• Chinju MA
  • 19 May 2025

പുതിയ വീട് വയ്ക്കാൻ പോവുകയാണോ; ഈ നാല് കാര്യങ്ങളിൽ വിട്ടുവീഴ്ച പാടില്ല

കുടുംബവുമൊത്ത് താമസിക്കാൻ സ്വന്തയൊരു വീട് സ്വപ്‌നം കാണാത്തവർ കുറവായിരിക്കും, ലോണെടുത്തായാലും വീട് വെയ്ക്കണമെന്ന ആഗ്രഹവുമായി നടക്കുന്ന നിരവധി ആളുകളാണ് നമ്മുടെ സമൂഹത്തിൽ ഉള്ളത്. എന്നാൽ വീട് വെയ്ക്കുക എന്നത് ചെറിയ കാര്യമല്ല. കൃത്യമായ പ്ലാനും മേൽനോട്ടവും ഇല്ലെങ്കിൽ ഒരു മനുഷ്യനെ കടക്കാരനാക്കാൻ  പോലും വീടുപണി കാരണമാകും. അതുമാത്രവുമല്ല വീട്  ഉദ്ദേശിച്ച പോലെ ഒന്നും ശരിയായില്ല
 എന്ന് പറഞ്ഞ് ജീവിതകാലം മുഴുവൻ വിഷമിക്കുന്ന ആളുകളും ഉണ്ട്.'കുറച്ചുകൂടി നന്നാക്കാമായിരുന്നു',  'ആർക്കിടെക്ട് ചതിച്ചു',  'കോൺട്രാക്ടർ പറ്റിച്ചു', ഇങ്ങനെയൊക്കെ ഭാവിയിൽ പറഞ്ഞ് വിഷമിക്കാതിരിക്കാൻ  ഇനി പറയുന്ന നാല് കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മതി. വീടുപണി അടിപൊളിയായി തീരുകയും ചെയ്യും നമുക്ക് പ്രശ്നങ്ങളൊന്നും ഉണ്ടാവുകയുമില്ല.

1.പ്ലാനിങ്ങാണ് മെയിൻ 

വീടു നിർമ്മിക്കുവാൻ ആഗ്രഹിക്കുന്നവർ ആദ്യം നടത്തേണ്ടത് ഒരു നല്ല പ്ലാനിങ് ആണ്. വീടിനെക്കുറിച്ച് സമഗ്രമായി ആസൂത്രണം ചെയ്യുകയും കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്യുക,നിർമ്മാണ പ്രക്രിയ ആരംഭിക്കുന്നതിന് മുമ്പ്  നിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൃത്യമായി ആസൂത്രണം ചെയ്ത് എല്ലാ കാര്യങ്ങളും അന്വേഷിക്കണം. ഒപ്പം വീട്ടിൽ വേണ്ട മുറികൾ, മുറികൾക്കുള്ളിലെ സൗകര്യങ്ങൾ, ഡിസൈൻ ശൈലി, മുറികളുടെ ഏകദേശ വലുപ്പം, ഇൻ്റീരിയർ അലങ്കാരങ്ങൾ തുടങ്ങിയ കാര്യങ്ങളെ കുറിച്ചെല്ലാം ഗൃഹപാഠം ചെയ്യണം. ഈ മേഖലയിലെ വിദഗ്ധരിൽ നിന്നും നിങ്ങൾക്ക് ഉപദേശവും തേടാം.

