- Chinju MA
- 26 May 2025
നല്ല മഴ വരുന്നുണ്ടേ..! വീട് സംരക്ഷിക്കാൻ ഉറപ്പായും ഇക്കാര്യങ്ങൾ ചെയ്തിരിക്കണം
വേനൽക്കാലം ഏതാണ്ടൊക്കെ അവസാനിക്കാറായി. എരിതീയിൽ നിന്ന് വറചട്ടിയിലേക്ക് എന്ന് പറയും പോലെയാണ് വേനലിന്റെ തൊട്ടാൽ പൊള്ളുന്ന ചൂടിൽ നിന്ന് ചറപറ പെയ്യുന്ന മഴക്കാലത്തിലേക്ക് കടക്കുന്ന ഓരോ വീടുകളുടെയും അവസ്ഥ. വെയിലിൽ ചൂടും പൊടിയും കൊണ്ട് ബുദ്ധിമുട്ടിയിരുന്ന വീടുകൾ മഴയാകുമ്പോൾ ഈർപ്പവും ചെളിയും പൂപ്പലും കൊണ്ട് വലയും.
വീട്ടുപകരണങ്ങൾ നശിക്കാനും രോഗങ്ങൾ പിടിപെടാനും ഇതിലും വലിയ കാരണങ്ങളൊന്നും വേണ്ട. അതുകൊണ്ട്തന്നെ നല്ല കരുതലോടെ വേണം മൺസൂൺ കാലത്തിനു വേണ്ടി വീടിനെ ഒരുക്കി എടുക്കാൻ. അതിനുവേണ്ട തയ്യാറെടുപ്പുകൾ ഒന്ന് നോക്കാം.
- മേൽക്കൂരകളും പാത്തികളും നോക്കണേ
മഴക്കാലം എത്തുന്നതിനു മുന്നേ വീടിന്റെ മുകളിഭാഗവും വെള്ളം ഒഴുകുന്ന പാത്തികളും വൃത്തിയാക്കാൻ മറക്കരുത്. കാരണം ബ്ലോക്കുള്ള പാത്തികളിൽ വെള്ളം കെട്ടിനിന്ന് വീടിനകത്തേക്ക് വരാനിടയാക്കും. ഇത് ചുമരുകളിൽ ഈർപ്പം നിലനിൽക്കാനും കാരണമാകും. വാട്ടർപ്രൂഫിങ് നടത്തുന്നതും ജോയിന്റുകൾ ശരിയായിവെക്കുന്നതും ചോർച്ച തടയും. വെള്ളം പെട്ടെന്ന് ഒഴുകിപ്പോകാൻ മേൽക്കൂരയ്ക്ക് ചെറിയൊരു ചരിവുണ്ടെന്ന് ഉറപ്പുവരുത്തുക.
- വീടിന് കാവലൊരുക്കാം
മഴയിൽ നിന്നുള്ള വീട് സംരക്ഷണത്തിൽ വാതിലുകൾക്കും ജനലുകൾക്കും വലിയ പങ്കുണ്ട്. വീടിനകത്തേക്ക് മഴവെള്ളം കയറുന്നത് തടയാൻ ജനലിന് മുകളിൽ സൺഷേഡ് നൽകാം. ബാൽക്കണികളോ ടെറസോ ഉണ്ടെങ്കിൽ അത് പൂർണമായും മൂടുംവിധം രൂപകൽപന ചെയ്യുന്നത് വീടിന്റെ സംരക്ഷണത്തിന് സഹായിക്കും. മഴ കൂടുതൽ ലഭിക്കുന്ന ഇടങ്ങളിലെ ചരിഞ്ഞ മേൽക്കൂരകളും സൺഷെയിഡും വെള്ളം അകത്തുകടക്കാതിരിക്കാൻ സഹായിക്കും.
- എക്സ്റ്റീരിയറിന്റെ സംരക്ഷണം
വീടിന്റെ ബാൽക്കണികൾ, സ്റ്റെപ്പുകൾ പുറംചുമരുകൾ എന്നിവയെല്ലാം എപ്പോഴും വെള്ളവും മറ്റുമായി നേരിട്ടിടപഴകുന്നതിനാൽ വെള്ളത്തെ തടയുന്ന ഈടുള്ള വസ്തുക്കൾ ഉപയോഗിക്കാം. ആന്റി സ്കിഡ് ടൈൽസ്, കമ്പോസിറ്റ് വുഡ്, കല്ലുകൾ എന്നിവ ഔട്ട് ഡോർ ഫ്ളേറിങിനായി ഉപയോഗിക്കാം.
