- Vinisha M
- 22 Dec 2025
വീട് വാങ്ങാൻ ഉദ്ദേശമുണ്ടോ? പണി പൂർത്തിയായ വീടോ, നിർമ്മാണത്തിലിരിക്കുന്ന വീടോ - ഏതു വാങ്ങിയാലാണ് റിസ്ക് കുറവ് ?
സ്വന്തമായി ഒരു വീട് അല്ലെങ്കിൽ! ഫ്ലാറ്റ് വാങ്ങുക എന്നത് ഏതൊരു സാധാരണക്കാരന്റെയും ഏറ്റവും വലിയ സ്വപ്നമാണ്. ആയുഷ്‌കാലത്തെ സമ്പാദ്യം മുഴുവൻ ഇതിനായി ചെലവഴിക്കുന്നതിനാൽ തന്നെ ഒരു അബദ്ധവും സംഭവിക്കാതെ കൃത്യമായ പ്ലാനിംഗ് നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്. പുതിയ വീട് വാങ്ങാൻ ഒരുങ്ങുമ്പോൾ പലരുടെയും മനസ്സിൽ ഉയരുന്ന പ്രധാന ആശയക്കുഴപ്പമാണ് നിർമാണം പുരോഗമിക്കുന്ന (അണ്ടർ കൺസ്‌ട്രക്‌ഷൻ) പ്രോപ്പർട്ടി വാങ്ങണോ, അതോ പണി പൂർത്തിയായി താമസിക്കാൻ സജ്ജമായ (റെഡി ടു മൂവ് ഇൻ) വീട് വാങ്ങണോ എന്നത്. അവയുടെ രണ്ടിന്റെയും ഗുണങ്ങളും ദോഷങ്ങളും ഇനി പറയാം.
നിർമാണം പുരോഗമിക്കുന്ന പ്രോപ്പർട്ടികൾ: നേട്ടങ്ങളും കോട്ടങ്ങളും
ഒരു ബിൽഡർ പ്ലോട്ട് വാങ്ങി നിർമാണാനുമതി നേടുമ്പോൾത്തന്നെ അത് 'അണ്ടർ കൺസ്‌ട്രക്‌ഷൻ' വിഭാഗത്തിൽ ഉൾപ്പെടുന്നു. ഇത്തരം വീടുകൾക്ക് പൊതുവെ റെഡി ടു മൂവ് ഇൻ വീടുകളെക്കാൾ 10 മുതൽ 30 ശതമാനം വരെ വിലക്കുറവുണ്ടാകും. അതിനാൽ, ഇത് ഒരു പോക്കറ്റ്-ഫ്രണ്ട്ലി ഓപ്ഷനായി കണക്കാക്കാം. നിർമാണത്തിൻ്റെ ഓരോ ഘട്ടങ്ങൾക്കനുസരിച്ചുള്ള പേയ്മെൻ്റ് ഘടന ഒറ്റയടിക്ക് വലിയ സാമ്പത്തിക ബാധ്യത ഒഴിവാക്കാനും വായ്‌പാ യോഗ്യത നേടാനും കാര്യങ്ങൾ പ്ലാൻ ചെയ്യാനും സമയം ലഭിക്കുന്നു. ഇഷ്ടപ്പെട്ട ലേഔട്ടുകൾ, ഇൻ്റീരിയറുകൾ, മറ്റ് ഡിസൈൻ ഘടകങ്ങൾ എന്നിവ തിരഞ്ഞെടുത്ത് ഇഷ്ടത്തിനൊത്ത് നിർമാണത്തിൽ മാറ്റങ്ങൾ വരുത്താൻ അവസരം ലഭിക്കുമെന്നതും ഒരു പ്രധാന ആകർഷണമാണ്. കൂടാതെ, പ്രോപ്പർട്ടി പൂർത്തിയാകുമ്പോഴേക്കും അതിൻ്റെ മൂല്യം വർധിക്കാൻ സാധ്യതയുള്ളതിനാൽ, ദീർഘകാല
നിക്ഷേപത്തിനും മൂല്യവർദ്ധനവിനും പ്രാധാന്യം നൽകുന്നവർക്ക് ഇത് അനുയോജ്യമാണ്. ആദ്യ ഉടമ നിങ്ങളായതിനാൽ കൈമാറ്റ സമയത്ത് ഏറ്റവും കുറഞ്ഞ രേഖകൾ മാത്രമേ ആവശ്യമായി വരാറുള്ളൂ.
