- Chinju MA
- 02 Jun 2025
എന്താണ് 30-30-3; ഹോം ലോൺ എടുക്കുന്നവർ കടക്കെണിയിൽ പെടാതിരിക്കാൻ ഉറപ്പായും അറിഞ്ഞിരിക്കണം ഈ നിബന്ധന
വീട് എന്ന സ്വപ്നത്തിനായി മതിയായ സാമ്പത്തിക ഭദ്രതയില്ലാത്തവരുടെ ഏക ആശ്രയമാണ് ഹോം ലോണുകൾ.വാടകയ്ക്ക് താമസിക്കുന്നതിന് പകരം ആ തുകയോടൊപ്പം അൽപം കൂടി ചേർത്ത് പ്രതിമാസ തവണകളായി (ഇ.എം.ഐ) ലോൺ അടച്ചുവീട്ടാമെന്ന സൗകര്യമാണ് ഹോം ലോണിലേക്ക് ആളുകളെ ആകർഷിക്കുന്നത്.
എന്നാൽ, മുൻകൂട്ടി തീരുമാനിച്ചതുപോലെ കാര്യങ്ങൾ നടക്കാതെ വരുമ്പോൾ ലോണടവ് മുടങ്ങുകയും പലിശ വർദ്ധിച്ച് സ്വപ്നം കണ്ട് പണിത വീട് നഷ്ടമാകുന്ന അവസ്ഥയിലേക്ക് പോലും എത്താം. അപ്രതീക്ഷിതമായി ഉണ്ടാകുന്ന സാമ്പത്തിക പ്രശ്നങ്ങൾ സ്വപ്നവും ജീവിതവും എല്ലാം തകർക്കുന്ന അവസ്ഥയുണ്ടാകാതിരിക്കാൻ ഹോം ലോണുകൾ എടുക്കുമ്പോൾ ചില മുൻകരുതലുകൾ പാലിക്കുന്നത് വളരെ നല്ലതാണ്. സാമ്പത്തിക വിദഗ്ധർ പറയുന്ന 30-30-3 എന്ന നിബന്ധന ഇത്തരം ലോൺ കെണികളിൽ നമ്മളെ സംരക്ഷിക്കാൻ ഏറെ ഉപകാരപ്പെടുന്ന ഒന്നാണ്. അത് എന്താണെന്ന് ഒന്ന് വിശദമായി നോക്കാം.
30-30-3- എന്താണ്; അറിയാം വിശദമായി
1. ഇതിൽ ആദ്യത്തെ 30 ഹോം ലോണിന്റെ ഇഎംഐയെ ആണ് സൂചിപ്പിക്കുന്നത്. ലോണിന്റെ പ്രതിമാസ അടവ് (ഇ.എം.ഐ) നിങ്ങളുടെ മാസ വരുമാനത്തിന്റെ 30 ശതമാനം മാത്രമായിരിക്കണം. അതായത്, 40,000 രൂപയാണ് നിങ്ങളുടെ മാസവരുമാനമെങ്കിൽ ഇ.എം.ഐ 12,000 രൂപയിൽ കൂടാൻ പാടില്ല. ഈ നിബന്ധന പാലിച്ചില്ലെങ്കിൽ ലോൺ അടവിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടാൽ അത് ഹോം ലോണിന്റെ മൊത്തത്തിലുള്ള അടവിനെ ബാധിക്കുകയും വലിയ സാമ്പത്തിക ബാധ്യതയിലേക്ക് പോവുകയും ചെയ്യും. ഇതാണ് ആദ്യത്തെ 30 കൊണ്ട് ഉദ്ദേശിക്കുന്നത്.
2.വീടിന്റെ മൊത്തം പണിക്കോ പുതിയ വീട് വാങ്ങിക്കാനുള്ള ചെലവിനോ ഹോം ലോണിനെ ആശ്രയിക്കാതെ മൊത്തത്തിൽ ആവശ്യമുള്ള തുകയുടെ 30 ശതമാനം ലോൺ അല്ലാതെ സ്വരൂപിക്കുക. അതായത് 20 ലക്ഷം രൂപയുടെ വീടാണ് നിർമിക്കുന്നതെങ്കിൽ ആ തുകയുടെ 30 ശതമാനമായ 6 ലക്ഷം രൂപ ലോൺ അല്ലാതെ സ്വരൂപിക്കണം. അതാണ് രണ്ടാമത്തെ 30 കൊണ്ട് ഉദ്ദേശിക്കുന്നത്.
ഒരിക്കലും വാർഷിക വരുമാനത്തിന്റെ മൂന്നിരട്ടി വീടിനായി ചെലവഴിക്കുന്നില്ലെന്ന് ഉറപ്പാക്കണം. അതായത് വാർഷിക വരുമാനം അഞ്ച് ലക്ഷം രൂപയാണെങ്കിൽ സ്വന്തമാക്കുന്ന വീടിന്റെ ബജറ്റ് 15 ലക്ഷത്തിൽ (5 ലക്ഷം x 3 = 15ലക്ഷം) ഒതുങ്ങണം. അതാണ് 3 കൊണ്ട് ഉദ്ദേശിക്കുന്നത്.
ഈ നിബന്ധന നമ്മുടെ സാമ്പത്തിക മേഖലകളെ കൃത്യമായി വിശകലനം ചെയ്താണ് സാമ്പത്തിക വിദഗ്ധർ വിഭാവനം ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ വീട് വാങ്ങുകയോ പണിയുകയോ ചെയ്യുമ്പോൾ ആദ്യം കണക്കിലെടുക്കേണ്ടത് ഇക്കാര്യമാണ്. അങ്ങനെയെങ്കിൽ വീട് ഒരു സാമ്പത്തിക ബാധ്യതയായി മാറാതെ നമ്മുടെ കുടുംബത്തിന്റെ സന്തോഷത്തിന്റെ മാത്രം ഇടമായി വീടിനെ നിലനിർത്താം.
Share this post