- Chinju MA
- 15 Sep 2025
തിരുവനന്തപുരത്ത് സ്ഥലത്തിന് ഡിമാൻഡേറുന്നു, കെട്ടിടങ്ങൾ വാങ്ങിക്കൂട്ടാൻ സ്ത്രീകൾ മുന്നിൽ; അറിയാം കേരളത്തിലെ പുതിയ റിയൽ എസ്റ്റേറ്റ് ട്രെൻഡ്
അടിസ്ഥാന സൗകര്യ മേഖലയിൽ മികച്ച രീതിയിലുള്ള വികസന പ്രവർത്തനങ്ങളാണ് ഓരോ ദിനവും കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. മെട്രോ, പോർട്ട്, മികച്ച റോഡുകളിലൂടെയുള്ള അതിവേഗ വാഹനഗതാഗതം തുടങ്ങി അഭ്യസ്തവിദ്യരായ ജനങ്ങൾ ഉൾപ്പെടെ ഒരു സംരംഭത്തിന്റെ വളർച്ചയ്ക്ക് ആവശ്യമായ എല്ലാ മൂലകങ്ങളും ഇന്ന് കേരളത്തിലുണ്ട്. അതുകൊണ്ടുതന്നെ സംസ്ഥാനത്തിന് വെളിയിലുള്ള വമ്പന്മാർ പോലും കേരളത്തിൽ മികച്ച ഒരു ചുവടുവെപ്പിന് അവസരം കിട്ടിയാൽ അത് പാഴാക്കാറില്ല. അതോടൊപ്പം നമ്മുടെ നാട് കൈവിരിക്കുന്ന ഈ നേട്ടങ്ങളെല്ലാം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്നത് കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയിലാണ് എന്നു പറഞ്ഞാൽ തീരെ അതിശയിക്കേണ്ട കാര്യവുമില്ല. ഇപ്പോൾ സാമ്പത്തിക- സ്ഥിതിവിവരക്കണക്ക് വകുപ്പ് പുറത്തിറക്കിയ 'ബിൽഡിംഗ് സ്റ്റാറ്റിസ്റ്റിക്സ് 2022-23' റിപ്പോർട്ടിലെ കണക്കുകളും റിയൽ എസ്റ്റേറ്റ് മേഖലയുടെ ഈ നേട്ടത്തെ തന്നെയാണ് അടിവരയിട്ട് കാണിക്കുന്നത്.
ബിൽഡിംഗ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ പ്രകാരം 2022-23 വർഷത്തിൽ സംസ്ഥാനത്ത് പുതിയ കെട്ടിടങ്ങളുടെ സാന്ദ്രത ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയത് തിരുവനന്തപുരത്താണ്. കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയിൽ കാര്യമായ ഒരു കുതിച്ചു ചാട്ടം ഉണ്ടാക്കാൻ തക്കശേഷിയുള്ള വിഴിഞ്ഞം പോർട്ടും ഐടി മേഖലയിലെ വമ്പൻ നിക്ഷേപങ്ങളും ആണ് നമ്മുടെ തലസ്ഥാന നഗരിയെ കെട്ടിടങ്ങളുടെ ഇഷ്ട നഗരമാക്കി മാറ്റിയത്. പുറത്തുവന്ന കണക്കുകൾ പ്രകാരം ചതുരശ്ര കിലോമീറ്ററിൽ 34 പുതിയ കെട്ടിടങ്ങളാണ് തിരുവനന്തപുരത്തുള്ളത്. തലസ്ഥാന നഗരിയിൽ ഓലമേഞ്ഞ ഒരു വീടു പോലും 2022- 23 കാലയളവിൽ നിർമിക്കപ്പെട്ടിട്ടില്ല എന്നും റിപ്പോർട്ടിൽ പറയുന്നു. ഒരു ചതുരശ്ര കിലോമീറ്ററിൽ 25 പുതിയ കെട്ടിടങ്ങളുമായി രണ്ടാം സ്ഥാനത്ത് മലപ്പുറം ജില്ലയുണ്ട്. കേരളത്തിലെ മറ്റു ജില്ലകളിലും ഈ വളർച്ചയുടെ പ്രതിഫലനം കാണാൻ സാധിക്കും.
അതേസമയം സംസ്‌ഥാനത്ത് ആകെ വാസ യോഗ്യമായ വീടുകളുടെ എണ്ണം 10,919,039 ൽ എത്തി എന്നും റിപ്പോർട്ട് പറയുന്നു. ഏറ്റവും അധികം വാസയോഗ്യമായ വീടുകൾ ഉള്ളതും മലപ്പുറം ജില്ലയിലാണ്. രണ്ടാം സ്ഥാനത്ത് എറണാകുളം ജില്ലയും പതിനാലാം സ്‌ഥാനത്ത് വയനാട് ജില്ലയുമാണുള്ളത്.
