- Chinju MA
- 30 Jun 2025
ഭൂമി ഇടപാടിൽ നഷ്ടം വന്നാൽ എന്ത് ചെയ്യും? വിൽക്കുന്നവരും വാങ്ങുന്നവരും ഉറപ്പായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എന്തൊക്കെ സാമ്പത്തിക പ്രതിസന്ധികൾ വന്നുപോയി എന്ന് പറഞ്ഞാലും നമ്മുടെ നാട്ടിൽ ഇന്നും ഒരു മങ്ങലും ഇല്ലാതെ നിൽക്കുന്ന ഒരു ക്രയവിക്രയ രംഗമാണ് ഭൂമി കച്ചവടം. പണത്തിന് ആവശ്യമുള്ളപ്പോൾ വിൽക്കുന്നതിനും ലാഭകരം എന്ന് തോന്നുമ്പോൾ വാങ്ങുന്നതിനും സുരക്ഷിത നിക്ഷേപമായി ഭാവിയിലേക്ക് ഒരു മുതൽക്കൂട്ടാക്കുന്നതിനുമെല്ലാം ആളുകൾ ഭൂമിയെയാണ് ഇന്ന് ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത്.
എന്നാൽ റിസ്ക് കുറവ് എന്ന് കണക്കാക്കുമ്പോഴും ശ്രദ്ധിക്കാതെ നടത്തുന്ന ചില ഇടപാടുകൾ വലിയ സാമ്പത്തിക നഷ്ടങ്ങളിലേക്കും വഴിവയ്ക്കാറുണ്ട്. അതുകൊണ്ടുതന്നെ ഭൂമി കൈമാറ്റം ചെയ്യുമ്പോഴും പുതിയത് വാങ്ങുമ്പോഴും പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം
- മനസ്സിലാക്കണം വിപണിനില
ഭൂമി വാങ്ങിക്കാൻ ഉദ്ദേശിക്കുമ്പോൾ തന്നെ ആ സമയത്തെ റിയൽ എസ്റ്റേറ്റ് ട്രെൻഡിനെ കുറിച്ച് ചെറിയൊരു പഠനം നടത്തേണ്ടത് വളരെ അത്യാവശ്യമുള്ള ഒരു കാര്യമാണ്. വാങ്ങാനോ വിൽക്കാനോ ഉദ്ദേശിക്കുന്ന പ്രദേശത്തെ സ്‌ഥലവില, ഡിമാൻഡ് തുടങ്ങിയവ മനസ്സിലാക്കുന്നതിലൂടെ വീട് വാങ്ങുന്നവർക്ക് അവരുടെ മുൻഗണനകൾക്കും ബജറ്റിനും അനുയോജ്യമായ പ്രോപ്പർട്ടികൾ തിരിച്ചറിയാൻ സാധിക്കും. മറുവശത്ത് വിൽപനക്കാർക്ക് അവരുടെ പ്രോപ്പർട്ടിക്ക് ഏറ്റവും അനുയോജ്യമായ ലിസ്‌റ്റിങ് വില നിർണ്ണയിക്കാൻ മാർക്കറ്റ് ഗവേഷണം അത്യാവശ്യമാണ്.
വിൽപനയ്ക്ക് വയ്ക്കുന്ന പ്രോപ്പർട്ടിയുടെ കൃത്യമായ സെല്ലിങ് പോയിന്റ് ഉടമസ്ഥർക്ക് മനസ്സിലാക്കാനും അതുവഴി ഇടപാട് വേഗത്തിലും ലാഭത്തിലും നടത്താനും ഗവേഷണം സഹായിക്കും.
- തിരക്ക് കൂട്ടാതെ സമയം നോക്കി കാത്തിരുന്നാൽ കൂടുതൽ നന്ന്
റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ നിർണായകമായ ഒരു ഘടകമാണ് സമയം. വിപണി സാഹചര്യങ്ങൾ നിരീക്ഷിക്കുകയും, വാങ്ങുന്നതിനോ വിൽക്കുന്നതിനോ അനുകൂലമായ സമയം തിരിച്ചറിയുകയും ചെയ്താൽ കാര്യങ്ങൾ കുറെയേറെ എളുപ്പമാകും. പലിശ നിരക്കുകൾ, സാമ്പത്തിക സൂചകങ്ങൾ, സീസൺ അടിസ്ഥാനമായുള്ള ഏറ്റക്കുറച്ചിലുകൾ തുടങ്ങിയ ഘടകങ്ങൾ പ്രോപ്പർട്ടി മൂല്യത്തെ സ്വാധീനിക്കും. വിപണി പ്രവണതകൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിലൂടെ പ്രോപ്പർട്ടി വിലകൾ ഉയരാനോ കുറയാനോ സാധ്യതയുള്ള കാലഘട്ടങ്ങൾ തിരിച്ചറിയാം.
