• Chinju MA
  • 30 Mar 2026

നിങ്ങളുടെ പണം വെറുതെ കളയണോ? വീട് പണിയുമ്പോൾ ഇക്കാര്യങ്ങൾ വേണ്ടെന്ന് വെച്ചാൽ ലാഭം ലക്ഷങ്ങളാണ്!

ഓരോ മലയാളിയുടേയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നാണ് സ്വന്തമായൊരു വീട്. എന്നാൽ പലപ്പോഴും അയൽവാസിയുടെ വീടിനേക്കാൾ ഭംഗി വേണമെന്ന വാശിയോ അല്ലെങ്കിൽ മറ്റുള്ളവരുടെ ഡിസൈനുകൾ അന്ധമായി അനുകരിക്കാനോ ശ്രമിക്കുമ്പോൾ, അത് നമ്മുടെ സാമ്പത്തിക ഭദ്രതയെത്തന്നെ ബാധിച്ചേക്കാം. വീട് പണിയുന്നതിന് മുൻപ് ഏതൊക്കെ കാര്യങ്ങൾ ഒഴിവാക്കാം എന്നും എന്തൊക്കെയാണ് അത്യാവശ്യം എന്നും കൃത്യമായി മനസ്സിലാക്കുന്നത് ലാഭകരമായ നിർമ്മാണത്തിന് സഹായിക്കും. വീടുപണിയിൽ പണം ലാഭിക്കാൻ ഒഴിവാക്കാവുന്ന പ്രധാന കാര്യങ്ങൾ താഴെ പറയുന്നവയാണ്.

ആഡംബരത്തിനായുള്ള നടുമുറ്റം 


നടുമുറ്റം വീടിന് ഭംഗി നൽകുമെങ്കിലും കൃത്യമായ പരിപാലനവും സുരക്ഷാ ക്രമീകരണങ്ങളും ഇതിന് ആവശ്യമാണ്. കൊതുക് ശല്യമോ മഴവെള്ളം ഉള്ളിലേക്ക് അടിക്കുന്നതോ ആയ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. സ്ഥലപരിമിതിയുള്ളവർ നിർബന്ധമായും നടുമുറ്റം ഒഴിവാക്കി ആ സ്ഥലം മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കണം.

കോൺക്രീറ്റ് കാർ പോർച്ച് 


വീടിന്റെ സ്ട്രക്ചറിനോട് ചേർന്ന് കോൺക്രീറ്റിൽ കാർ പോർച്ച് പണിയുന്നത് വീടിന്റെ സ്ക്വയർ ഫീറ്റും നിർമ്മാണ ചിലവും വർദ്ധിപ്പിക്കും. ഇതിനുപകരം ഭംഗിയുള്ള പില്ലറുകളിൽ ഷീറ്റോ, ഓടോ, ടഫൻഡ് ഗ്ലാസ്സോ ഉപയോഗിച്ച് താൽക്കാലിക കാർ പോർച്ചുകൾ നിർമ്മിക്കുന്നത് സാമ്പത്തിക ലാഭമുണ്ടാക്കും.

കിച്ചണിൽ 'ഷോ' വേണോ 

ഇന്നത്തെ പല വീടുകളിലും കാണുന്ന ഒന്നാണ് 'ഷോ കിച്ചൻ'. ഡൈനിങ്ങ് ഹാളിനോട് ചേർന്ന് കാണാൻ ഭംഗിയുള്ള ഈ അടുക്കളയിൽ പലപ്പോഴും പാചകം നടക്കാറില്ല. പ്രധാന പാചകം മറ്റൊരു വർക്ക് ഏരിയയിലായിരിക്കും നടക്കുക. ഇത്തരത്തിൽ ഉപയോഗമില്ലാത്ത ഒരു അടുക്കളയ്ക്കായി ലക്ഷങ്ങൾ ചിലവാക്കുന്നത് അനാവശ്യമാണ്.

വലിപ്പമേറിയ വർക്ക് ഏരിയ 

വിറകടുപ്പ് ഉപയോഗിക്കാത്തവർ പോലും വലിയ വർക്ക് ഏരിയകൾ നിർമ്മിക്കാറുണ്ട്. വീട്ടിലെ പാചക രീതികൾക്ക് അനുസൃതമായി മാത്രം വർക്ക് ഏരിയയുടെ വലിപ്പം നിശ്ചയിക്കുന്നതാണ് ബുദ്ധി. ഉപയോഗമില്ലാത്ത വലിയ ഹാൾ പോലെ വർക്ക് ഏരിയ നിർമ്മിക്കുന്നത് പണം പാഴാക്കും.