വിദേശരാജ്യങ്ങളിലേയ്ക്കുള്ള കുടിയേറ്റം വർധിച്ച സാഹചര്യത്തിലും കേരളത്തിൽ വീടുകൾ നിർമ്മിക്കുന്ന പ്രവണത ശക്തമായി തന്നെ തുടരുന്നുണ്ട്.
സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയും നഗരവത്കരണവും പുരോഗമനത്തിൻ്റെ പാതയിലാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്. കേരളമൊട്ടാകെയുള്ള കണക്കെടുത്താൽ 2022 -23 വർഷത്തിൽ ആകെ 4,39,857 പുതിയ കെട്ടിടങ്ങളാണ് നിർമ്മിക്കപ്പെട്ടത്. ഇവയിൽ 72.21 ശതമാനവും റസിഡൻഷ്യൽ കെട്ടിടങ്ങളായിരുന്നു. കെട്ടിടങ്ങളിൽ 4,31,111 എണ്ണം സ്വകാര്യ വ്യക്തികളുടേതും 3,244 എണ്ണം സർക്കാർ അല്ലെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേതുമാണ്. പുതിയ കെട്ടിടങ്ങളുടെ എണ്ണത്തിൽ 62,576 കെട്ടിടങ്ങളുമായി മലപ്പുറം ജില്ല ഒന്നാം സ്ഥാനത്തെത്തി. ഇടുക്കി ജില്ലയാണ് പട്ടികയിൽ ഏറ്റവും പിന്നിൽ. 10,598 കെട്ടിടങ്ങളാണ് ഈ കാലയളവിൽ ജില്ലയിൽ നിർമിക്കപ്പെട്ടത്.
ഈ കണക്കുകളിൽ ഏറ്റവും എടുത്തു പറയേണ്ട ഒരു പ്രധാന സംഗതി റിയൽ എസ്റ്റേറ്റ് രംഗത്തെ സ്ത്രീ പ്രാതിനിധ്യം ആണ്.
കേരളത്തിൽ പുതിയതായി നിർമിക്കപ്പെട്ട ഓരോ മൂന്നു കെട്ടിടങ്ങളിലും ഒന്ന് സ്ത്രീകളുടെ ഉടമസ്‌ഥതയിലാണെന്നും റിപ്പോർട്ട് പറയുന്നു. ഈ കാലയളവിനുള്ളിൽ 4.31 ലക്ഷം പുതിയ കെട്ടിടങ്ങളാണ് കേരളത്തിൽ സ്വകാര്യ ഉടമസ്‌ഥതയിൽ നിർമിക്കപ്പെട്ടത്. ഇതിൽ 2.77 ലക്ഷവും പുരുഷന്മാരുടെ ഉടമസ്‌ഥതയിലുള്ളവയാണ്. ഒരു ലക്ഷം കെട്ടിടങ്ങളുടെ ഉടമസ്‌ഥർ സ്ത്രീകളാണ്. 53,055 കെട്ടിടങ്ങൾ കൂട്ടുടമസ്‌ഥതയിലും നാലെണ്ണം ട്രാൻസ്ജെൻഡർ വ്യക്തികളുടെ ഉടമസ്‌ഥതയിലുമാണ്.
സ്വത്ത് ഉടമസ്‌ഥതയുടെ കാര്യത്തിൽ ലിംഗസമത്വത്തിൽ ഒന്നാം സ്‌ഥാനത്ത് നിൽക്കുന്നത് കൊല്ലം ജില്ലയാണ്. ജില്ല വേർതിരിച്ചുള്ള കണക്കുപ്രകാരം കൊല്ലത്തെ ഓരോ 1.76 പുതിയ കെട്ടിടങ്ങളിലും ഒരെണ്ണം സ്ത്രീകളുടെ ഉടമസ്ഥതയിലാണ്. ഓരോ ജില്ലയിലെയും കണക്കുകൾ വ്യത്യസ്തമാണെങ്കിലും ഉടമസ്ഥതയിലെ ലിംഗസമത്വത്തിന്റെ കാര്യത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്‌ഥാനങ്ങളിൽ ഒന്ന് കേരളമാണെന്ന് വിദഗ്‌ധർ അഭിപ്രായപ്പെടുന്നു.
Share this post