- Chinju MA
- 05 May 2025
സ്വന്തം വീട്ടിൽ മതിൽ കെട്ടാനും അനുമതി വാങ്ങണോ? അറിഞ്ഞിരിക്കണം ഈ നിയമങ്ങൾ
ഇക്കാലത്തെ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ വീടും പറമ്പും എല്ലാം മതിൽ കെട്ടി സംരക്ഷിക്കുന്നതാണ് ഏറ്റവും ഉത്തമം. എന്നാൽ സ്വന്തം വീടിന്റേയോ സ്ഥലത്തിന്റേയോ അതിർത്തിയോട് ചേർന്ന് മതിൽ കെട്ടാൻ സർക്കാരിന്റേയോ തദ്ദേശ സ്ഥാപനത്തിന്റേയോ അനുമതി ആവശ്യമുണ്ടെന്ന് പലർക്കും അറിയാത്ത ഒരു കാര്യമാണ്.
കെട്ടിട നിർമ്മാണ ചട്ട പ്രകാരം പൊതു നിരത്തിനോടോ, പൊതുസ്ഥലത്തിനോടോ, പൊതു ജലാശയത്തിനോടോ ചേർന്ന് നിർമിക്കുന്ന മതിലിനു അനുമതി ലഭ്യമാക്കേണ്ടതാണ്. മറ്റുള്ള വശത്ത് മതില് കെട്ടുന്നതിന് അനുമതി ആവശ്യമില്ല. എന്നാൽ അനുമതി ആവശ്യമുള്ള സ്ഥലങ്ങളിൽ ചട്ടപ്രകാരമുള്ള ഫീസ് അടയ്‌ക്കണം.
ഇതിനായി ചുറ്റുമതിൽ പണിയാൻ ഉദ്ദേശിക്കുന്ന വ്യക്തി സ്വന്തം കൈപ്പടയിൽ ഒരു അപേക്ഷ എഴുതി, നിശ്ചിത തുകയുടെ കോർട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ച് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ സമർപ്പിക്കണം. അപേക്ഷയോടൊപ്പം നിങ്ങളുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ (ഉടമസ്ഥാവകാശ രേഖ, ആധാരം, റവന്യൂ-നികുതി രസീതുകൾ എന്നിവയുടെ പകർപ്പുകൾ) സമർപ്പിക്കണം. കൂടാതെ, പ്ലോട്ടിന്റെ സൈറ്റ് പ്ലാനും നൽകണം. പ്ലോട്ടുമായി അതിർത്തി പങ്കിടുന്നതോ പ്ലോട്ടിലേക്ക് നയിക്കുന്നതോ ആയ എല്ലാ റോഡുകളുടെയും (നീളവും വീതിയും) വിശദാംശങ്ങൾ സൈറ്റ് പ്ലാനിൽ ഉൾപ്പെടുത്തണം. റോഡ് ജംഗ്ഷനുകളിൽ മതിൽ നിൽക്കുന്നുണ്ടെങ്കിൽ, ഇനി പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ബെൽ-മൗത്ത് വിടണം:
12 മീറ്ററിൽ താഴെ വീതിയുള്ള റോഡുകളിൽ, മൂലയിൽ നിന്ന് ഇരുവശത്തേക്കും കുറഞ്ഞത് 3 മീറ്റർ നീളമുള്ള മതിലായിരിക്കണം. റോഡിന് 12 നും 21 മീറ്ററിനും ഇടയിലുള്ള വീതിയാണെങ്കിൽ, മതിലിന് ഇരുവശത്തേക്കും 4.5 മീറ്റർ നീളമുണ്ടായിരിക്കണം. 21 മീറ്ററിൽ കൂടുതൽ വീതിയുള്ള റോഡുകൾക്ക് ഇത് 6 മീറ്ററായിരിക്കണം. അതിർത്തി പങ്കിടുന്ന റോഡിന് 5 മീറ്ററിൽ താഴെ വീതിയുണ്ടെങ്കിൽ, ബെൽ-മൗത്തിന്റെ ആവശ്യമില്ല.
സാധാരണയായി ഈ പറഞ്ഞ മാനദണ്ഡങ്ങൾ എല്ലാം പാലിച്ച് അപേക്ഷ സമർപ്പിച്ചാൽ പതിനഞ്ച് ദിവസത്തിനുള്ളിൽ പെർമിറ്റ് ലഭിക്കും. നിർമ്മാണം പൂർത്തിയായ ശേഷം കംപ്ലീഷൻ റിപ്പോർട്ട് സെക്രട്ടറിക്ക് സമർപ്പിക്കണം.
Share this post