- വാങ്ങുന്നവരും വിൽക്കുന്നവരും ഇക്കാര്യം ശ്രദ്ധിക്കണം
വിപണിയിൽ മത്സരം താരതമ്യേന കുറവുള്ള സമയത്ത് വാങ്ങുന്നതാണ് കൂടുതൽ ലാഭകരം. ഈ കാലഘട്ടത്തിൽ വിലയിലും മറ്റു നിബന്ധനകളിലും വിട്ടുവീഴ്ച് ചെയ്യാൻ ഉടമസ്ഥർ തയാറായേക്കും. അതേസമയം വീട് വിൽക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഡിമാൻഡ്, വിതരണത്തേക്കാൾ കൂടി നിൽക്കുന്ന സാഹചര്യങ്ങൾ മനസ്സിലാക്കി പ്രോപ്പർട്ടി പരസ്യപ്പെടുത്തുന്നതാണ് കൂടുതൽ പ്രയോജനപ്രദം. കൂടുതൽ ആവശ്യക്കാർ തേടിയെത്താനും ഏറ്റവും ഉയർന്ന വില തന്നെ ലഭിക്കാനും വിപണിയിലെ കയറ്റിറക്കങ്ങളുടെ സമയം മനസ്സിലാക്കിയിരിക്കണം.
- നിയമം വിട്ടൊരു കളി വേണ്ട
കൃത്യമായ ഇടപാട് ഉറപ്പാക്കുന്നതിന് സ്വത്ത് വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള നിയമപരമായ വശങ്ങൾ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. വിൽപന സംബന്ധിച്ച കരാറുകൾ വിശദമായി പരിശോധിച്ച് നിങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും ആവശ്യമെങ്കിൽ നിയമപദേശം തേടുകയും ചെയ്യാൻ മടിക്കരുത്.
- സൂക്ഷ്മ നിരീക്ഷണത്തിനുശേഷം മാത്രം തീരുമാനമെടുക്കുക
വാങ്ങാൻ ഉദ്ദേശിക്കുന്ന ഭൂമി വെറുതെ കണ്ടുപോരാതെ എന്തെങ്കിലും അടിസ്‌ഥാന പ്രശ്‌നങ്ങളോ അപകടസാധ്യതകളോ ഉണ്ടോ എന്ന് അറിയുന്നതിന് സമഗ്രമായ പ്രോപ്പർട്ടി പരിശോധന നിർണായകമാണ്.അറ്റകുറ്റപ്പണികൾ ഉണ്ടോ, വില അധികമാണോ ന്യായമാണോ എന്നിങ്ങനെയുള്ള കാര്യങ്ങൾ മനസ്സിലാക്കാൻ പ്രോപ്പർട്ടി സൂക്ഷ്‌മായി പരിശോധിക്കണം
- വിദഗ്ധസഹായം തേടാൻ മടിക്കരുത്
എവിടെ നോക്കിയാലും റിയൽ എസ്റ്റേറ്റ് ബ്രോക്കർമാരാണ്. തട്ടിപ്പുകൾ പെരുകുന്നതിനാൽ വീട് വാങ്ങാനോ വിൽക്കാനോ ഏജന്റുമാരുടെ സഹായം തേടാൻ മടിക്കുന്നവരുണ്ട്. എന്നാൽ പരിചയസമ്പത്ത്, പ്രാദേശിക വിപണിയെക്കുറിച്ചുള്ള അറിവ് എന്നിവയുള്ള നല്ല ഒരു ഏജന്ററിൻറെ സഹായം തേടുന്നത് ഇടപാടുകൾ കൂടുതൽ സുഗമമാക്കാൻ സഹായിക്കും. റിയൽ എസ്റ്റേറ്റ് പ്രക്രിയയുടെ സങ്കീർണ്ണതകൾ മറികടക്കുന്നതിനും നിങ്ങൾക്കുവേണ്ടി ചർച്ചകൾ നടത്താനും വിദഗ്‌ധനായ ഒരു ഏജന്റിന് സഹായം തേടുന്നത് എന്തുകൊണ്ടും നല്ലതാണ്.
Share this post