ഉപയോഗമില്ലാത്ത ഗസ്റ്റ് ബെഡ്റൂമുകൾ 


വർഷത്തിൽ എപ്പോഴെങ്കിലും മാത്രം വരുന്ന അതിഥികൾക്കായി ഒരു മുറി എപ്പോഴും ഒഴിച്ചിടേണ്ട കാര്യമുണ്ടോ എന്ന് ചിന്തിക്കുക. ഇത്തരം മുറികൾ വീടിന്റെ വിസ്തീർണ്ണം കൂട്ടാൻ മാത്രമേ സഹായിക്കൂ. അടുത്ത ബന്ധുക്കൾ വരുമ്പോൾ വീടിനുള്ളിലെ മറ്റേതെങ്കിലും സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.

അനാവശ്യമായ പർഗോളകൾ 


വീടിന്റെ എക്സ്റ്റീരിയർ ഭംഗി കൂട്ടാൻ പർഗോളകൾ നൽകാറുണ്ട്. എന്നാൽ പലപ്പോഴും ഇവ പിന്നീട് ചോർച്ചയ്ക്കും പൊടിപടലങ്ങൾ അടിഞ്ഞു കൂടാനും കാരണമാകാറുണ്ട്. കൃത്യമായ പ്ലാനിങ് ഇല്ലാതെ നൽകുന്ന പർഗോളകൾ നിർമ്മാണച്ചിലവ് വർദ്ധിപ്പിക്കുകയല്ലാതെ മറ്റ് ഗുണങ്ങളൊന്നും നൽകില്ല.

അധികമായി നൽകുന്ന തൂണുകൾ 


ഭംഗിക്ക് വേണ്ടി മാത്രം വീടിന്റെ പല ഭാഗങ്ങളിലും വലിയ തൂണുകൾ നൽകുന്നത് പഴയ രീതിയാണ്. ഇവ വീടിനുള്ളിലെ സ്ഥലസൗകര്യം കുറയ്ക്കുകയും ഇന്റീരിയർ ഡിസൈൻ ചെയ്യുന്നതിൽ തടസ്സമാവുകയും ചെയ്യും. ഭാരം താങ്ങാൻ ആവശ്യമുള്ള തൂണുകൾ മാത്രം നൽകുന്നതാണ് ശരിയായ രീതി.

വിലകൂടിയ ഗ്രാനൈറ്റ് ഫ്ലോറിംഗ് 


അയൽക്കാരൻ ഗ്രാനൈറ്റ് ഇട്ടു എന്നത് കൊണ്ട് നമ്മളും അത് തന്നെ ചെയ്യണമെന്നില്ല. ഇന്ന് വിപണിയിൽ കുറഞ്ഞ വിലയിൽ മികച്ച ഡിസൈനുകളിലുള്ള ടൈലുകൾ ലഭ്യമാണ്. ഒരു വീടിന്റെ ആയുസ്സ് ഏകദേശം 30 വർഷം കണക്കാക്കിയാൽ, അത്രയും കാലം ഈടുനിൽക്കുന്ന ടൈലുകൾ തന്നെ ധാരാളമാണ്. വീടിന്റെ അകത്തും പുറത്തും ആവശ്യത്തിലധികം ലൈറ്റുകൾ സ്ഥാപിക്കുന്നതും നിർമ്മാണച്ചിലവും കറന്റ് ബില്ലും വർദ്ധിപ്പിക്കും. ഓരോ മുറിയിലും ആവശ്യമായ പ്രകാശം ലഭിക്കുന്ന തരത്തിൽ കൃത്യമായ സ്ഥലങ്ങളിൽ മാത്രം ലൈറ്റുകൾ ക്രമീകരിക്കുക.


വീട് എന്നത് മറ്റുള്ളവരെ കാണിക്കാനുള്ള ഒരു പ്രദർശന വസ്തുവല്ല, മറിച്ച് നമുക്ക് സമാധാനമായി താമസിക്കാനുള്ള ഇടമാണ്. മറ്റുള്ളവരുടെ താല്പര്യങ്ങൾക്ക് മുൻഗണന നൽകാതെ, സ്വന്തം ആവശ്യങ്ങളും ബജറ്റും തിരിച്ചറിഞ്ഞ് വീട് പണിയുക. അനാവശ്യമായ ആഡംബരങ്ങൾ ഒഴിവാക്കി ലളിതവും മനോഹരവുമായ ഒരു വീട് നിർമ്മിക്കുന്നതാണ് എന്നും ലാഭകരവും പ്രായോഗികവും.


Share this post