- വാട്ടർ പ്രൂഫ് പെയിന്റ്
പറ്റുമെങ്കിൽ മഴക്കാലത്തിനു മുന്നേ വീടിന്റെ പുറംചുമരിൽ വാട്ടർ പ്രൂഫ് പെയിന്റ് ചെയ്യുന്നത് ഈർപ്പം തടയാൻ സഹായിക്കും. ഇത് ഇൻ്റീരിയറുകളിലേക്ക് ബാധിക്കാൻ സാധ്യതയുള്ള ദുർഗന്ധത്തേയും ഈർപ്പത്തേയും ഇല്ലാതാക്കി പെയിന്റ് പൊളിഞ്ഞുപോകുന്നത് ഇല്ലാതാക്കുന്നു.
- വീട്ടുപകരണങ്ങൾക്ക് നൽകാം പ്രത്യേകം ശ്രദ്ധ
മഴക്കാലം തുടങ്ങുന്നതിനു മുന്നോടിയായി കാർപെറ്റുകൾ, കുഷ്യൻ, കിടക്കകൾ, ഇവ വെയിൽ കൊള്ളിച്ച് ഈർപ്പം തട്ടാത്തവിധം സൂക്ഷിക്കുക. നന്നായി വെയിൽ കൊള്ളിക്കുന്നത് കാർപെറ്റുകൾക്കും മറ്റും പുതുമയും വൃത്തിയും നൽകുകയും ദുർഗന്ധം അകറ്റുന്നതിന് സഹായിക്കുകയും ചെയ്യും. മഴക്കാലത്ത് ഏറെ സംരക്ഷണം വേണ്ട ഒന്നാണ് തടികൊണ്ടുള്ള ഫർണിച്ചറുകൾ. ഫർണിച്ചറുകളിലെ പൂപ്പലുകൾ വീട്ടിലുള്ളവരുടെ മൊത്തം ആരോഗ്യത്തെ ബാധിക്കാൻ കാരണമാകും. ചില തരം പ്രാണികളും തടിസാധനങ്ങളെ കേടുവരുത്താൻ ഇടയുണ്ട്. കർപ്പൂരം, വേപ്പ് ഇവയുടെ സാന്നിധ്യം പ്രാണികളെ അകറ്റും. അതേപോലെ ഫർണിച്ചറുകൾ പ്ലാസ്റ്റിക്ക് കവറുകൾ കൊണ്ട് പൊതിഞ്ഞ് ഈർപ്പം തട്ടാതെ സൂക്ഷിക്കാൻ ശ്രമിക്കാം. ചുമരുകളിൽനിന്നും ജനാലകളിൽനിന്നും അൽപമകലം പാലിച്ച് സോഫകളും മറ്റു ഫർണിച്ചറുകളും സെറ്റ് ചെയ്യാം.
മണ്ണെണ്ണ, ഗ്ലിസറിൻ എന്നിവ പുരട്ടുന്നതും മഴക്കാലത്ത് ഫർണിച്ചറുകളെ സംരക്ഷിക്കും. ചിതലുകളെ അകറ്റുന്ന കാര്യത്തിന് പ്രത്യേക പ്രാധാന്യം നൽകേണ്ടതുണ്ട്.
മെറ്റൽ ഉപകരണങ്ങൾ വെള്ളം നനയാതെ സൂക്ഷിക്കുക. ഈർപ്പമുണ്ടെങ്കിൽ ഇത്തരം മെറ്റൽ ഉത്പന്നങ്ങളിൽ തുരുമ്പ് പിടിക്കാൻ ഇടയാകും. ഈർപ്പമുണ്ടാകുന്ന സാഹചര്യങ്ങളിൽ നിന്നും ഇലക്രോണിക് ഉപകരണങ്ങൾ മാറ്റിവയ്ക്കാനും ശ്രദ്ധിക്കണം.
Share this post