• Chinju MA
  • 04 Aug 2025

എട്ട് വർഷം കൊണ്ട് 91% ലാഭം; മുംബൈയിലെ രണ്ട് ആഡംബര അപാര്‍ട്‌മെന്റുകള്‍ വിറ്റ് അക്ഷയ്കുമാര്‍ നേടിയത് കോടികൾ

കാശെറിഞ്ഞു ലാഭം കൊയ്യാൻ മുംബൈയിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ ഏർപ്പെടുന്ന ചലച്ചിത്ര താരങ്ങളുടെ എണ്ണം ഇന്ന് ഏറി വരികയാണ്. ഇക്കൂട്ടത്തിൽ വമ്പൻ നേട്ടവുമായി ഇപ്പോൾ മുന്നിട്ട് നിൽക്കുകയാണ് ബോളിവുഡ് താരം അക്ഷയ് കുമാര്‍.  മുംബൈയിലെ രണ്ട് ആഡംബര അപാര്‍ട്‌മെന്റുകള്‍ വിറ്റ് അക്ഷയ്കുമാര്‍ 91% ലാഭം നേടി എന്ന വാർത്തയാണ് ഇപ്പോൾ റിയൽ എസ്റ്റേറ്റ് മേഖലയിലെ പുതിയ ചർച്ചാ വിഷയം. 
ബോറിവലി ഈസ്റ്റിലെ ഒരേ റെസിഡൻഷ്യൽ പ്രോജക്റ്റിൽ അടുത്തടുത്തായി ഉണ്ടായിരുന്ന രണ്ട് ആഡംബര ഫ്ലാറ്റുകളാണ് താരം വിറ്റത്. 7.10 കോടി രൂപയ്ക്കാണ് ഇവ വിറ്റത് എന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 
2017-ൽ 3.02 കോടി രൂപയ്ക്ക് വാങ്ങിയ ആദ്യത്തെ ഫ്ലാറ്റിന് 1,101 ചതുരശ്ര അടി കാർപെറ്റ് ഏരിയയാണുള്ളത്. ഈ ഫ്ലാറ്റ് 5.75 കോടി രൂപയ്ക്കാണ് വിറ്റത്.  രണ്ട് കാർ പാർക്കിംഗ് സ്ലോട്ടുകൾ ഉൾപ്പെടെയുള്ള അപാര്‍ട്‌മെന്റിന്റെ വിൽപ്പനയ്ക്കായി 4.50 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടി അടച്ചു.  67.90 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയ 252 ചതുരശ്ര അടി കാർപെറ്റ് ഏരിയയുള്ള രണ്ടാമത്തെ ഫ്ലാറ്റ് 1.35 കോടി രൂപയ്ക്കാണ് താരം വിറ്റത്. 
മൊത്തത്തിൽ രണ്ട് വസ്തുക്കളുടേയും വിൽപ്പനയിലൂടെ അക്ഷയ് 7.10 കോടി രൂപ സ്വന്തമാക്കി. അതായത്, എട്ട് വർഷംകൊണ്ട് ഏകദേശം ഇരട്ടി ലാഭമാണ് താരം നേടിയിരിക്കുന്നത്.

പുതിയ ട്രെൻഡ് അനുസരിച്ച് മുംബൈയിൽ വസ്തുവകകൾ നിലവിൽ വൻലാഭത്തിൽ കൈമാറാനുള്ള സാഹചര്യമുണ്ട്. മുംബൈ റിയൽ എസ്റ്റേറ്റിൽ നിക്ഷേപം  നടത്തിയിരിക്കുന്ന ഭൂരിഭാഗം ആളുകളും ഈ സാധ്യത പാഴാക്കാതെ വീടും സ്ഥലവും കൈമാറ്റം ചെയ്യുന്നുമുണ്ട്. ബോളിവുഡ് താരങ്ങളാണ് ഈ പട്ടികയിൽ മുൻനിരയിലുള്ളത്. അതിന്റെ ചുവടുപിടിച്ച് സുരക്ഷിത നിക്ഷേപം നോക്കുന്ന ബിസിനസുകാരും ഇപ്പോൾ മുംബൈയിലെ റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് കടന്നു വരുന്നുണ്ട്.

Share this post