• Vinisha M
  • 01 Dec 2025

വസ്തു വാടകയ്ക്ക് കൊടുക്കുന്നവരുടെയും എടുക്കുന്നവരുടെയും ശ്രദ്ധയ്ക്ക്; നിസ്സാരമായി കരുതിയാൽ 5000 രൂപ പിഴ നൽകേണ്ടിവരും; പുതിയ വാടക കരാര്‍ നിയമത്തെക്കുറിച്ചറിയാം

ഇന്ത്യയുടെ അതിവേഗം വളരുന്ന വാടക വിപണിക്ക് ഇനി കൂടുതൽ സുതാര്യതയും കൃത്യതയും! രാജ്യത്തെ വാടക ഇടപാടുകൾക്ക് പുതിയൊരു ദിശാബോധം നൽകാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ 2025-ലെ പുതിയ വാടക ഉടമ്പടി നിയമങ്ങൾ (New Rent Agreement Rules 2025) അവതരിപ്പിച്ചു. മോഡൽ ടെനൻസി ആക്ടിന്റെ ചുവടുപിടിച്ചും ബജറ്റ് പ്രഖ്യാപനങ്ങളുടെ പശ്ചാത്തലത്തിലുമാണ് ഈ സുപ്രധാന പരിഷ്കാരങ്ങൾ. പുതിയ ചട്ടക്കൂട് നിലവിൽ വരുന്നതോടെ, രാജ്യത്തെ നഗരങ്ങളിലെ വാടക വീടുകളും വാണിജ്യ സ്ഥാപനങ്ങളും സംബന്ധിച്ച ഇടപാടുകൾക്ക് ഭൂവുടമകൾക്കും വാടകക്കാർക്കും ഒരുപോലെ പ്രയോജനകരമായ ഒരു ഏകീകൃതവും നിലവാരമുള്ളതുമായ വ്യവസ്ഥ യാഥാർത്ഥ്യമാകും.

നഗരവൽക്കരണം വർധിക്കുന്ന ഈ കാലഘട്ടത്തിൽ, ആയിരക്കണക്കിന് ആളുകളാണ് പ്രതിവർഷം വാടക വീടുകളിലേക്ക് മാറുന്നത്. ഈ സാഹചര്യത്തിൽ, അവ്യക്തതകളും തർക്കങ്ങളും ഒഴിവാക്കാൻ സഹായിക്കുന്ന ഒരു ശക്തമായ ചട്ടക്കൂട് അനിവാര്യമാണ്. 2025-ലെ ഈ നിയമം എങ്ങനെയാണ് റിയൽ എസ്റ്റേറ്റ് വിപണിയെ പുനർനിർമ്മിക്കുന്നത് എന്ന് നോക്കാം.

നിർബന്ധിത ഡിജിറ്റൽ രജിസ്ട്രേഷൻ

പുതിയ നിയമത്തിലെ ഏറ്റവും നിർണായകമായ പരിഷ്‌കാരങ്ങളിലൊന്നാണ് വാടക കരാറുകൾ നിർബന്ധമായും ഡിജിറ്റലായി രജിസ്റ്റർ ചെയ്യണം എന്നുള്ളത്. ഓരോ വാടക കരാറും ഒപ്പിട്ട് രണ്ട് മാസത്തിനുള്ളിൽ സ്റ്റേറ്റ് പ്രോപ്പർട്ടി രജിസ്ട്രേഷൻ പോർട്ടലുകളിലോ പ്രാദേശിക രജിസ്ട്രാർ ഓഫീസുകളിലോ ഓൺലൈനായി രജിസ്ട്രേഷൻ പൂർത്തിയാക്കണം. കൃത്യസമയത്ത് രജിസ്റ്റർ ചെയ്യാത്തവർക്ക് ₹5,000 രൂപ പിഴ നൽകേണ്ടി വരും. ഈ ഡിജിറ്റൽ സംവിധാനം എല്ലാ കരാറുകളും ഔദ്യോഗിക സർക്കാർ ഡാറ്റാബേസിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുന്നു. ഇത് വ്യാജ കരാറുകളുടെ സാധ്യത ഗണ്യമായി കുറയ്ക്കുന്നു, അതുവഴി തട്ടിപ്പുകൾ തടയാനും റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ വിശ്വാസ്യത വളർത്താനും സഹായിക്കുന്നു.

