• Chinju MA
  • 22 Sep 2025

വീട് വാങ്ങുന്നവർക്കും പണിയുന്നവർക്കും നല്ല കാലം... സാധാരണക്കാർക്ക് ആശ്വാസമേകി പുതിയ ജി.എസ്.ടി പരിഷ്കരണം

ഒരു സാധാരണക്കാരന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നാണ് സ്വന്തമായി ഒരു വീട്. എന്നാൽ, ആ സ്വപ്നത്തിലേക്കുള്ള വഴിയിൽ ഏറ്റവും വലിയ തടസ്സമായി നിൽക്കുന്നത് വീടുപണിക്കുള്ള ഭീമമായ ചെലവുകളാണ്. ഉയർന്ന നിർമാണ സാമഗ്രികളുടെ വിലയും നികുതി ഭാരവും ആ സ്വപ്നത്തെ പലപ്പോഴും അകറ്റി നിർത്തി. എന്നാൽ, കേന്ദ്രസർക്കാരിന്റെ പുതിയ ജിഎസ്ടി പരിഷ്‌കാരങ്ങൾ ആ സ്വപ്നത്തിന് പുതിയ നിറം നൽകിയിരിക്കുകയാണ് ഇപ്പോൾ.

  •  ഭവനനിർമാണ മേഖലയ്ക്ക് പുത്തനുണർവ് നൽകും ഈ ജിഎസ്ടി പരിഷ്കരണങ്ങൾ

കേന്ദ്രസർക്കാരിന്റെ പുതിയ ജിഎസ്ടി പരിഷ്‌കരണങ്ങൾ ഇപ്പോൾ പ്രാബല്യത്തിൽ വന്നിരിക്കുയാണ് . 'എല്ലാവർക്കും വീട്' എന്ന ദേശീയ ദൗത്യത്തിന് അനുസൃതമായി നടപ്പാക്കിയ ഈ മാറ്റങ്ങൾ ഭവനനിർമാണ മേഖലയ്ക്ക് വലിയ ഉത്തേജനം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെസിഡൻഷ്യൽ, റീട്ടെയിൽ, റിയൽ എസ്റ്റേറ്റ് മേഖലകളിൽ ഇത് വലിയ ഉണർവ് ഉണ്ടാക്കും. നിർമാണ ചെലവ് കുറയുകയും നികുതി നടപടിക്രമങ്ങൾ ലളിതമാവുകയും ചെയ്യുന്നതിലൂടെ ഭവന ആവശ്യകതയും നിക്ഷേപങ്ങളും വർധിക്കുമെന്നാണ് ഉയർന്നു വരുന്ന അഭിപ്രായം. 

  •  നിർമാണച്ചെലവുകൾ കുറയുന്നു... സാധാരണക്കാർക്ക് ആശ്വാസം

വീട് നിർമ്മാണത്തിലെ പ്രധാന സാമഗ്രികളായ സിമന്റ്, ഗ്രാനൈറ്റ്, മാർബിൾ തുടങ്ങിയ  നിർമാണ വസ്തുക്കളുടെ നികുതി കുറഞ്ഞത് നിർമാണച്ചെലവിൽ ഗണ്യമായ കുറവുണ്ടാക്കും. ഇത് വീട് പണിയുന്നവർക്ക് വലിയ ആശ്വാസമാണ്. പുതിയ ജിഎസ്ടി നിരക്കുകൾ അനുസരിച്ച്, സിമന്റ്, റെഡി മിക്സ് കോൺക്രീറ്റ് എന്നിവയുടെ ജിഎസ്ടി 18 ശതമാനമായി കുറഞ്ഞു. ഇഷ്ടികകൾ, ടൈലുകൾ, മണൽ എന്നിവയുടെ ജിഎസ്ടി നിരക്ക് 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറഞ്ഞിട്ടുണ്ട്. പെയിന്റുകൾക്കും വാർണിഷുകൾക്കും പുതുക്കിയ ജിഎസ്ടി 18 ശതമാനമാണ്. ഒരു കെട്ടിടത്തിന്റെ മൊത്തം ചെലവിന്റെ 15 മുതൽ 20 ശതമാനം വരെ സിമന്റിനായാണ് ചെലവഴിക്കുന്നത്. അതിനാൽ, സിമന്റ് പോലുള്ള പ്രധാന നിർമാണ സാമഗ്രികളുടെ വിലയിലുണ്ടായ മാറ്റം നിർമാണച്ചെലവ് 3 മുതൽ 5 ശതമാനം വരെ കുറച്ചേക്കാം. പുതിയ വീടുകൾ വാങ്ങുമ്പോൾ നിലവിലെ വിലയിൽ നിന്ന് ഒന്നര ശതമാനം വരെ കുറവുണ്ടാകാൻ ഇത് കാരണമാകും.

  • ഡെവലപ്പർമാർക്ക് നേട്ടം - വിലക്കുറവ് ഉപഭോക്താക്കൾക്കും ആശ്വാസമാകും

നിർമാണ സാമഗ്രികൾക്കായി ഡെവലപ്പർമാർ ചെലവഴിക്കുന്ന തുക മൊത്തം നിർമാണച്ചെലവിന്റെ 50 മുതൽ 60 ശതമാനം വരെ വരും. അതിനാൽ, ഈ അവശ്യ സാമഗ്രികളുടെ ജിഎസ്ടി കുറയ്ക്കുന്നത് അവർക്ക് വലിയ സാമ്പത്തിക ലാഭം നൽകും. ഇത് ഒരു ചതുരശ്ര മീറ്ററിന് ഏകദേശം 1000 രൂപ വരെ നിർമാണച്ചെലവ് കുറയ്ക്കാൻ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു. ഈ ലാഭം വീടുകളുടെ വില കുറയ്ക്കുന്നതിനും അതുവഴി സാധാരണക്കാർക്ക് കൂടുതൽ താങ്ങാവുന്ന വിലയിൽ വീടുകൾ ലഭ്യമാക്കുന്നതിനും വഴിയൊരുക്കും. ഫ്‌ളോറിങ്, ടൈലിങ്, ഇന്റീരിയർ ഫിനിഷിങ് എന്നിവയുടെ ചെലവും കുറയും. ഇത് വീട് വാങ്ങുന്നവർക്കും പൊതു അടിസ്ഥാന സൗകര്യ പദ്ധതികൾക്കും നേരിട്ട് ഗുണം ചെയ്യും.

 എന്നാൽ ഈ ആനുകൂല്യങ്ങൾ ആഡംബര, പ്രീമിയം പ്രോപ്പർട്ടികളുടെ വിലയിൽ കാര്യമായ സ്വാധീനം ചെലുത്താൻ സാധ്യതയില്ല. എന്നിരുന്നാലും, നിർമാണച്ചെലവിലുണ്ടാവുന്ന ലാഭം, ഡെവലപ്പർമാർക്ക് അവരുടെ പ്രോജക്റ്റുകളുടെ ഗുണനിലവാരവും സൗകര്യങ്ങളും മെച്ചപ്പെടുത്താൻ ഉപയോഗിക്കാം.ഈ മാറ്റങ്ങൾ താങ്ങാവുന്ന വിലയിലുള്ള ഇടത്തരം വീടുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് വലിയൊരു സഹായമാകുമെന്നാണ് വിലയിരുത്തൽ.
Share this post