• Chinju MA
  • 02 Mar 2026

ഭൂമിയുടെ ന്യായ വില/ ഫെയർ വാല്യൂ അറിയാൻ ഇനി എവിടെയും പോകേണ്ട; മൊബൈൽ ഫോണിൽ നിമിഷനേരം കൊണ്ട് കണ്ടെത്താം

സ്വന്തമായൊരു ഭൂമി എന്നത് ഏതൊരാളുടെയും സ്വപ്നമാണ്. എന്നാൽ ഭൂമി വാങ്ങുമ്പോഴോ വിൽക്കുമ്പോഴോ വെറും വാഗ്ദാനങ്ങൾക്കും വിപണി വിലയ്ക്കുമപ്പുറം നമ്മൾ അറിഞ്ഞിരിക്കേണ്ട ചില സാങ്കേതിക വശങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് 'ഭൂമിയുടെ ന്യായവില' (Fair Value of Land). ആധാരമെഴുത്തിനും രജിസ്ട്രേഷൻ നടപടികൾക്കുമുള്ള മുദ്രപ്പത്ര വിലയും രജിസ്ട്രേഷൻ ഫീസും നിശ്ചയിക്കുന്നത് ഈ ന്യായവിലയുടെ അടിസ്ഥാനത്തിലാണ്. ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കാൻ സർക്കാർ നിശ്ചയിച്ചിട്ടുള്ള ഈ വില ഇനി ആരുടെയും സഹായമില്ലാതെ നിങ്ങളുടെ മൊബൈൽ ഫോണിലൂടെ തന്നെ നിമിഷങ്ങൾക്കുള്ളിൽ കണ്ടെത്താം.


മൊബൈൽ ഫോണിൽ ന്യായവില എങ്ങനെ പരിശോധിക്കാം?


കേരള രജിസ്ട്രേഷൻ വകുപ്പിന്റെ ഔദ്യോഗിക പോർട്ടൽ വഴി ലളിതമായ 5 ഘട്ടങ്ങളിലൂടെ ന്യായവില മനസ്സിലാക്കാം. ഗൂഗിളിൽ Registration Department കേരള എന്ന് സെർച്ച് ചെയ്യുകയോ keralaregistration.gov.in എന്ന വെബ്സൈറ്റിൽ നേരിട്ട് പ്രവേശിക്കുകയോ ചെയ്യുക.


ഹോം പേജിൽ താഴേക്ക് സ്ക്രോൾ ചെയ്യുമ്പോൾ കാണുന്ന 'Fair Value of Land' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. പുതിയ പേജിൽ 'Click here to search Fair Value of Land' എന്നത് തിരഞ്ഞെടുക്കുക. തുടർന്ന് നിങ്ങളുടെ ഭൂമി സ്ഥിതി ചെയ്യുന്ന ജില്ല, ആർ.ഡി.ഒ (RDO), താലൂക്ക്, വില്ലേജ് എന്നിവ സെലക്ട് ചെയ്യുക. നിങ്ങളുടെ പക്കൽ വസ്തുവിന്റെ റീ-സർവ്വേ നമ്പർ (Re-survey Number) ഉണ്ടെങ്കിൽ അത് നൽകുക. ഇത് കൂടുതൽ കൃത്യമായ ഫലം നൽകാൻ സഹായിക്കും. ശേഷം 'View Fair Value' ബട്ടണിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ നിങ്ങളുടെ സ്ക്രീനിൽ ഭൂമിയുടെ തരം (Land Type), നിശ്ചയിക്കപ്പെട്ട ന്യായവില എന്നിവ തെളിയും. ആവശ്യമെങ്കിൽ ഇതിന്റെ ഗസറ്റ് വിജ്ഞാപനം പി.ഡി.എഫ് രൂപത്തിൽ ഡൗൺലോഡ് ചെയ്യാനും സാധിക്കും.


വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വില ഒരു 'ആർ' എന്ന അളവിലായിരിക്കും.

ഒരു ആർ എന്നത് ഏകദേശം 2.47 സെന്റ് ഭൂമിയാണ്. അതിനാൽ ലഭിക്കുന്ന തുകയെ 2.47 കൊണ്ട് ഭാഗിച്ചാൽ ഒരു സെന്റ് ഭൂമിയുടെ ന്യായവില ലഭിക്കും.

Share this post