• Vinisha M
  • 15 Dec 2025

ആദ്യത്തെ ഹോം ലോൺ തീരും മുൻപേ വീണ്ടും ഹോം ലോണെടുത്ത് വീട് വാങ്ങി മലയാളികൾ, റിയൽ എസ്റ്റേറ്റിൽ കാശ് കൊയ്യാൻ ഇതാ പുതിയ ഐഡിയ


ഒരു വീട് വാങ്ങാൻ ഭവന വായ്പയെടുത്ത് തിരിച്ചടവ് നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ രണ്ടാമതൊരു വീടിനായി വീണ്ടുമൊരു ഭവന വായ്പ കൂടി എടുക്കുന്നവരുടെ എണ്ണം മുൻപെങ്ങുമില്ലാത്തവിധം ഇന്ന് വർദ്ധിച്ചു വരികയാണ്. റിയൽ എസ്റ്റേറ്റിനെ വെറുമൊരു ഊഹക്കച്ചവടമായി കാണാതെ ദീർഘകാല നിക്ഷേപം എന്ന നിലയിൽ പരിഗണിക്കുന്നതാണ് ഈ മാറ്റത്തിന് പിന്നിലെ പ്രധാന കാരണം. ഇന്ത്യൻ റിയൽ എസ്റ്റേറ്റ് വിപണിയിൽ ഒരു ശ്രദ്ധേയമായ മാറ്റത്തിന് തുടക്കമിട്ടിരിക്കുന്ന ഈ നീക്കം സുരക്ഷിതമാണോ എന്ന ചർച്ചയും ഇന്ന് ശക്തമാണ്. ഇക്കാര്യത്തെക്കുറിച്ച്  വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത് എന്താണെന്ന് നോക്കാം.

മാറുന്ന ചിന്തകൾക്കൊപ്പം കാശിറിഞ്ഞ് കാശ് വരാൻ പഠിക്കുന്ന മലയാളികൾ

രണ്ടാമത്തെ ഭവന വായ്പ എടുക്കുന്നതിനെക്കുറിച്ചുള്ള പൊതുധാരണയിൽ സമീപ വർഷങ്ങളിൽ വലിയ മാറ്റം വന്നിട്ടുണ്ട്. ഊഹക്കച്ചവടം എന്നതിലുപരി, ദീർഘകാല സമ്പത്ത് ആസൂത്രണത്തിന്റെ ഭാഗമായാണ് ആളുകൾ രണ്ടാമത്തെ വീടിനെ കാണുന്നതെന്ന് വിദഗ്ധർ പറയുന്നു. കഴുത്തറുപ്പൻ പലിശയില്ലാത്ത   വായ്പാ നിരക്കുകളും, ഡെവലപ്പർമാർ നൽകുന്ന മികച്ച ഓഫറുകളും ഈ പുതിയ ട്രെൻഡിലേക്ക് ആളുകളെ കൊണ്ടെത്തിക്കുകയാണ് ഇപ്പോൾ.  രണ്ടാമത് വാങ്ങുന്ന വീട്ടിൽ നിന്ന് ലഭിക്കുന്ന വാടക വരുമാനവും റീസെയിൽ വാല്യൂവും മറ്റൊരു ആകർഷണമാണ്.


മികച്ച സാമ്പത്തിക അടിത്തറയുള്ളവർക്ക് ഒന്നിലധികം വായ്പകൾ കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ട് ഇല്ലാത്ത ഒരു കാര്യമായി ഇന്ന് മാറിയപ്പോൾ  ബാങ്കുകളും അവരുടെ വായ്പ നിയന്ത്രണങ്ങൾ ലളിതമാക്കുന്ന ഒരു കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. തുടരെത്തുടരെ റിസർബാങ്ക് പ്രഖ്യാപിക്കുന്ന ഇളവുകൾ കാരണം, ആദ്യത്തെ ലോൺ സജീവമായിരിക്കുമ്പോൾ പോലും രണ്ടാമത്തെ വായ്പയ്ക്ക് അംഗീകാരം നൽകാൻ ബാങ്കുകൾക്ക് ഇപ്പോൾ കൂടുതൽ ആത്മവിശ്വാസമുണ്ട്.

ഗുണവും ദോഷവും നോക്കി സുരക്ഷ ഉറപ്പാക്കണം

രണ്ടാമത്തെ ലോൺ ഉപയോഗിച്ച് വീട് വാങ്ങുന്നത് ഒരു നല്ല അവസരമാണെങ്കിലും, ആവശ്യമായ സാമ്പത്തിക ആസൂത്രണം നടത്തണമെന്ന മുന്നറിയിപ്പും വിദഗ്ദ്ധർ നൽകുന്നുണ്ട്. രണ്ടാമത്തെ ലോണിന് അപേക്ഷിക്കും മുമ്പ് വാങ്ങുന്നവർ അവരുടെ സാമ്പത്തിക ആരോഗ്യം സൂക്ഷ്മമായി വിലയിരുത്തണമെന്ന്  വിദഗ്ധർ പറയുന്നു.  

രണ്ട് ലോണുകൾ ഒരേസമയം കൈകാര്യം ചെയ്യുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

  • കടം-വരുമാന അനുപാതം (Debt-to-Income Ratio) ഇത് 45–50% ൽ താഴെ നിലനിർത്താൻ ശ്രമിക്കുക.

അടിയന്തര ഫണ്ട് (Emergency Fund) ഉറപ്പായും കരുതണം. കുറഞ്ഞത് മൂന്ന് മാസത്തെ ഇഎംഐ അടയ്ക്കാൻ കഴിയുന്ന ഒരു അടിയന്തര ഫണ്ട് കൈയിൽ ഉണ്ടെന്ന് ഉറപ്പാക്കുക. വാങ്ങാൻ പോകുന്ന പ്രോപ്പർട്ടിയുടെ  നിയമപരമായ എല്ലാ വശങ്ങളും ശരിയാണോ എന്നറിയാൻ   പരിശോധനകൾ കൃത്യമായി നടത്തുക. ഒപ്പം കൂടുതൽ ഉയർന്ന ഡൗൺ പേയ്‌മെന്റ് നൽകുന്നത് ഇഎംഐയുടെ ഭാരം ലഘൂകരിക്കാൻ സഹായിക്കും.


അതുകൊണ്ടുതന്നെ ശരിയായ സാമ്പത്തിക ആസൂത്രണവും ശക്തമായ ക്രെഡിറ്റ് ചരിത്രവുമുണ്ടെങ്കിൽ, ആദ്യത്തെ വായ്പ സജീവമായിരിക്കുമ്പോൾ തന്നെ രണ്ടാമത്തെ വീട് സ്വന്തമാക്കുന്നത് പല ഇന്ത്യക്കാർക്കും   ഇപ്പോൾ എളുപ്പമുള്ള ഒരു കാര്യമായി മാറിയിരിക്കുകയാണ്. ഈ പ്രവണത തുടരുകയാണെങ്കിൽ, അടുത്ത സാമ്പത്തിക വർഷങ്ങളിൽ ഇരട്ട വീടുകളുടെ ഉടമസ്ഥരുടെ എണ്ണം കൂടും എന്നാണ് വിദഗ്ധർ പറയുന്നത്.

Share this post