2.മണി പ്ലാൻ 

 പണത്തിനായി കൃത്യമായ ഒരു സ്രോതസ്സ് കണ്ടെത്തിയതിനുശേഷം മാത്രം വീട് നിർമ്മാണത്തിലേക്ക് കടക്കണം. നിർമ്മാണത്തിനു വേണ്ടി മാറ്റി വച്ചിട്ടുള്ള പണം തികയുന്നില്ലെങ്കിൽ എളുപ്പം പണം ആകാവുന്ന മറ്റു മാർഗ്ഗങ്ങളെക്കുറിച്ചും ചിന്തിക്കണം. നിക്ഷേപങ്ങൾ, സ്വർണ്ണം, ഏതെങ്കിലും വസ്തു വില്പന തുടങ്ങിയ കാര്യങ്ങളും ആവശ്യമെങ്കിൽ തുടക്കത്തിലെ ചിന്തിച്ചു വക്കേണ്ടതും അനുയോജ്യമായ സമയത്ത് പണമാക്കിയെടുക്കുകയും വേണം. ഹൗസിങ് ലോൺ ആവശ്യമെങ്കിൽ അനുയോജ്യമായ ബാങ്കിനെ കുറിച്ചും ലോൺ ഉപാധികൾ, പലിശ നിരക്ക് എന്നിവയെ കുറിച്ചും അന്വേഷിച്ച് അറിയണം.

3.ആർക്കിടെക്റ്റ് 

 വീടിനെക്കുറിച്ചുള്ള അഭിരുചികളോടും ഡിസൈൻ കാഴ്ച്ചപ്പാടുകളോടും ബജറ്റിനോടും ഒക്കെ ഇണങ്ങുന്ന അനുയോജ്യനായ ഒരു ആർക്കിടെക്ടിനെയോ ഡിസൈനറേയോ കണ്ടെത്തുക എന്നതാണ് മറ്റൊരു പ്രധാന കാര്യം. ഓരോ ആർക്കിടെക്ടും വീട് രൂപകൽപ്പനയിൽ വിത്യസ്ത ആശയങ്ങളും ഡിസൈൻ കാഴ്ച്ചപ്പാടും ഉള്ളവരാണ്. ചിലർ ഏതെങ്കിലും ഡിസൈൻ ശൈലി മാത്രം പിന്തുടരുന്നവരും ആകാം. ഇത് കൃത്യമായി മനസിലാക്കുകയും മുൻപ് ഇവർ ചെയ്തിട്ടുള്ള വീടുകൾ, അതിന്റെ ഡിസൈൻ ഇതൊക്കെ വിലയിരുത്തി നമ്മുടെ വീടെന്ന സങ്കൽപ്പങ്ങളോട് ചേരുന്നതാണോ എന്ന് അറിഞ്ഞിരിക്കണം. ആർക്കിടെക്ടിന്റെ ഫീസ്, അതിന്റെ പേയ്മൻറ് ഘട്ടങ്ങൾ, അവർ നൽകുന്ന സേവനങ്ങൾ, നിർമാണ ഘട്ടങ്ങളിൽ സൈറ്റിൽ അവർ എത്ര തവണ സന്ദർശിക്കും, എഗ്രിമെന്റ്, തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഡിസൈൻ തുടങ്ങും മുമ്പ് ചർച്ച ചെയ്യണം. ഫ്ലോർ പ്ലാൻ, ത്രീഡി, വർക്കിങ് ഡ്രോയിങ്ങ് , സ്ട്രക്ച്ചറൽ ഡിസൈൻ ഡ്രോയിങ്ങ് , നിർമാണ അനുമതി നേടിയെടുക്കാൻ വേണ്ട ഫയലുകൾ, നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലേക്കുള്ള വിശദമായ ഡ്രോയിങ്ങുകൾ, ഇലക്ട്രിക്കൽ, പ്ലംബിങ്ങ് ഡ്രോയിങ്ങുകൾ, ഇന്റീരിയർ ഡിസൈൻ ഡ്രോയിങ്ങുകൾ തുടങ്ങി വിവിധ കാര്യങ്ങൾ ഒരു വീട് പണിക്ക് ആവശ്യമാണ്. ഇതിൽ ഏതൊക്കെ സേവനങ്ങൾ ആണ് നമുക്ക് വേണ്ടത് എന്നും ഏതൊക്കെ സേവനങ്ങൾ ആർക്കിടെക്ടിൽ നിന്ന് ലഭിക്കും എന്നും കൃത്യമായി മനസിലാക്കിയിരിക്കണം.  നമ്മുടെ സങ്കൽപ്പങ്ങളോട് ചേരുന്ന വീടിന്റെ പടങ്ങളോ വീഡിയോയോ ആർക്കിടെക്ടിനെ ഒരു റഫറൻസിനു കാണിക്കാം. ബജറ്റ് എത്രയാണെന്ന് ആദ്യമേ കൃത്യമായി പറഞ്ഞിരിക്കണം. ഏതുതരത്തിലുള്ള വീടാണ് നമ്മൾ ആഗ്രഹിക്കുന്നതെന്നും, വീടിനുള്ളിലെ സൗകര്യങ്ങൾ എന്തൊക്കെ വേണമെന്നും കൃത്യമായി പറയുകയോ എഴുതിത്തയ്യാറാക്കിയത് നൽകുകയോ ചെയ്യാം. വീട് നിർമ്മിക്കുന്ന ഗൃഹനാഥനെയും കുടുംബാംഗങ്ങളെയും പറ്റിയുള്ള പശ്ചാത്തലം, ലൈഫ് സ്റ്റൈൽ ഒക്കെ ആർക്കിടെക്റ്റ് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. അതനുസരിച്ച് രൂപപ്പെടുത്തുന്ന ഡിസൈൻ വീട്ടിനുള്ളിലും വീട്ടുകാരുടെ വ്യക്തിത്വം പ്രതിഫലിപ്പിക്കും.

