• Chinju MA
  • 25 Nov 2025

ഫ്ലാറ്റ് 1 BHK വേണോ 2 BHK വേണോ; നഗരങ്ങളിൽ തരംഗമാകുന്ന 1 BHK ഫ്ലാറ്റുകൾ വാങ്ങുന്നതിനു മുന്നേ അറിഞ്ഞുവയ്ക്കണം ഈ ഗുണങ്ങളും ദോഷങ്ങളും

നഗരവൽക്കരണം ശക്തമാവുകയും സ്ഥലവില കുതിച്ചുയരുകയും ചെയ്യുമ്പോൾ, 'സ്വന്തമായ ഒരിടം' എന്ന സ്വപ്നവുമായി പലരും 1 BHK ഫ്ലാറ്റുകളിലേക്ക് വഴിമാറുകയാണ് ഇന്ന്. മുംബൈ പോലുള്ള മഹാനഗരങ്ങളിൽ സാധാരണ കാഴ്ചയായിരുന്ന ഈ ചെറിയ ഫ്ലാറ്റ് യൂണിറ്റുകൾ, ഇന്ന് കേരളത്തിലെ നഗരങ്ങളിലും പ്രിയങ്കരമായി മാറിക്കൊണ്ടിരിക്കുകയാണ്. ചെലവു കുറഞ്ഞതും പരിപാലനം എളുപ്പമുള്ളതുമായ ഈ ഫ്ലാറ്റുകൾക്ക് ആവശ്യക്കാർ ഏറുന്നതിന്റെ കാരണങ്ങളെന്തൊക്കെയാണ്? ഈ ആകർഷകമായ തിരഞ്ഞെടുപ്പിന്റെ ഇരുവശങ്ങളും നമുക്കൊന്ന് പരിശോധിക്കാം.

റിയൽ എസ്റ്റേറ്റ് വിപണിയിൽ 1BHK ഫ്ലാറ്റുകൾക്ക് ഡിമാൻഡ് വർധിക്കാനുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

കുറഞ്ഞ ചെലവ് 
കുറഞ്ഞ നിർമ്മാണച്ചെലവും വിസ്തൃതിയും കാരണം, ബജറ്റ് പരിമിതികളുള്ളവർക്കും ആദ്യമായി വീട് വാങ്ങുന്നവർക്കും 1BHK ഫ്ലാറ്റുകൾ താങ്ങാനാവുന്ന വിലയിൽ ലഭിക്കും.

എളുപ്പം ലോൺ
ഫ്ലാറ്റിന്റെ വില കുറവായതിനാൽ ഹോം ലോൺ തുകയും കുറവായിരിക്കും. ഇത് വായ്പാ നടപടികൾ വേഗത്തിലാക്കാനും എളുപ്പത്തിൽ അനുവദിച്ചു കിട്ടാനും സഹായിക്കും.

പരിപാലനം അതിലളിതം 
വിസ്തൃതി കുറവായതുകൊണ്ട് തന്നെ വൃത്തിയാക്കൽ, റിപ്പയർ ജോലികൾ, വൈദ്യുതി ബിൽ എന്നിവ കുറവായിരിക്കും. ജോലിത്തിരക്കുള്ളവർക്ക് ഇത് വലിയ സൗകര്യമാണ്. കുറഞ്ഞ മെയിന്റനൻസ് ചാർജ് മതി എന്നതും ആകർഷകമാണ്.

വാടക വരുമാനം ഉറപ്പ്
ഐടി പാർക്കുകൾ, കോളേജ് കാമ്പസുകൾ, നഗര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ജോലിക്കും പഠനത്തിനുമായി തങ്ങുന്നവർക്ക് 1BHK ഫ്ലാറ്റുകൾക്ക് വലിയ ഡിമാൻഡാണ്. വാടകയ്ക്ക് നൽകാൻ ഫ്ലാറ്റ് വാങ്ങുന്നവർക്ക് ഇത് മികച്ചൊരു നിക്ഷേപ സാധ്യതയാണ്.

ലളിതമായ ജീവിതശൈലി
കുറഞ്ഞ സ്ഥലമുള്ളതിനാൽ അനാവശ്യമായ സാധനങ്ങൾ കൂട്ടിയിടുന്നത് ഒഴിവാക്കി ലളിതമായ, 'മിനിമലിസ്റ്റ്' ജീവിതശൈലി പിന്തുടരാൻ ഇത് പ്രചോദനമാകും.

