• Chinju MA
  • 25 Jul 2024

ഫീസ് പേടിക്കാതെ പെർമിറ്റെടുക്കാം; കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസിന് 60% വരെ ഇളവ്

വീട് നിർമ്മിക്കുവാൻ സ്ഥലം കണ്ടെത്തി അനുയോജ്യമായ പ്ലാനും വരച്ചു കഴിഞ്ഞാൽ പിന്നെയുള്ള ഒരു പ്രധാന കടമ്പയാണ് നിർമ്മാണ പെർമിറ്റ് എടുക്കുക എന്നത്.  ഈ അടുത്ത് കെട്ടിട നിർമാണ പെർമിറ്റ് ഫീസിൽ ഉണ്ടായ വർദ്ധനവ് കണ്ട് ഏറിവരുന്ന ചെലവിനെ കുറിച്ചോർത്ത് ടെൻഷൻ അടിച്ചവർക്ക് ഇപ്പോൾ ആശ്വാസ നടപടിയുമായി എത്തിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. 

 സാധാരണക്കാർക്ക് തിരിച്ചടിയായി ഇരുപത് ഇരട്ടി വരെ വർധിപ്പിച്ച കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസിൽ 60% ത്തോളം ഇളവുകളാണ് സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. കുത്തനെ ഉയർത്തിയ  ഫീസിൽ സർക്കാർ പുനപരിശോധന നടത്തിയതോടെ ആയിരക്കണക്കിന് രൂപയുടെ ഇളവുകളാണ് ഇനി ഓരോ അപേക്ഷകനും ലഭിക്കുക.

 അപേക്ഷാ ഫീസ് 50 രൂപയില്‍നിന്ന് 1,000 രൂപയായും  പെര്‍മിറ്റ് ഫീസ് പഞ്ചായത്തുകളില്‍ ചെറിയ വീടുകള്‍ക്ക് 525 രൂപയില്‍നിന്നു 7500 രൂപയായും വലിയ വീടുകള്‍ക്ക് 1750 രൂപയില്‍ നിന്നു 25,000 രൂപയായും നഗരമേഖലയില്‍ ചെറിയ വീടുകള്‍ക്കു 750 രൂപയില്‍നിന്നു 15,000 രൂപയായും വലിയ വീടുകള്‍ക്കു 2500 രൂപയില്‍നിന്ന് 37,500 രൂപയായും ഒറ്റയടിക്ക് വർധിപ്പിച്ച സർക്കാർ നയത്തിനെതിരെ നിരവധി പ്രതിഷേധങ്ങളും ഉയർന്നുവന്നിരുന്നു. 

കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് നിരക്കിൽ 60 ശതമാനം വരെ കുറവ് വരുത്താനാണ് ഇപ്പോൾ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.  80 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങളെ പെർമിറ്റ് ഫീസ് വർദ്ധനവിൽ നിന്ന് കഴിഞ്ഞവർഷം ഒഴിവാക്കിയിരുന്നു. 81 സ്‌ക്വയർ മീറ്റർ മുതൽ 300 സ്‌ക്വയർ മീറ്റർ വരെ വിസ്തീർണമുള്ള വീടുകൾക്ക് ചുരുങ്ങിയത് 50 ശതമാനമെങ്കിലും പെർമിറ്റ് ഫീസ് കുറയ്ക്കുന്ന രീതിയിലാണ് പുതിയ നിരക്ക്. കോർപറേഷനിൽ 81 മുതൽ 150 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള വീടുകളുടെ പെർമിറ്റ് ഫീസ് 60 ശതമാനം കുറയ്ക്കും. പുതിയ നിരക്കുകൾ ആഗസ്റ്റ് 1 മുതൽ നിലവിൽ വരും.

ഗ്രാമപഞ്ചായത്തുകളിൽ 81 മുതൽ 150 സ്‌ക്വയർ മീറ്റർ വരെയുള്ള വീടുകളുടെ പെർമിറ്റ് ഫീസ് ചതുരശ്ര മീറ്ററിന് 50 രൂപയിൽ നിന്ന് 25 രൂപയായി കുറയ്ക്കും. മുൻസിപ്പാലിറ്റികളിലെ നിരക്ക് 70ൽ നിന്ന് 35 ആയും കോർപറേഷനിൽ 100ൽ നിന്ന് 40 രൂപയായുമാണ് കുറയ്ക്കുന്നത്. 151 മുതൽ 300 ചതുരശ്ര മീറ്റർ വരെയുള്ള വീടുകളുടെ ഫീസ് പഞ്ചായത്തുകളിൽ ചതുരശ്ര മീറ്ററിന് 100 രൂപ എന്നതിൽ നിന്ന് 50 ആയും, മുൻസിപ്പാലിറ്റികളിൽ 120ൽ നിന്ന് 60 രൂപയായും, കോർപറേഷനിൽ 150ൽ നിന്ന് 70 രൂപയായുമാണ് കുറയ്ക്കുന്നത്.

300 ചതുരശ്ര മീറ്ററിന് മുകളിലുള്ള വീടുകളുടെ നിരക്ക് പഞ്ചായത്തുകളിൽ 150ൽ നിന്ന് 100 രൂപയായി കുറയ്ക്കും. മുൻസിപ്പാലിറ്റികളിലും കോർപറേഷനുകളിലും 200ൽ നിന്ന് 150 ആകും. വ്യവസായ, വാണിജ്യ കെട്ടിടങ്ങളുടെ നിരക്കിലും 58 ശതമാനം വരെ കുറവ് വരുത്തിയിട്ടുണ്ട്.

2023 ഏപ്രിൽ 1 ന് മുൻപ് താമസം, മറ്റുള്ളവ എന്നീ രണ്ട് വിഭാഗങ്ങളായിരുന്നു നിലവിലുണ്ടായിരുന്നത്. എല്ലാ വിസ്തീർണത്തിനും ഒരേ നിരക്കായിരുന്നു ബാധകമായിരുന്നത്. എന്നാൽ 2023 ഏപ്രിൽ 1ന് കെട്ടിടങ്ങളെ വിസ്തീർണത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് സ്ലാബുകളാക്കി തിരിച്ച് വ്യത്യസ്ത നിരക്ക് ഏർപ്പെടുത്തി. താമസം, വ്യവസായം, വാണിജ്യം, മറ്റുള്ളവ എന്നീ നാല് വിഭാഗങ്ങളായും കെട്ടിടങ്ങളെ തരംതിരിച്ച് പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിൽ വ്യത്യസ്തമായ നിരക്കാണ് ഏർപ്പെടുത്തിയത്. ഈ ക്രമീകരണം തുടരും.


 അതേസമയം  കേരളത്തില്‍ നിലവിലുള്ള പെര്‍മ്മിറ്റ് ഫീസ് രാജ്യത്തെ ഏറ്റവും കുറഞ്ഞ പെര്‍മിറ്റ് ഫീസാണ് എന്ന വസ്തുത നിലനില്‍ക്കെ തന്നെയാണു സര്‍ക്കാര്‍ ജനങ്ങളുടെ ആവശ്യം മുന്‍നിര്‍ത്തി ഫീസ് പകുതിയിലേറെ കുറയ്ക്കാന്‍ തയ്യാറാവുന്നതെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.
Share this post