- Chinju MA
- 10 Nov 2025
ചെലവ് കുറവ്, ഗുണം ഡബിൾ! ചിതലും ഈർപ്പവുമില്ലാത്ത ഈ 'മോഡേൺ അടുക്കള' കേരളത്തിൽ തരംഗമാകുന്നു
കുറച്ച് നാൾ മുൻപുവരെ വീടിന്റെ പിന്നാമ്പുറത്ത് ഒതുങ്ങിപ്പോയൊരിടമായിരുന്നു അടുക്കള. അന്നത്തെ വീട്ടമ്മമാർക്ക് ആഹാരം പാകം ചെയ്യാനുള്ള ഒരിടം എന്നതിലുപരി അതിന് വലിയ പ്രാധാന്യമൊന്നും നൽകിയിരുന്നില്ല. എന്നാൽ കാലം മാറി, കഥ മാറി! അടുക്കള ഇന്ന് വീട്ടിലെ സ്വീകരണമുറിയോട് കിടപിടിക്കുന്ന താരപദവിയിലേക്ക് ഉയർന്നിരിക്കുന്നു.വീടിന്റെ സൗന്ദര്യത്തിന് ഇന്ന് അടുക്കള വഹിക്കുന്ന പങ്ക് ചെറുതല്ല. ഈ സ്വപ്നതുല്യമായ മാറ്റത്തിന് പിന്നിലെ പ്രധാന കാരണം 'മോഡുലാർ കിച്ചൻ' എന്ന ആശയത്തിന്റെ കടന്നുവരവാണ്. വിവിധതരം സ്റ്റോറേജ് കബോഡുകൾ, സൗകര്യപ്രദമായ സിങ്ക്, ഹൂഡ്, ഹോബ് എന്നിവയെല്ലാം ഉൾക്കൊള്ളുന്ന മോഡുലാർ കിച്ചനുകൾ അടുക്കളയുടെ രൂപം തന്നെ മാറ്റിമറിച്ചു.ഇവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന മെറ്റീരിയൽ അനുസരിച്ചാണ് വില നിർണയിക്കപ്പെടുന്നത്.തടികൊണ്ടുള്ള കിച്ചനുകളേക്കാൾ ഇന്ന് കിച്ചൻ ഡിസൈൻ രംഗത്ത് തരംഗമായി മാറുന്നത് അലൂമിനിയം കിച്ചനുകളാണ്.
ചിതലിനെ പേടിക്കേണ്ടാ, ഈർപ്പത്തെയും!
അലൂമിനിയം കോമ്പോസിറ്റ് പാനലുകൾ (ACP) ഉപയോഗിച്ചുള്ള ഈ അടുക്കളകൾ വീടിന് നൽകുന്നത് ഒരു 'ക്ലാസിക് ലുക്ക്' ആണ്. ഒറ്റനോട്ടത്തിൽ തന്നെ കണ്ണിലുടക്കുന്ന സൗന്ദര്യം മാത്രമല്ല, ദീർഘകാലാടിസ്ഥാനത്തിലുള്ള ചെലവ് നോക്കിയാലും ഇവ വളരെ ഗുണകരമാണ്. ഉപഭോക്താവിന്റെ ഇഷ്ടത്തിനും വീടിന്റെ തീമിനും അനുസരിച്ച് അടുക്കളയുടെ പാറ്റേൺ തിരഞ്ഞെടുക്കാം എന്നത് ഇതിന്റെ ഒരു പ്രധാന സവിശേഷതയാണ്.
അലൂമിനിയം കിച്ചനുകൾക്ക് ഗുണങ്ങൾ ഏറെയാണ്
വീട് മാറുമ്പോൾ ഇവ അനായാസം അഴിച്ചുമാറ്റി പുതിയ സ്ഥലത്തേക്ക് കൊണ്ടുപോകാം.തടിയെപ്പോലെ ചിതലരിക്കില്ല, ഈർപ്പം പ്രശ്നമാകുന്നില്ല.അടപ്പുകൾ ചേരാതെ വരിക, ഫ്രെയിമുകൾക്ക് രൂപമാറ്റം സംഭവിക്കുക തുടങ്ങിയ തടി കൊണ്ടുള്ള കിച്ചനുകളുടെ ന്യൂനതകൾക്കും ഇവിടെ സ്ഥാനമില്ല.
സ്ഥലപരിമിതി മറികടക്കാൻ അലൂമിനിയം
അടുക്കളയിലെ സ്ഥലത്തിന്റെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തിയാണ് അലൂമിനിയം കിച്ചനുകൾ രൂപകൽപ്പന ചെയ്യുന്നത്. സ്ഥലപരിമിതിയെ മറികടക്കാൻ സഹായിക്കുന്ന L ഷേപ്പ് കിച്ചനുകൾ.അടുക്കളയ്ക്ക് കൂടുതൽ വലുപ്പം തോന്നിക്കുന്ന U ഷേപ്പ് കിച്ചനുകൾ. ഇതുകൂടാതെ ഐലൻഡ് കിച്ചൻ സജ്ജീകരണങ്ങളുടെ ഭാഗമായും ഇവ ഉപയോഗിക്കാം. പണി പൂർത്തിയായ വീടുകളിൽ പോലും അലൂമിനിയം കിച്ചൻ എളുപ്പത്തിൽ സ്ഥാപിക്കാം എന്നൊരു സൗകര്യമുണ്ട്. ഇതിനായി പ്രത്യേകം സ്ലാബുകൾ നിർമ്മിക്കേണ്ട ആവശ്യമില്ല, അടുക്കളയ്ക്കുള്ള സ്ഥലം ഉണ്ടായാൽ മാത്രം മതി. ഗ്രാനൈറ്റ് കൗണ്ടർടോപ്പുകൾ
ഉൾപ്പെടെ ഉപയോഗിക്കാൻ കഴിയുന്നത്ര ഗുണനിലവാരവും ഉറപ്പും ഈ അടുക്കളകൾക്കുണ്ട്.നല്ല ലുക്കിനിപ്പം ബജറ്റിനും ഇണങ്ങുന്നതാണ് അലൂമിനിയം കിച്ചൻ എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
ചുരുക്കത്തിൽ, സൗകര്യത്തിന്റെയും സൗന്ദര്യത്തിന്റെയും കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലാത്ത ആധുനിക അടുക്കള സ്വപ്നം കാണുന്നവർക്ക് അലൂമിനിയം കിച്ചനുകൾ ഒരു അനുഗ്രഹമാണ്.
Share this post