ സിആർഇ മാട്രിക്സും നടത്തിയ സർവേയാണ് ഇക്കാര്യങ്ങൾ പങ്കുവയ്ക്കുന്നത്.


ഭവന വില ഇനിയും കൂടും 


വരും വർഷത്തിൽ ഭവനവിലയിൽ കുറഞ്ഞത് അഞ്ച് ശതമാനമെങ്കിലും വർധനവുണ്ടാകുമെന്ന് സർവേയിൽ പങ്കെടുത്ത 68 ശതമാനം ഡെവലപ്പർമാരും അഭിപ്രായപ്പെടുന്നു. ഇതിൽ 18 ശതമാനം പേർ വില പത്ത് ശതമാനത്തിന് മുകളിൽ പോകുമെന്ന് പ്രതീക്ഷിക്കുമ്പോൾ, വിപണിയിലെ ഡിമാൻഡ് അത്രത്തോളം ശക്തമാണെന്ന് ഇവർ അടിവരയിടുന്നു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ നിലവിലുള്ള പ്രോജക്റ്റുകളെല്ലാം വിറ്റുതീരുമെന്നാണ് 83 ശതമാനം നിർമ്മാതാക്കളുടെയും കണക്കുകൂട്ടൽ.


ഊഹക്കച്ചവടങ്ങൾക്കപ്പുറം, സ്വന്തമായി താമസിക്കാൻ വീട് വാങ്ങുന്നവരുടെ എണ്ണം കൂടുന്നതാണ് ഇപ്പോഴത്തെ മാറ്റത്തിന് പ്രധാന കാരണം. ഇതിന് പിന്നിലെ പ്രധാന ഘടകങ്ങൾ എന്തൊക്കെയാണെന്ന് ഒന്ന് നോക്കാം.


മാറുന്ന ജീവിതശൈലി


വാടകവീടുകളിൽ നിന്ന് സ്വന്തം വീട്ടിലേക്ക് മാറാൻ ആളുകൾ താല്പര്യം കാണിക്കുന്ന കാലഘട്ടമാണിത്. തൊഴിൽ സുരക്ഷിതത്വവും വർധിച്ച വരുമാനവും ഇതിന് ഒരു കാരണമാണ്. അണുകുടുംബങ്ങൾ വർധിക്കുന്നതോടെ 1BHK, 2BHK അപ്പാർട്ട്‌മെന്റുകൾക്കും ഇടത്തരം വീടുകൾക്കും ആവശ്യക്കാർ ഏറുകയാണ്. ജോലി സംബന്ധമായും വിദ്യാഭ്യാസത്തിനായും നഗരങ്ങളിലേക്ക് കുടിയേറുന്നവരുടെ എണ്ണം കൂടുന്നതും ഭവന വിപണിക്ക് കരുത്തേകുന്നു. 


2026ന്റെ അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ പദ്ധതികൾ


വിപണിയിലെ ഈ ഉണർവ് മുതലെടുക്കാൻ വൻകിട പദ്ധതികളുമായി ഡെവലപ്പർമാരും തയ്യാറെടുത്തു കഴിഞ്ഞു. ഏകദേശം 42 ശതമാനം നിർമ്മാതാക്കളും അടുത്ത വർഷം പത്ത് ലക്ഷം ചതുരശ്ര അടിയിൽ അധികം വരുന്ന വമ്പൻ പ്രോജക്റ്റുകൾ ആരംഭിക്കാൻ പദ്ധതിയിടുന്നുണ്ട്. ഗുണനിലവാരം, കൃത്യസമയത്തുള്ള കൈമാറ്റം, തുറസ്സായ സ്ഥലങ്ങൾ, ആധുനിക സൗകര്യങ്ങൾ എന്നിവയ്ക്കാണ് ഇപ്പോൾ ഉപഭോക്താക്കൾ മുൻഗണന നൽകുന്നത്. അതുകൊണ്ട് തന്നെ, താമസക്കാരുടെ താല്പര്യങ്ങൾക്കനുസരിച്ചുള്ള മാറ്റങ്ങളുമായി റിയൽ എസ്റ്റേറ്റ് മേഖല പുത്തൻ പ്രതീക്ഷയിലാണ്.

Share this post