1BHK ഫ്ലാറ്റ് സ്വന്തമാക്കുമ്പോൾ ഗുണങ്ങൾ ഇവിടെ പറഞ്ഞെങ്കിലും ഇവ വാങ്ങിക്കുന്നവർ  ദീർഘകാലാടിസ്ഥാനത്തിൽ ശ്രദ്ധിക്കേണ്ട ചില പരിമിതികളും വെല്ലുവിളികളും ഉണ്ട് അത് കൃത്യമായി മനസ്സിലാക്കി വേണം വാങ്ങൽ നടപടികളിലേക്ക് കടക്കാൻ.

സ്ഥലപരിമിതി
കുടുംബം വലുതാകുമ്പോൾ (കുട്ടികൾ വളരുമ്പോൾ), അല്ലെങ്കിൽ കൂടുതൽ അതിഥികൾ വരുമ്പോൾ സ്ഥലക്കുറവ് വലിയ പ്രശ്‌നമാകും. സാധനങ്ങൾ സൂക്ഷിക്കാനുള്ള 'സ്റ്റോറേജ് സ്പേസ്' കുറവായതിനാൽ കാര്യങ്ങൾ ബുദ്ധിമുട്ടിലാകും.

സ്വകാര്യത പ്രശ്നമാകും 
ഒരു ബെഡ്‌റൂം മാത്രമുള്ളതിനാൽ വീട്ടിലുള്ള അംഗങ്ങളുടെ സ്വകാര്യത പരിമിതമാകും. വർക്ക് ഫ്രം ഹോം പോലുള്ള ആവശ്യങ്ങൾക്ക് ഓഫീസ് ഏരിയ ഒരുക്കാനും ബുദ്ധിമുട്ടാണ്. തുടക്കത്തിൽ സൗകര്യപ്രദമാണെങ്കിലും, കൂടുതൽ സമയം വീടിനുള്ളിൽ ചെലവഴിക്കുന്നവർക്ക് കാലക്രമേണ കുറഞ്ഞ സ്ഥലം കാരണം സമ്മർദ്ദവും അസ്വസ്ഥതയും അനുഭവപ്പെടാനും സാധ്യതയുണ്ട്.

റീസെയിൽ മൂല്യം കുറയും 
പുനർവിൽപ്പനയുടെ കാര്യത്തിൽ 2BHK ഫ്ലാറ്റുകൾക്കാണ് ആവശ്യക്കാർ കൂടുതൽ. ഭാവിയിൽ വിൽക്കുമ്പോൾ മികച്ച വില ലഭിക്കാൻ 2BHK തിരഞ്ഞെടുക്കുന്നതാണ് ഉചിതം.

പൊതുചാർജുകൾ
സെക്യൂരിറ്റി, ലിഫ്റ്റ്, വെള്ളം തുടങ്ങിയ സൗകര്യങ്ങൾക്കുള്ള മെയിന്റനൻസ് ചാർജുകൾ വലുപ്പം കൂടിയ ഫ്ലാറ്റുകൾക്ക് ആനുപാതികമായിത്തന്നെ 1BHK-ക്കാരും നൽകേണ്ടി വരും.

ആലോചിച്ച് തീരുമാനമെടുക്കണം 
1BHK ഫ്ലാറ്റുകൾ ഹ്രസ്വകാലാടിസ്ഥാനത്തിൽ താമസിക്കുന്നതിനും മികച്ച വാടക വരുമാനം നേടുന്നതിനും അനുയോജ്യമാണ്. എന്നാൽ ദീർഘകാലത്തേക്ക് സ്വന്തം ഉപയോഗത്തിനായി ഒരു ഫ്ലാറ്റ് തേടുന്ന അണുകുടുംബങ്ങൾ, തങ്ങളുടെ ഭാവിയിലെ വളർച്ചാ സാധ്യതകളും (കുട്ടികൾ, മാതാപിതാക്കൾ) അതിഥികളുടെ വരവും പരിഗണിക്കണം. അൽപ്പം ചെലവ് കൂടുതലാണെങ്കിൽ പോലും, കൂടുതൽ സൗകര്യപ്രദവും മികച്ച റീസെയിൽ മൂല്യവുമുള്ള 2BHK അല്ലെങ്കിൽ 3BHK ഫ്ലാറ്റുകൾ തിരഞ്ഞെടുക്കുന്നതാണ് ദീർഘകാലാടിസ്ഥാനത്തിൽ ഏറ്റവും ഉചിതം.


Share this post