- Chinju MA
- 27 Apr 2026
മന്നത്തിനും ഗാലക്സിക്കും ഇടയിൽ 119 കോടിയുടെ പുതിയ സാമ്രാജ്യം; റിയൽ എസ്റ്റേറ്റ് വിപണിയെ ഞെട്ടിച്ച് രൺവീർ-ദീപിക നിക്ഷേപം
സാമ്പത്തിക വിപണിയിലെ ഏറ്റക്കുറച്ചിലുകൾക്കിടയിലും നിക്ഷേപകർക്ക് എന്നും ഉറച്ച തണലേകുന്ന മേഖലയാണ് റിയൽ എസ്റ്റേറ്റ്. കാലം കൂടുന്തോറും മൂല്യം വർദ്ധിക്കുന്ന ഭൂമിയും കെട്ടിടങ്ങളും സുരക്ഷിതമായ ഒരു സമ്പാദ്യമെന്ന നിലയിൽ ഇന്നും ഒന്നാം സ്ഥാനത്ത് തുടരുന്നു. ഈ വിപണിയുടെ സ്ഥിരതയും ദീർഘകാലാടിസ്ഥാനത്തിലുള്ള ലാഭസാധ്യതയും തിരിച്ചറിഞ്ഞ് ലോകമെമ്പാടുമുള്ള വൻകിട നിക്ഷേപകരും സെലിബ്രിറ്റികളും തങ്ങളുടെ ആസ്തിയുടെ സിംഹഭാഗവും പ്രോപ്പർട്ടികളിലാണ് ഇന്ന് നിക്ഷേപിക്കുന്നത്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ബോളിവുഡ് താരങ്ങളായ രൺവീർ സിങ്ങും ദീപിക പദുക്കോണും മുംബൈയിലെ പ്രൈം ലൊക്കേഷനിൽ സ്വന്തമാക്കിയ 119 കോടി രൂപയുടെ അത്യാഡംബര വസതി.
മുംബൈയുടെ ഹൃദയഭാഗമായ ബാന്ദ്ര ബാൻഡ്‌സ്റ്റാൻഡിൽ, അറബിക്കടലിന്റെ വശ്യസുന്ദരമായ കാഴ്ചകൾക്ക് അഭിമുഖമായാണ് ഈ കൊട്ടാരസദൃശമായ വസതി സ്ഥിതി ചെയ്യുന്നത്. നാഗ്പാൽ ഡെവലപ്പേഴ്‌സ് നിർമിച്ച 'സാഗർ രേഷാം' ഹൗസിങ് സൊസൈറ്റിയിലെ 16 മുതൽ 19 വരെയുള്ള നാല് നിലകളിലായാണ് 11,266 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ 'ക്വാഡ്രപ്ലെക്സ്' വീട് ഒരുങ്ങുന്നത്. കടൽക്കാഴ്ചകൾ ആസ്വദിക്കാൻ മാത്രമായി 1,300 ചതുരശ്ര അടിയുടെ വിശാലമായ ടെറസ് ഈ വസതിയുടെ പ്രൗഢി വർദ്ധിപ്പിക്കുന്നു. 2024-ൽ ഇതേ കെട്ടിടത്തിന്റെ 15-ാം നിലയിൽ 17.8 കോടി രൂപയ്ക്ക് ദീപിക മറ്റൊരു അപ്പാർട്മെന്റ് കൂടി സ്വന്തമാക്കിയിരുന്നു. ഇതോടെ ആധുനിക സൗകര്യങ്ങളുള്ള ഈ കെട്ടിടത്തിലെ ഏറ്റവും മികച്ച പ്രീമിയം സ്പേസുകളെല്ലാം ഈ താരദമ്പതികളുടെ സുരക്ഷിത നിക്ഷേപങ്ങളായി മാറി.
ലൊക്കേഷന്റെ പ്രാധാന്യമാണ് ഏതൊരു റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിന്റെയും മൂല്യം നിശ്ചയിക്കുന്നത്. ഷാറുഖ് ഖാന്റെ 'മന്നത്തിനും' സൽമാൻ ഖാന്റെ 'ഗാലക്സി അപ്പാർട്മെന്റിനും' തൊട്ടടുത്തായുള്ള ഈ പ്രോപ്പർട്ടി, ഇന്ത്യയിലെ തന്നെ ഏറ്റവും ഡിമാൻഡുള്ള ഇടങ്ങളിലൊന്നാണ്. വിമാനത്താവളത്തിലേക്കും പ്രധാന ബിസിനസ് ഹബ്ബായ ബാന്ദ്ര കുർള കോംപ്ലക്സിലേക്കുമുള്ള എളുപ്പവഴികൾ ഈ നിക്ഷേപത്തിന്റെ മൂല്യം വരുംവർഷങ്ങളിൽ ഇരട്ടിയാക്കുമെന്ന് ഉറപ്പാണ്. 'ധുരന്ധർ', 'കിങ്' തുടങ്ങിയ വൻ സിനിമകളിലൂടെ കരിയറിലെ മികച്ച സമയത്ത് നിൽക്കുന്ന താരങ്ങൾ തങ്ങളുടെ സമ്പാദ്യം ദീർഘകാലാടിസ്ഥാനത്തിൽ റിയൽ എസ്റ്റേറ്റിലേക്ക് മാറ്റുന്നത് വിവേകപൂർണ്ണമായ നിക്ഷേപതന്ത്രത്തിന്റെ ഭാഗമാണ്.
ബാന്ദ്രയിലെ ഈ പുതിയ പദ്ധതിക്ക് പുറമെ, മുംബൈ പ്രഭാദേവിയിലെ ബ്യൂമോണ്ടെ ടവേഴ്‌സിലെ ഫ്ലാറ്റും അലിബാഗിലെ 22 കോടി രൂപയുടെ ആഡംബര ബംഗ്ലാവും ഇവരുടെ റിയൽ എസ്റ്റേറ്റ് പോർട്ട്‌ഫോളിയോയുടെ മാറ്റുകൂട്ടുന്നു. വിരാട് കോലി ഉൾപ്പെടെയുള്ള പ്രമുഖർ അയൽക്കാരായ അലിബാഗിലെ ഇവരുടെ നിക്ഷേപം റിയൽ എസ്റ്റേറ്റ് രംഗത്തെ ദീർഘവീക്ഷണത്തിന് തെളിവാണ്. മുംബൈയുടെ ആകാശച്ചെരുവിലെ ഈ പുതിയ വസതിയിലേക്ക് താമസം മാറുന്നതോടെ, വെള്ളിത്തിരയിലെന്ന പോലെ റിയൽ എസ്റ്റേറ്റ് വിപണിയിലെയും കരുത്തുറ്റ നിക്ഷേപകരായി മാറുകയാണ് രൺവീറും ദീപികയും.