- Chinju MA
- 09 Jun 2025
മഴപെയ്താൽ വീട്ടിൽ വെള്ളം കയറുന്നുണ്ടോ; എങ്കിൽ വീട് ഒന്ന് ഉയർത്തിയാലോ, പരിചയപ്പെടാം ഹൗസ് ലിഫ്റ്റിഗ് ടെക്നോളജി .
പ്രളയ ശേഷം കേരളത്തിലെ നിർമ്മാണ മേഖലയിൽ പരക്കെ കേട്ടുവരുന്ന ഒരു കാര്യമാണ് ഹൗസ് ലിഫ്റ്റിഗ് എന്നത്. വര്‍ഷങ്ങളുടെ കഠിനാധ്വാനം കൊണ്ടുണ്ടാക്കിയ വീട് വെള്ളപ്പൊക്ക ഭീഷണിയെ തുടർന്നോ മറ്റെന്തെങ്കിലും പ്രശ്നങ്ങളെ തുടർന്നോ പൊളിച്ചു കളയേണ്ടി വരും എന്ന ഭീതിയിൽ കഴിഞ്ഞിരുന്ന നിരവധി പേർക്കാണ് ഈ ആശയം ആശ്വാസമേകിയത്.
വെള്ളക്കെട്ടുകളില്‍നിന്നുള്ള സംരക്ഷണം മാത്രമല്ല, അടിത്തറ ബലപ്പെടുത്താനും, കെട്ടിടങ്ങളോ വീടുകളോ ചെരിഞ്ഞാല്‍ ഇവ ശരിയായ രീതിയിലാക്കാനും ഈ വിദ്യഉപയോഗിക്കുന്നുണ്ട്. പൊതുവെ, റോഡുകളേക്കാള്‍ താഴ്ന്ന നിലയിലുള്ള വീടുകളാണ് ഈ മാര്‍ഗത്തിലൂടെ കൂടുതലായും ഉയര്‍ത്തുന്നത്. ഈ സാങ്കേതിക വിദ്യയുടെ കൂടുതൽ വിവരങ്ങൾ വിശദമായി ഒന്നു നോക്കാം.
- വീട് ഉയർത്തുന്നത് എങ്ങനെ
ജാക്കി ഉപയോഗിച്ചാണ് വീട് ഉയർത്തുന്നത്. അതിനുശേഷം പുതിയ അടിത്തറ കെട്ടി ഉറപ്പിക്കുന്നു. വീടിന്റെ അടിത്തറയ്ക്കു താഴെ ഓരോന്നായി ഇരുമ്പ് ജാക്ക് പിടിപ്പിച്ച് വീട് മുഴുവനായി ജാക്കിന് മുകളിൽ വരുംവിധം ക്രമീകരിക്കുകയും അതിനുശേഷം ഒരേ അളവിൽ ജാക്ക് തിരിച്ച് വീട് ഉയർത്തിയശേഷമാണ് കട്ടകെട്ടി ബലപ്പെടുത്തുക. ഈ മേഖലയിൽ പരിശീലനം ലഭിച്ചവരാണ് ഇത് ചെയ്യുന്നത്. അടിത്തറയ്ക്കു താഴെ കോൺക്രീറ്റ് ബെൽറ്റുള്ള വീടുകളാണെങ്കിൽ ജാക്കി പിടിപ്പിക്കാൻ എളുപ്പമായതിനാൽ വേഗത്തിൽ ജോലി പൂർത്തിയാക്കാൻ സാധിക്കും. ഇരുമ്പിൻ്റെ സി ചാനൽ പൈപ്പ് പിടിപ്പിച്ച് അതിന്മേൽ ജാക്കി ഉറപ്പിച്ച് കോൺക്രീറ്റ് ബെൽറ്റ് ഇല്ലാത്ത വീടുകൾ ഉയർത്താം. മൂന്നടിയാണ് വീട് ഉയർത്തുന്ന ഏറ്റവും കുറഞ്ഞ ഉയരം.
- ചെലവ് കുറവ്
പൊളിച്ചുപണിയുന്നതിന്‍റെ നാലിലൊന്ന് ചെലവ് മാത്രമാണ് വീട് ഉയര്‍ത്താന്‍ വേണ്ടിവരുക. ഉദാഹരണത്തിന് 1000 ചതുശ്രയടി വിസ്തീര്‍ണമുള്ള വീട് പൊളിച്ചുപണിയാന്‍ 20 ലക്ഷം രൂപ വരുകയാണെങ്കില്‍, ഇതേ വീട് ഉയര്‍ത്താന്‍ പരമാവധി അഞ്ചു ലക്ഷം രൂപ മാത്രമാണ് ചെലവ് വരുക
- വയറിങ്, പ്ലംബിങ്
വീടുയര്‍ത്തിക്കഴിഞ്ഞാല്‍ ആദ്യത്തെ പണി തറ പ്ലാസ്റ്ററിങ്ങാണ്. മണ്ണ് നിറച്ച് നിലം പണി ചെയ്ത ശേഷം ടൈല്‍ വിരിക്കണം. ഉയർത്തിയ ഭാഗത്തെ വയറിങ്, പ്ലംബിങ് എന്നിവ വീണ്ടും ചെയ്യേണ്ടിവരും. മുകളിലേക്കുള്ളവ മാറ്റേണ്ടിവരില്ല.പൊളിച്ചുപണിയുകയോ പുതിയ വീട് നിര്‍മിക്കുകയോ ചെയ്യുമ്പോള്‍ ഒരുപാട് ജോലി ചെയ്യേണ്ടിവരുന്നിടത്ത് മിനിമം വര്‍ക്ക് മാത്രമാണ് ഇവിടെ വേണ്ടിവരുക.
- നിയമ തടസ്സമില്ല
വീട് ഉയര്‍ത്തല്‍ പുതുക്കിപ്പണിയല്‍ എന്ന വിഭാഗത്തിലാണ് വരുക. അതിനാല്‍ തദ്ദേശ സ്ഥാപനത്തിൽനിന്ന് പ്രത്യേക അനുമതി വാങ്ങേണ്ടതില്ല. ആധാരത്തില്‍ നിലമായി രേഖപ്പെടുത്തിയ പഴയ വീടുകള്‍ പൊളിച്ചുപണിയാന്‍ പലപ്പോഴും അനുമതി ലഭിക്കില്ല. എന്നാല്‍, ഉയര്‍ത്തലിന് ഈ തടസ്സമില്ല.
ഇങ്ങനെ വളരെ ലളിതമായ ചില നടപടികൾ വഴി വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു സാങ്കേതികവിദ്യ ആയതിനാൽ കാലപ്പഴക്കം കൊണ്ടോ ഭൗതിക സാഹചര്യങ്ങളിലെ മാറ്റം കൊണ്ടോ വീട് അല്‍പം ഉയര്‍ത്തണമെന്ന് തോന്നുന്നവര്‍ക്ക് സ്വീകരിക്കാവുന്ന മികച്ച രീതികളിലൊന്നാണ് ഈ ഹൗസ് ലിഫ്റ്റിങ്.
Share this post