• Chinju MA
  • 27 Jul 2026

വീട്ടിൽ പ്ലഗുകളുടെ എണ്ണം കൂടിയാൽ പോക്കറ്റ് ചോരും; വയറിങ് ചെയ്യുമ്പോൾ ഈ അബദ്ധം പറ്റരുത്

വീട് നിർമ്മിക്കുമ്പോഴോ പുതുക്കിപ്പണിയുമ്പോഴോ സൗകര്യം മുൻനിർത്തി എല്ലാ മുറികളിലും ആവശ്യത്തിലധികം പ്ലഗ് പോയിന്റുകൾ നൽകുന്നത് ഇക്കാലത്ത് ഒരു പതിവായി മാറിയിട്ടുണ്ട്. എന്നാൽ ഭാവിയിൽ വരാൻ പോകുന്ന വലിയൊരു സാമ്പത്തിക ബാധ്യതയിലേക്കാണ് ഈ ശീലം നമ്മെ എത്തിക്കുന്നതെന്ന് പലരും ചിന്തിക്കാറില്ല. പ്ലഗുകളിൽ നമ്മൾ ഉപകരണങ്ങൾ ഒന്നും തന്നെ കണക്ട് ചെയ്തിട്ടില്ലെങ്കിൽ പോലും, ഇലക്ട്രിക്കൽ കണക്ഷന്റെ കാര്യത്തിൽ ഇവയെല്ലാം 'ലോഡ്'  ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. ഓരോ സാധാരണ പ്ലഗ് പോയിന്റും ഏകദേശം 100 വാട്ട് പവർ എടുക്കുമെന്ന അനുമാനത്തിലണ് കെ.എസ്.ഇ.ബി  ലോഡ് കണക്കാക്കുന്നത്. ഇത് പവർ പ്ലഗുകളുടെ കാര്യത്തിലേക്ക് വരുമ്പോൾ 500 വാട്ട് വരെയായി ഉയരുന്നു. അതായത് വീട്ടിൽ രണ്ട് പവർ പ്ലഗുകൾ അധികമായി സ്ഥാപിച്ചാൽ തന്നെ കണക്റ്റഡ് ലോഡിൽ ഒരു കിലോവാട്ടിന്റെ വർദ്ധനവാണ് രേഖപ്പെടുത്തുക.

ഇത്തരത്തിൽ കണക്റ്റഡ് ലോഡ് അനാവശ്യമായി ഉയരുന്നത് നിങ്ങളുടെ വൈദ്യുതി ബില്ലിനെ നേരിട്ട് ബാധിക്കും. സ്ലാബുകൾ മാറുന്നതിനും അതുവഴി കറന്റ് ബിൽ കുത്തനെ കൂടുന്നതിനും ഇത് കാരണമാകുന്നുണ്ട്. 

നിയമപ്രകാരം കണക്റ്റഡ് ലോഡ് 5000 വാട്ട് കഴിഞ്ഞാൽ നിർബന്ധമായും ത്രീഫെയ്‌സ് കണക്ഷൻ എടുക്കേണ്ടി വരും. സാധാരണഗതിയൽ 3000 വാട്ടിന് മുകളിൽ ലോഡ് വരികയോ ഏതെങ്കിലും ത്രീഫേസ് ഉപകരണം വീട്ടിൽ ഉപയോഗിക്കുകയോ ചെയ്യുമ്പോഴാണ് ത്രീഫേസിന് അപേക്ഷിക്കാറുള്ളത്. എന്നാൽ അനാവശ്യമായി നൽകുന്ന പ്ലഗ് പോയിന്റുകൾ വഴി ലോഡ് പരിധി ലംഘിക്കപ്പെടുന്നത് ഫിക്സഡ് ചാർജുകൾ വർദ്ധിക്കുന്നതിനും അനാവശ്യ ചെലവുകൾക്കും വഴിതെളിക്കും.

അതേസമയം, കറന്റ് ബിൽ പേടിച്ച് പവർ പ്ലഗുകൾ പൂർണ്ണമായി ഒഴിവാക്കുന്നത് ഒട്ടും പ്രായോഗികമല്ല. അയൺ ബോക്‌സ്, മിക്സി, ഗ്രൈൻഡർ, ഫ്രിഡ്ജ്, വാഷിങ് മെഷീൻ, വാട്ടർ ഹീറ്റർ, പമ്പ് സെറ്റ് തുടങ്ങിയ ഉയർന്ന പവർ ആവശ്യമുള്ള ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ പവർ പ്ലഗുകൾ കൂടിയേ തീരൂ. ഇവിടെ ബുദ്ധിപൂർവ്വമായ ആസൂത്രണമാണ് ആവശ്യം. ഉദാഹരണത്തിന്, മിക്സി, ഗ്രൈൻഡർ, വാഷിങ് മെഷീൻ തുടങ്ങിയവയെല്ലാം വീടിന്റെ ഒരേ ഭാഗത്ത് വച്ച് പ്രവർത്തിപ്പിക്കാൻ കഴിയുന്ന രീതിയിൽ വയറിങ് പ്ലാൻ ചെയ്താൽ പ്ലഗുകളുടെ എണ്ണം ഗണ്യമായി കുറയ്ക്കാനും അതുവഴി നിർമ്മാണച്ചെലവും കണക്റ്റഡ് ലോഡും നിയന്ത്രിക്കാനും സാധിക്കും.

