- Vinisha M
- 03 Jan 2026
മുംബൈ റിയൽ എസ്റ്റേറ്റിൽ മാധുരി ദീക്ഷിതിന്റെ 'മാജിക്'; വീട് വിറ്റത് ഇരട്ടി ലാഭത്തിൽ,പാർക്കിങ് സ്ലോട്ട് വിറ്റുനേടിയത് 15 ലക്ഷം
ബോളിവുഡ് താരങ്ങളുടെ വെള്ളിത്തിരയിലെ തിളക്കം ഇപ്പോൾ മുംബൈയിലെ റിയൽ എസ്റ്റേറ്റ് വിപണിയിലേക്കും പടരുകയാണ്. വെറും ആഡംബര വസതികൾ സ്വന്തമാക്കുക എന്നതിനപ്പുറം, കൃത്യമായ പ്ലാനിംങ്ങോടെയുള്ള വലിയ നിക്ഷേപ തന്ത്രങ്ങളാണ് താരങ്ങൾ ഇപ്പോൾ നടത്തിവരുന്നത്. ഈ നിരയിൽ ഏറ്റവും ഒടുവിൽ വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത് 'ധക് ധക്' ഗേൾ മാധുരി ദീക്ഷിതാണ്.
ഇരട്ടി മധുരം നിറച്ച് മധുരിയുടെ 'ജുഹു' ഡീൽ
മുംബൈയിലെ ഏറ്റവും പോഷ് ഏരിയകളിൽ ഒന്നായ ജുഹുവിലെ തന്റെ അപ്പാർട്ട്മെന്റ് വിറ്റതിലൂടെ വൻ ലാഭമാണ് മാധുരി സ്വന്തമാക്കിയിരിക്കുന്നത്. 2012ൽ 1.95 കോടി രൂപയ്ക്കാണ് ഈ അപ്പാർട്ട്മെൻ്റ് വാങ്ങിയത്. എന്നാലിപ്പോൾ 3.9 കോടി രൂപയാണ് അപ്പാർട്ട്മെന്റിന് വില ലഭിച്ചിരിക്കുന്നത്. ഈ ഡീൽ വഴി 99.2 ശതമാനം ലാഭം നേടാനായി. ജുഹു മിലിട്ടറി റോഡിലെ 'ദീപ് വർഷ' കോ-ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റിയിലുള്ള ഐറിഷ് പാർക്കിന്റെ നാലാം നിലയിലെ 780 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഫ്ലാറ്റാണ് താരം കൈമാറിയത്. കേവലം വീട് വിൽക്കുക മാത്രമല്ല, അതേ സൊസൈറ്റിയിലുള്ള ഒരു പാർക്കിങ് സ്ലോട്ട് 15 ലക്ഷം രൂപയ്ക്ക് വിറ്റഴിച്ചും മാധുരി തന്റെ ബിസിനസ്സ് ബുദ്ധി തെളിയിച്ചു
വാടകയിനത്തിലും കോടികൾ
വിൽപനയിൽ മാത്രമല്ല, പ്രോപ്പർട്ടികൾ വാടകയ്ക്ക് നൽകുന്നതിലും മാധുരി ദീക്ഷിത് സജീവമാണ്. അന്ധേരി വെസ്റ്റിലുള്ള പ്രോപ്പർട്ടി കരംതാര എഞ്ചിനീയറിംഗിന് വാടകയ്ക്ക് നൽകിയതിലൂടെ പ്രതിമാസം 3 ലക്ഷം രൂപ വാടകയായി താരം നേടുന്നുണ്ട്. ലോവർ പരേലിൽ 2022-ൽ 48 കോടി രൂപ ചെലവഴിച്ച് വാങ്ങിയ ആഡംബര അപ്പാർട്ട്മെന്റ് താരത്തിന്റെ നിക്ഷേപങ്ങളിലെ മറ്റൊരു നാഴികക്കല്ലാണ്.
ബോളിവുഡും മുംബൈ റിയൽ എസ്റ്റേറ്റും
റിയൽ എസ്റ്റേറ്റ് വിപണിയിലെ ഈ മുന്നേറ്റത്തിന് പിന്നിൽ പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്. അതിൽ ആദ്യത്തേത് സ്ഥിരതയുള്ള മൂല്യവർധനയാണ്. മുംബൈയിലെ ഭൂമി ലഭ്യത കുറവായതിനാൽ പ്രോപ്പർട്ടി വില കുതിച്ചുയരുകയാണ്. ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ നിക്ഷേപം ഇരട്ടിയാക്കാൻ ഇതിലും മികച്ച ഒരിടമില്ല എന്ന തിരിച്ചറിവാണ് താരങ്ങളെ ഇതിലേക്ക് ആകർഷിക്കുന്നത്. രണ്ടാമതായി വരുന്ന കാരണം സുരക്ഷിത നിക്ഷേപം എന്നതാണ്. സിനിമയിലെ വരുമാനത്തിന് പുറമെ, കൃത്യമായ പാസീവ് ഇൻകം ഉറപ്പാക്കാൻ വാടക വരുമാനത്തിലൂടെ താരങ്ങൾക്ക് സാധിക്കും ഒപ്പം വർഷങ്ങൾ കഴിയുംതോറും ഉയരുന്ന മൂല്യവും മികച്ച നിക്ഷേപ മാർഗമായി റിയൽ എസ്റ്റേറ്റിനെ മാറ്റുന്നു. അതുകൊണ്ടു തന്നെ ഒരു പ്രോപ്പർട്ടി വാങ്ങുമ്പോൾ അത് കേവലം ഒരു തലചായ്ക്കാനുള്ള ഇടം മാത്രമല്ല, ഭാവിയിലേക്കുള്ള വലിയൊരു സമ്പാദ്യമാണെന്ന് ബോളിവുഡ് താരങ്ങൾ അവരുടെ നേട്ടങ്ങൾ കൊണ്ടുതന്നെ തെളിയിക്കുകയാണ്.