• Chinju MA
  • 17 Jan 2025

വെറും മൂന്നുമാസം കൊണ്ട് വീട് റെഡി, വേണമെങ്കിൽ അഴിച്ചെടുത്ത് മാറ്റി സ്ഥാപിക്കാം; പരിചയപ്പെടാം പുത്തൻ നിർമ്മാണ ടെക്നോളജി

 മാസങ്ങൾ നീണ്ട കാത്തിരിപ്പ് വേണ്ട പണിക്കാരെ തിരയേണ്ട ക്വാളിറ്റിയുള്ള കല്ലും മണ്ണും തിരക്കി അലയേണ്ട  ഈ പറഞ്ഞ പ്രതിസന്ധികൾക്ക് എല്ലാം പരിഹാരമായി എൽ.ജി. എസ്.എഫ്.എസ് എന്ന പുത്തൻ നിർമ്മാണ സാങ്കേതിക വിദ്യ  ലോകമെമ്പാടും ഇപ്പോൾ തരംഗമായി കൊണ്ടിരിക്കുകയാണ്. 
ഭാവി തലമുറയുടെ കെട്ടിടനിർമാണരീതി എന്നു വിശേഷിപ്പിക്കുന്ന LGSFS (Light Gauge Steel Frame Structure) സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിക്കുന്ന വീടുകൾക്ക് കേരളത്തിലുമിപ്പോൾ പ്രചാരമേറുന്നുണ്ട്. 

പരമ്പരാഗത നിർമ്മാണ രീതിയിൽ നിന്നും തികച്ചും വ്യത്യസ്തമായി
കോൺക്രീറ്റ് ഒഴിവാക്കി സ്‌റ്റീൽ ഫ്രയിമും ഫൈബർ സിമന്റ് ബോർഡുകളും ഉപയോഗിക്കുന്ന രീതിയാണിതിന്. അടിത്തറ കെട്ടിയ ശേഷം Ligth Gauge Steel Frame കൊണ്ട് പ്ലാൻ പ്രകാരം ചട്ടക്കൂട് പണിയുന്നു.ഇതിൽ ഫൈബർ സിമൻ്റ് പാനലുകൾ സ്ക്രൂ ചെയ്തു ഘടിപ്പിച്ച് ഭിത്തി നിർമിക്കുന്നു.
മേൽക്കൂരയും ഇതേപോലെ ട്രസ് ചെയ്ത് ഫൈബർ സിമന്റ്റ് ബോർഡ് ഘടിപ്പിക്കുന്നു. മുകളിൽ ഭംഗിക്ക് ഓടോ ഷിംഗിൾസോ വിരിക്കുന്നു.
അകത്തളങ്ങൾ ഫൈബർ സിമന്റ് ബോർഡുകൾ കൊണ്ട് വേർതിരിക്കും. 

നിർമ്മാണ രീതിയിലുള്ള എളുപ്പം മാത്രമല്ല ഒട്ടേറെ സവിശേഷതകളും ഈ വീടുകൾക്കുണ്ട്. ഭിത്തി വെട്ടിപ്പൊളിക്കേണ്ടാത്തതിനാൽ വയറിങ്, പ്ലമിങ് കൺസീൽഡ് ശൈലിയിൽ എളുപ്പമായി ചെയ്യാം.
ഭാരം കുറഞ്ഞ നിർമിതിയായതിനാൽ ബേസിക് ഫൗണ്ടേഷൻ മാത്രം മതിയാകും.
മൂന്നു മാസം കൊണ്ട് കുറച്ചു പണിക്കാരെ ഉപയോഗിച്ച് വീട് പൂർത്തിയാക്കാം. ഇതേ ചതുരശ്രയടിയിൽ കോൺക്രീറ്റ് വീട് പണിയുന്നതിന്റെ പകുതി ചെലവ് മാത്രമേ ആകുന്നുള്ളൂ. കോൺക്രീറ്റ് വീടിനെപ്പോലെ ക്യുറിങ് ആവശ്യമില്ലാത്തതിനാൽ, വാർക്കലിന് ശേഷം വെള്ളമൊഴിക്കൽ തുടങ്ങിയ പരിപാടികൾ ഒഴിവാകുന്നു.ഭൂകമ്പം, തീപിടിത്തം എന്നിവയെയും ഈ വീട് പ്രതിരോധിക്കും.

പരിസ്‌ഥിതി സൗഹൃദംമായ ഈ വീടുകൾ ആവശ്യമെങ്കിൽ അഴിച്ചെടുക്കുകയോ അകത്തളങ്ങൾ പരിഷ്കരിക്കുകയോ മറ്റൊരിടത്ത് മാറ്റി സ്ഥാപിക്കുകയോ ചെയ്യാം.
നിർമാണ സാമഗ്രികളുടെ വേസ്‌റ്റേജ് ഇല്ല, സ്‌റ്റീലിന്റെ വില ഉയരുന്നതിനാൽ റീസെയിൽ വാല്യൂവും ഉറപ്പാണ്.
Share this post