4.വീട് പണി കോൺട്രാക്ട് കൊടുക്കുമ്പോൾ ശ്രദ്ധിക്കണം 

 അനുയോജ്യനായ ഒരു കോൺട്രാക്ടറെ കണ്ടെത്തുന്നതിന് നിർമ്മാണത്തിന് വിവിധ കോൺട്രാക്ടർമാരിൽ നിന്ന് കൊട്ടേഷൻ എടുക്കുന്നത് നല്ലതായിരിക്കും. ആർക്കിടെക്റ്റിന്റെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചുകൊണ്ടാണ് കോൺട്രാക്ടറിനെ തീരുമാനിക്കേണ്ടത്. കോൺട്രാക്ടർ മുൻപ് ചെയ്തിട്ടുള്ള വീടുകൾ വിലയിരുത്തുകയും ഗുണനിലവാരത്തെപറ്റി വിശദമായി അന്വേഷിക്കുകയും വേണം.
കൃത്യവും വ്യക്തവുമായ ഉടമ്പടി കോൺട്രാക്ടറുമായി ഉണ്ടാക്കി കൊണ്ട് വേണം വീട് നിർമ്മാണം മുന്നോട്ടു കൊണ്ടു പോകേണ്ടത്. നിർമ്മാണത്തിന് ഉപയോഗിക്കുന്ന വിവിധ മെറ്റീരിയലുകൾ, അവയുടെ ഗുണനിലവാരം, ഓരോ ഘട്ടങ്ങൾ പൂർത്തിയാക്കാൻ എടുക്കുന്ന കാലാവധി, പണമിടപാടിന്റെ വ്യവസ്ഥകൾ എന്നിവയെല്ലാം കരാറിൽ ഉണ്ടായിരിക്കണം. മെറ്റീരിയൽ കോൺട്രാക്ട് ആണോ ലേബർ കോൺട്രാക്ട് ആണോ എന്ന കാര്യവും ആദ്യം തന്നെ തീരുമാനിക്കണം. 

 പ്രധാനമായും ഇത്രയും കാര്യങ്ങൾ  ശ്രദ്ധിച്ചു മുന്നോട്ടു പോയാൽ   അധികം ബുദ്ധിമുട്ടുകൾ ഒന്നും നേരിടാതെ വീടുപണി പൂർത്തിയാക്കാനും മനോഹരമായ വീട്ടിൽ അതിലും മനോഹരമായ ജീവിതം സാധ്യമാക്കാനുമാകും.

Share this post