ഗുണങ്ങൾക്കൊപ്പം ചില ദോഷവശങ്ങളുമുണ്ട്
ഇത്തരം വീടുകൾ സമയബന്ധിതമായി നിർമാണം പൂർത്തിയാക്കണമെന്നില്ല. കാലതാമസം അധിക പണച്ചെലവിനും ഇഎംഐ തിരിച്ചടവ് പ്രശ്‌നങ്ങളിലേക്കും നയിച്ചേക്കാം, അതിനാൽ വിശ്വസ്തരും പരിചയസമ്പന്നരുമായ ബിൽഡറെ തിരഞ്ഞെടുക്കുക എന്നത് ഇവിടെ പ്രധാനമാണ്. നിർമാണം പൂർത്തിയാകുമ്പോഴേക്കും തുടക്കത്തിൽ വാഗ്‌ദാനം ചെയ്‌ത ലേഔട്ടിലോ സൗകര്യങ്ങളിലോ മാറ്റം വരാനും കുറവ് സംഭവിക്കാനുമുള്ള സാധ്യതയുണ്ട്. നിർമാണ ഘട്ടത്തിൽ നിയമപരമായ തടസ്സങ്ങളോ എതിർപ്പുകളോ ഉണ്ടായാൽ ധനനഷ്ടം വരാനും റീഫണ്ട് നീണ്ടുപോകാനുമുള്ള സാധ്യത കണക്കിലെടുത്ത്, വസ്തു വാങ്ങുന്നതിനു മുൻപ് ഉടമസ്‌ഥാവകാശം, ബിൽഡിങ് പെർമിറ്റ് തുടങ്ങിയവ കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തണം. പ്ലാൻ ചെയ്തതിനേക്കാൾ അധിക തുക ചെലവായെന്നും വരാം
ഡെവലപ്‌മെൻ്റ് ഫീസ്, അധിക സൗകര്യങ്ങൾക്കുള്ള ചാർജ്, കാലതാമസം മൂലമുള്ള വിലവർധന എന്നിവയെല്ലാം ചേർന്ന് ബഡ്ജറ്റിന് മുകളിൽ പണം ചെലവാകാനും സാധ്യതയുണ്ട്.
റെഡി ടു മൂവ് ഇൻ പ്രോപ്പർട്ടികൾ
- ലാഭകരവും സമയ ലാഭവുമാണ്
പണി പൂർത്തിയായി, താമസത്തിന് സജ്ജമായ വീടുകൾ തിരഞ്ഞെടുക്കുന്നതിൻ്റെ ഏറ്റവും വലിയ നേട്ടം, പണം തയ്യാറായാൽ കാത്തിരിപ്പ് കാലാവധി ഇല്ലാതെ ഉടൻ തന്നെ വീട്ടിലേക്ക് മാറാം. വീടിൻ്റെ അവസാന രൂപം നേരിൽ കണ്ടുമനസ്സിലാക്കി വാങ്ങാൻ കഴിയുന്നതിനാൽ ലേഔട്ട്, ഡിസൈനിംഗ്, സൗകര്യങ്ങൾ എന്നിവയിൽ മാറ്റം വരുമെന്ന ആശങ്ക വേണ്ട. നിർമാണം പൂർത്തിയായ വീടുകൾക്ക് ഭവന വായ്‌പ ലഭിക്കാൻ താരതമ്യേന എളുപ്പമാണ്. പൂർത്തീകരണ സർട്ടിഫിക്കറ്റുള്ള (Completion Certificate) റെഡി ടു മൂവ് ഇൻ വീടുകൾക്ക് നിലവിൽ ജിഎസ്‌ടി നൽകേണ്ടതില്ല എന്നത് മറ്റൊരു പ്രധാന സാമ്പത്തിക നേട്ടമാണ്.
- എങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്...
നിർമാണം പൂർത്തിയാക്കിയ വീടുകൾക്ക് താരതമ്യേന വില 30 ശതമാനം വരെ അധികമാകാൻ സാധ്യതയുണ്ട്. ഫ്ലോറിംഗ്, ലേഔട്ട്, മറ്റ് സൗകര്യങ്ങൾ എന്നിവ ഉടമയുടെ ഇഷ്ടത്തിനനുസരിച്ച് രൂപകൽപ്പന ചെയ്യാനോ മാറ്റം വരുത്താനോ ഉള്ള സ്വാതന്ത്ര്യം കുറവായിരിക്കും. നിർമാണത്തിലിരിക്കുമ്പോൾ കെട്ടിട നിർമാണ സാമഗ്രികളുടെ ഗുണനിലവാരം കണ്ട് ഉറപ്പാക്കാനുള്ള അവസരം ഉടമകൾക്ക് ലഭിക്കുന്നില്ല. കൂടാതെ, പൂർത്തിയാക്കിയ വീട് എപ്പോഴും പുതിയതാകണമെന്നില്ല, പഴക്കം അനുസരിച്ച് അറ്റകുറ്റപ്പണികൾക്കും മെയിന്റനൻസിനുമുള്ള ചെലവ് വർധിച്ചെന്ന് വരാം
ചുരുക്കത്തിൽ, കുറഞ്ഞ വിലയും മനസ്സിനിണങ്ങിയ രൂപത്തിലുള്ള വീടും ആണ് ലക്ഷ്യമെങ്കിൽ വിശ്വസ്തരായ ബിൽഡർമാരുടെ നിർമാണം പുരോഗമിക്കുന്ന വീടുകൾ തിരഞ്ഞെടുക്കാം. എന്നാൽ, ഉടൻ താമസം, ഉറപ്പായ രൂപകൽപ്പന, ജിഎസ്ടി ഇളവ് എന്നിവയാണ് ആവശ്യമെങ്കിൽ റെഡി ടു മൂവ് ഇൻ പ്രോപ്പർട്ടികളാണ് മികച്ചത്. ഏത് തിരഞ്ഞെടുക്കുകയാണെങ്കിലും, നിയമപരമായ എല്ലാ രേഖകളും പരിശോധിക്കുകയും സാമ്പത്തിക കാര്യങ്ങൾ കൃത്യമായി പ്ലാൻ ചെയ്യുകയും ഒരു വിദഗ്ധൻ്റെ ഉപദേശം തേടുകയും ചെയ്യുന്നത് അബദ്ധങ്ങൾ ഒഴിവാക്കാൻ സഹായിക്കും.