പ്ലഗുകളുടെ എണ്ണം ക്രമീകരിക്കുന്നതിനൊപ്പം തന്നെ വീടിന്റെ സുരക്ഷയ്ക്കും ഊർജ്ജസംരക്ഷണത്തിനും ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് എർത്ത് ലീക്കേജ് സർക്യൂട്ട് ബ്രേക്കർ സ്ഥാപിക്കുക എന്നത്. ഇത് വീടിന് സുരക്ഷ നൽകുക മാത്രമല്ല, വൈദ്യുതി ചോർച്ച മൂലമുണ്ടാകുന്ന പണനഷ്ടം ഇല്ലാതാക്കുകയും ചെയ്യും. ഇന്നത്തെ പുതിയ ഡിജിറ്റൽ ഇലക്ട്രോണിക് മീറ്ററുകൾ വളരെ കൃത്യതയുള്ളതായതിനാൽ, വീടിനുള്ളിലെ ചെറിയൊരു കറന്റ് ലീക്കേജ് പോലും റീഡിങ്ങിൽ പ്രതിഫലിക്കുകയും ബില്ല് കൂടാൻ കാരണമാവുകയും ചെയ്യും. വെറും 30 മില്ലി ആംപിയർ വരെയുള്ള ചെറിയ ചോർച്ചകൾ പോലും കൃത്യമായി കണ്ടെത്തി പരിഹരിക്കാൻ ഇ.എൽ.സി.ബിക്ക് സാധിക്കും.

ചുരുക്കത്തിൽ വയറിങ് ഘട്ടത്തിൽ കാണിക്കുന്ന ചെറിയ അശ്രദ്ധകൾ വലിയ സാമ്പത്തിക നഷ്ടങ്ങൾക്കാണ് വഴിതുറക്കുന്നത്. ആവശ്യത്തിന് മാത്രം പ്ലഗ് പോയിന്റുകൾ പ്ലാൻ ചെയ്യുകയും, ഉയർന്ന പവർ ഉള്ള ഉപകരണങ്ങൾ ഒരിടത്ത് തന്നെ കേന്ദ്രീകരിച്ച് ഉപയോഗിക്കുകയും, ഇ.എൽ.സി.ബി പോലുള്ള സുരക്ഷാ സംവിധാനങ്ങൾ നിർബന്ധമാക്കുകയും ചെയ്താൽ വലിയ കറന്റ് ബില്ലുകൾ കണ്ട് 'ഷോക്കടിക്കുന്നത്' നമുക്ക് പൂർണ്ണമായും ഒഴിവാക്കാം


Frequently Asked Questions

അധിക പ്ലഗ് പോയിന്റുകൾ കണക്റ്റഡ് ലോഡ് വർധിപ്പിക്കുകയും വൈദ്യുതി ബില്ലും ഫിക്സഡ് ചാർജുകളും കൂടാൻ കാരണമാകുകയും ചെയ്യും.
വീട്ടിലെ എല്ലാ ഇലക്ട്രിക്കൽ പോയിന്റുകളും ഉപകരണങ്ങളും അടിസ്ഥാനമാക്കി കണക്കാക്കുന്ന ആകെ വൈദ്യുതി ലോഡിനെയാണ് കണക്റ്റഡ് ലോഡ് എന്ന് പറയുന്നത്.
വൈദ്യുതി ചോർച്ച കണ്ടെത്തി അപകടങ്ങൾ ഒഴിവാക്കാനും അനാവശ്യ വൈദ്യുതി നഷ്ടവും അധിക ബില്ലും കുറയ്ക്കാനും ELCB സഹായിക്കുന്നു.
ഉയർന്ന പവർ ആവശ്യമായ ഉപകരണങ്ങൾ ഒരേ ഭാഗത്ത് ക്രമീകരിച്ച് ആവശ്യത്തിന് മാത്രം പവർ പ്ലഗുകൾ നൽകുന്നതാണ് മികച്ച മാർഗം.
Share this post