വാടക തർക്കങ്ങൾക്ക് വിരാമം: ഇരു കക്ഷികൾക്കും നിയമ പരിരക്ഷ

നിയമപരമായി രജിസ്റ്റർ ചെയ്ത കരാറുകൾ ഇരു കക്ഷികൾക്കും ശക്തമായ നിയമപരമായ പരിരക്ഷ നൽകുന്നു. തർക്കമുണ്ടാകുന്ന സാഹചര്യങ്ങളിൽ, ശരിയായി രജിസ്റ്റർ ചെയ്ത കരാർ കോടതിയിൽ ശക്തമായ തെളിവായിമാറും.

പ്രധാന പരിഷ്കാരങ്ങൾ

വാടക വർദ്ധനവ് - വാർഷിക വാടക വർദ്ധനവ് 5-10 ശതമാനം പരിധിക്കുള്ളിൽ മാത്രമായി നിജപ്പെടുത്തി. വാടക വർദ്ധിപ്പിക്കുന്നതിന് വാടകക്കാരെ 90 ദിവസത്തെ രേഖാമൂലമുള്ള അറിയിപ്പ് നൽകി മാത്രമേ സമീപിക്കാൻ കഴിയൂ. ഇത് വാടകക്കാർക്ക് സാമ്പത്തിക കാര്യങ്ങൾ ആസൂത്രണം ചെയ്യാൻ കൂടുതൽ സമയം നൽകുന്നു. സെക്യൂരിറ്റി ഡെപ്പോസിറ്റ് ആവശ്യപ്പെടുന്നതിനും നിയമം ഒരു പരിധി നിശ്ചയിച്ചിട്ടുണ്ട്. റെസിഡൻഷ്യൽ പ്രോപ്പർട്ടികൾക്ക് രണ്ട് മാസത്തെ വാടകയും

വാണിജ്യ സ്ഥലങ്ങൾക്ക് ആറ് മാസത്തെ വാടക മാത്രമാണ് ഈടാക്കാൻ അനുവാദം. വാടക തുക, സെക്യൂരിറ്റി ഡെപ്പോസിറ്റ്, വാടക വർധനവിന്റെ വ്യവസ്ഥകൾ, നോട്ടീസ് കാലയളവ് എന്നിവ കരാറിൽ വ്യക്തമായി രേഖപ്പെടുത്തണം. ഇത് അവ്യക്തത ഇല്ലാതാക്കുകയും ചൂഷണം തടയുകയും ചെയ്യും.

രജിസ്ട്രേഷൻ നടപടിക്രമങ്ങൾ ലളിതം

ഓൺലൈൻ പോർട്ടലിൽ നേരിട്ട് രേഖകൾ അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യം രജിസ്ട്രേഷൻ പ്രക്രിയ ലളിതമാക്കും. അതിന് ആവശ്യമായ പ്രധാന രേഖകൾ ഇവയാണ് - തിരിച്ചറിയൽ രേഖകളായ ആധാർ, പാൻ കാർഡ്, പാസ്പോർട്ട് അല്ലെങ്കിൽ വോട്ടർ ഐഡി (ഇരു കക്ഷികൾക്കും). ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളായ വിൽപന രേഖ അല്ലെങ്കിൽ ഏറ്റവും പുതിയ കരമടച്ച രസീത് (വീട്ടുടമസ്ഥന്). ഇരു കക്ഷികളും സമ്മതിച്ച നിബന്ധനകൾ വിശദീകരിക്കുന്ന വാടക കരാറിന്റെ പകർപ്പ്. കരാർ പരിശോധിക്കാൻ രണ്ട് സാക്ഷികളും അവരുടെ തിരിച്ചറിയൽ രേഖകളും. ഡോക്യുമെന്റേഷൻ പൂർത്തിയാക്കിയ ശേഷം, കക്ഷികൾക്ക് ഡിജിറ്റലായോ സബ്-രജിസ്ട്രാർ ഓഫീസിൽ നേരിട്ടോ കരാറിൽ ഒപ്പിടുകയും തുടർന്ന് രജിസ്ട്രേഷൻ ഫീസ് അടയ്ക്കുകയും ചെയ്യാം.

പുതിയ വാടക കരാർ നിയമം റിയൽ എസ്റ്റേറ്റ് വിപണിക്ക് ഒരു പുതിയ മാനം നൽകും. നിയമപരമായ സുരക്ഷയും സുതാര്യമായ പ്രവർത്തനങ്ങളും ഉറപ്പാക്കുന്ന ഈ ചട്ടക്കൂട്, രാജ്യത്തിന്റെ വാടക സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്ക് ഒരു ഉറച്ച അടിത്തറ നൽകും എന്നതിൽ സംശയമില്ല.

Share this post