- Chinju MA
- 18 Aug 2025
മുറ്റം ഇന്റർലോക്ക് ചെയ്യാൻ ആഗ്രഹമുണ്ടോ?; അറിഞ്ഞു വെക്കാം ഇക്കാര്യങ്ങൾ
പണ്ടുകാലത്തെപ്പോലെ സെന്റുകളോളം പരന്നുകിടക്കുന്ന സ്ഥലമുള്ള വീടുകൾ ഇന്ന് വളരെ ചുരുക്കമാണ്. രണ്ടു സെന്‍റിലും മൂന്നു സെന്‍റിലും വീട് വെക്കുമ്പോൾ വിശാലമായ മുറ്റം എന്നത് സങ്കൽപം മാത്രമായി മാറിയിരിക്കുകയാണ്. എന്നാലും
ഉള്ള സ്ഥലം ഭംഗിയിലും വൃത്തിയിലും സൂക്ഷിക്കുവാനായി മുറ്റം മുഴുവൻ ഇന്റർലോക്കിട്ട് സംരക്ഷിക്കുന്നവർ ഇന്ന് ഏറി വരികയാണ്. എന്നാൽ ഈ ഇന്റർലോക്കിന് നല്ലതും ചീത്തയുമായ നിരവധി അഭിപ്രായങ്ങളാണ് ഇന്നുള്ളത്.
കോൺക്രീറ്റ് ടൈൽസാണെങ്കിൽ പെട്ടെന്ന് ചൂടുപിടിക്കുകയും വൈകുന്നേരംവരെ അത് നിലനിൽക്കുകയും ചെയ്യും, അതുകൊണ്ട് ഉച്ചസമയത്തു സിറ്റ്ഔട്ട് ഏരിയയിൽ ചൂട് കൂടുതലായിരിക്കും. നല്ല വെയിൽ ഉള്ളപ്പോൾ ചെരിപ്പ് ഇല്ലാതെ നടക്കുവാനും ബുദ്ധിമുട്ടാണ്. പെട്ടെന്ന് നിറംമങ്ങും ഇങ്ങനെ പോകുന്നു ഇതിന്റെ ന്യൂനതകൾ. എന്നാൽ ഈ ഒറ്റപ്പെട്ട കുറവുകൾ ഒഴിച്ച് നിർത്തിയാൽ മുറ്റം ടൈൽ പാകുന്നതിന് ഗുണങ്ങൾ അനവധിയാണ്. ഇന്നത്തെ തിരക്കുള്ള ജീവിതത്തിൽ ഭൂരിഭാഗം പേരുടെയും അഭിപ്രായം എടുത്താൽ മുറ്റം ടൈൽ പാകി വൃത്തിയായി സൂക്ഷിക്കുന്നത് ദിവസവും ഉള്ള മുറ്റം അടി, വീടിനകത്ത് ചവിട്ടി കയറ്റുന്ന മണ്ണിന്റെ ശല്യം തുടങ്ങിയവ ഒഴിവാക്കുവാനും ഒപ്പം വീടിനൊരു റിച്ച് ലുക്ക് കൊടുക്കുവാനും സഹായിക്കും എന്ന് തന്നെയാണ് മറുപടിയായി കിട്ടുക. അതുകൊണ്ടുതന്നെ മുറ്റം ഇന്റർലോക്ക് ചെയ്യുന്നതിന്റെ ചില ഗുണങ്ങൾ എന്തൊക്കെയാണെന്ന് ഇനി പരിശോധിക്കാം.
- ഇന്റർലോക്കിന്റെ ഗുണങ്ങൾ
മുറ്റത്ത് ഇന്റർലോക്ക് ചെയ്യുന്നത് കൊണ്ട് നിരവധി ഗുണങ്ങളാണുള്ളത്. മുറ്റം മഴവെള്ളം കെട്ടിനിൽക്കില്ല എന്നുള്ളതാണ് ആദ്യത്തെ ഗുണം. മറ്റൊന്ന് പായൽ പിടിക്കാതെ സുന്ദരമായി തന്നെ കിടക്കും. കുട്ടികൾക്ക് ഓടിക്കളിക്കാനും സൈക്കിൾ ചവിട്ടി പഠിക്കാനും ഉപകാരപ്രദമാണ്. മഴ ഇല്ലാത്ത സമയത്ത് വീട്ടിലെ ചെറിയ ഫങ്ഷനുകൾ ഓപ്പൺ ആയി മുറ്റത്തു നടത്താം. മുറ്റം വൃത്തിയായിരിക്കുമ്പോൾ വീടിനു ആകർഷണവും ഭംഗിയും ഭംഗിയും കൂടും.
- ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വീടിന്റെ നിറത്തിന് ചേരുന്ന രീതിയിലാകണം ഇന്റർലോക്ക് ചെയ്യേണ്ടത്. മണൽ പ്രദേശം ആണെങ്കിൽ മുറ്റത്ത് മണൽ നിരപ്പാക്കി കട്ടകൾ നിരത്താം. ചെമ്മണാണെങ്കിൽ മണ്ണ് മാറ്റി 2 ഇഞ്ച് കനത്തിൽ ബേബി മെറ്റൽ വിരിച്ച് തട്ടിനിരപ്പാക്കി അതിന് മുകളിലാണ് ഇന്റർലോക്ക് ചെയ്യുന്നത്. ദീർഘകാലം ഉപയോഗിക്കേണ്ടത് എന്ന ചിന്തയോടെ ഗുണമേന്മയുള്ള ടൈൽസ് തിരഞ്ഞെടുക്കണം. മുറ്റത്തു വീഴുന്ന വെള്ളം പുറത്തേക്ക് ഒഴുകി പോകാതെയിരിക്കാൻ ആവശ്യമായ ഡ്രെയിൻ പൈപ്പിങ് സംവിധാനങ്ങൾ ചെയ്യുക. വെള്ളം കഴിവതും നമ്മുടെ പറമ്പിലേക്കുതന്നെ ഒഴുക്കി വിടുക, കിണർ ഉണ്ടെങ്കിൽ അതിനടുത്തുകൂടി വെള്ളം ഒഴുകി പോകാവുന്ന രീതിയിൽ ക്രമീകരിക്കുക. പായൽ പൂപ്പൽ ഒഴിവാക്കുവാൻ രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ വാട്ടർ ജെറ്റ് വച്ച് ക്ലീൻ ചെയ്യുകയും വേണം.
Share this post