• Chinju MA
  • 16 Jun 2025

കോടികളുടെ റിയൽ എസ്റ്റേറ്റ് ട്രെൻഡ് വീണ്ടും; ഗുരുഗ്രാമിൽ 69 കോടിയുടെ അപാർട്ട്മെൻ്റ് സ്വന്തമാക്കി ശിഖർ ധവാൻ !

റിയൽ എസ്റ്റേറ്റ് മേഖലയെ സുരക്ഷിത നിക്ഷേപമായി കാണുന്ന സൂപ്പർ താരങ്ങളുടെ എണ്ണം ദിനംപ്രതി വർധിച്ചു വരികയാണ്. കണ്ണായ സ്ഥലങ്ങളിലുള്ള വൻകിട കമ്പനികളുടെ കോടികളുടെ പ്രൊജക്ടുകൾ ചൂടപ്പം പോലെയാണ്  ഇന്ന് വിറ്റുപോകുന്നത്. സിനിമ, കായിക മേഖലയിലുള്ള താരങ്ങളാണ് ഇതിൽ പലതും വാങ്ങി കൂട്ടുന്നത്. റിസ്കില്ലാത്ത നിക്ഷേപവും ആഡംബരം കാണിക്കാനുള്ള മാർഗ്ഗവും ഒരുമിച്ച് കിട്ടും എന്നതാണിതിന്റെ ഏറ്റവും വലിയ ആകർഷണം.  ഇന്ത്യയുടെ 
ഇടം കയ്യൻ ഓപ്പണിങ് ബാറ്റർ എന്ന പേരിന് ഉടമയായ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ നടത്തിയ ഏറ്റവും പുതിയ റിയൽ എസ്റ്റേറ്റ് ഡീൽ ആണ് ഇപ്പോൾ ഈ മേഖലയിലെ പ്രധാന ചർച്ചാ വിഷയം.

ലക്ഷ്വറി റിയൽ എസ്റ്റേറ്റ് കമ്പനിയായ ഡിഎൽഎഫിൻ്റെ ഗുരുഗ്രാമിലെ ആഡംബര പ്രദേശങ്ങളിലൊന്നായ ഗോൾഫ് കോഴ്‌സ് റോഡിലെ ആഡംബര പ്രൊജക്റ്റുകളിലൊന്നായ  'ദ ഡാലിയാസ്' എന്ന അത്യാഡംബര പ്രൊജക്റ്റിലെ  69 കോടിയുടെ പാർപ്പിട സമുച്ചയമാണ് ശിഖർ ധവാൻ സ്വന്തമാക്കിയത്. 6,040 ചതുരശ്ര അടി വിസ്തീരണമുള്ള  പാർപ്പിടത്തിന്റെറെ മൂല്യമായ 65.61 കോടിക്ക് പുറമേ, സ്റ്റാമ്പ് ഡ്യൂട്ടിയായി 3.28 കോടിയാണ് നൽകേണ്ടി വന്നത്. 1,08,631 ലക്ഷം രൂപയാണ് ഒരു ചതുരശ്ര അടിയുടെ വില.

ഗുരുഗ്രാമിലെ സെക്ടർ 54 ൽ സ്ഥിതി ചെയ്യുന്ന ഡാലിയാസ് ഇന്ത്യയിലെ ഏറ്റവും ചെലവേറിയതും ആഡംബരപൂർണ്ണവുമായ റെസിഡൻഷ്യൽ പ്രോജക്റ്റുകളിൽ ഒന്നാണ്. 17 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ സൂപ്പർ ലക്ഷ്വറി അപ്പാർട്ടുമെന്റുകൾ 9,500 ചതുരശ്ര അടി മുതൽ 16,000 ചതുരശ്ര അടിവരെയാണ്. ഇതിൽ 420-ലധികം അപ്പാർട്ടുമെൻ്റുകളും പെന്റ്ഹൗസുകളും ഉൾപ്പെടുന്നു.

Share this post