• Chinju MA
  • 19 Sep 2024

പോക്കറ്റ് കീറില്ല; വീട്ടിൽ ഒരുക്കാം ലോ ബജറ്റ് ലാൻഡ്സ്കേപ്പ്

 വീടിന്റെ സൗന്ദര്യം അകത്തളങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. ഇന്റീരിയർ ഡിസൈനിങ്ങിനൊപ്പം  പ്രാധാന്യമുണ്ട് മുറ്റം ഒരുക്കുന്നതിനും.  എന്നാൽ വീട് നിർമ്മാണത്തിനൊപ്പം ലാൻഡ്സ്കേപ്പ് വർക്കുകൾ പ്ലാൻ ചെയ്താൽ അത് ഒരുപക്ഷേ ബജറ്റിൽ ഒതുങ്ങി എന്നു വരില്ല. എന്നാൽ അല്പം സമയവും കുറച്ച് ക്രിയേറ്റിവിറ്റിയും ഉണ്ടെങ്കിൽ ബജറ്റിൽ തട്ടാതെ സ്ഥല പരിമിതി ഉള്ളവർക്ക് പോലും അടിപൊളി ലാൻഡ്സ്കേപ്പ് ചെയ്തെടുക്കാം. കുറച്ച് ഐഡിയകളിതാ.

  വേണം കൃത്യമായ പ്ലാനിങ്.

 മുറ്റം മുഴുവൻ എന്തെങ്കിലുമൊക്കെ ചെയ്തുവച്ച് ലാൻഡ്സ്കേപ്പിങ്ങ്‌ തീർത്തേക്കാം എന്ന് കണക്ക് കൂട്ടരുത്. വീടിന്റെ രൂപ ഭംഗി, ഭൂമിയുടെ കിടപ്പ്, സൂര്യപ്രകാശം, കാറ്റ് എന്നിവ കൃത്യമായി കണക്കുകൂട്ടി വേണം ലാൻഡ്സ്കേപ്പ് മാതൃകകൾ തിരഞ്ഞെടുക്കാൻ. ലാൻഡ്സ്കേപ്പിന് തന്നെ രണ്ടു കൈവഴികൾ ഉണ്ട്. ഹാർഡ്സ്കേപ്പിങ്ങും സോഫ്റ്റ് സ്കേപിങ്ങും. കല്ലിലും മരത്തിലുമൊക്കെ രൂപകൽപ്പന ചെയ്തുണ്ടാക്കുന്നത്  ഹാർഡ്സ്കേപ്പിന്റെ ഭാഗമാണ്. വെള്ളവും ചെടിയും പുല്ലുമൊക്കെ നിർമ്മിതിയുടെ ഭാഗമാകുമ്പോൾ  അത് സോഫ്റ്റ്സ്കേപ്പിങ്ങാകും. ബജറ്റ് അനുസരിച്ച് ചെയ്യാനാണെങ്കിൽ എപ്പോഴും സോഫ്റ്റ്സ്കേപ്പിങ്ങാണ് മികച്ചത്. ഹാർഡ്സ്കേപ്പിംഗ് ചെയ്യുമ്പോൾ റീസൈക്കിൾ മെറ്റീരിയൽസ് ഉപയോഗിച്ചാൽ ചെലവ് പാതിയായി കുറയ്ക്കാം. 

  മാറ്റി നിർത്താം ചെലവ് കൂടിയവയെ

 മുറ്റം മുഴുവൻ കല്ല് വിരിക്കുന്ന പതിവ് ഒഴിവാക്കിയാൽ തന്നെ ചെലവ് പാതി കുറയ്ക്കാം. പൂർണമായും കല്ല് വിരിക്കാതെ ഇടയിൽ പുല്ല് നട്ട് നടവഴി ഒരുക്കാം. വാഹനം പോകുന്ന വഴിയിൽ മാത്രം കല്ലു വിരിച്ച് ബാക്കി ഭാഗങ്ങളിൽ പുല്ലോ ചെടികളോ നടാം. മെയിന്റനൻസ് കുറവുള്ള ബഫല്ലോ ഗ്രാസ്, നാടൻ ഇനങ്ങളായ കറുക പോലുള്ള പുല്ലുകളെല്ലാം നല്ലതാണ്.

 പ്രകൃതി ഭംഗി അതേപടി നിലനിർത്താം

 ഭൂമിയുടെ കിടപ്പ് എങ്ങനെയോ അത് അതേപടി നിലനിർത്തി തന്നെ ലാൻഡ്സ്കേപ്പിങ്‌ ചെയ്യുന്നതാണ് ബജറ്റിന് നല്ലത്. വാഹനം കയറി വരുന്ന ഇടം ഒഴിച്ച് ബാക്കിയുള്ള സ്ഥലമെല്ലാം ചരിവുകൾക്ക് അനുസരിച്ച്  പുല്ലുകൾ വച്ചുപിടിപ്പിക്കാം. മരങ്ങൾ ഉണ്ടെങ്കിൽ അവ സൗകര്യത്തിനനുസരിച്ച് വെട്ടിഒതുക്കി നിലനിർത്താം. ഈ മരങ്ങൾക്ക് ചുറ്റും കല്ലുകെട്ടി പുല്ല് പിടിപ്പിച്ച് ഒരു ഊഞ്ഞാൽ കൂടി കെട്ടിയാൽ ലുക്ക് മൊത്തത്തിൽ മാറും. മരത്തിന് അരികിലായി ചെറിയൊരു വാട്ടർ ബോഡി കൂടി  ഉൾപ്പെടുത്താവുന്നതുമാണ്. 

 ചെടികൾ ശ്രദ്ധയോടെ തെരഞ്ഞെടുക്കാം 

 ലാൻഡ്സ്കേപ്പിങ്‌ ചെയ്യുമ്പോൾ പുല്ലും ചെടികളും കൂടുതൽ ഉപയോഗിക്കുന്നത് ചിലവ് കുറയ്ക്കുന്നതിനോടൊപ്പം ഭംഗിയും കൂട്ടും. എന്നാൽ ഈ ചെടികൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി ഇരട്ടിയാകും. വിലകൂടിയ വിദേശ ചെടികൾ വാങ്ങുന്നതിനേക്കാൾ  നല്ലത് നാടൻ ചെടികളാണ്.  ഏതെങ്കിലും ഒന്നോ രണ്ടോ ഇനം ചെടികൾ മാത്രം നടുന്ന ലാൻഡ്സ്കേപ്പുകളേക്കാൾ പലതരം വെറൈറ്റി ചെടികൾ  ഉൾപെടുത്തിയാൽ മുറ്റം മനോഹരമാകും. 
പുൽത്തകിടി ഒരുക്കുമ്പോൾ മെയിന്റനൻസ് കുറവുള്ള ബഫല്ലോ ഗ്രാസ്, നാടൻ ഇനങ്ങളായ കറുക പോലുള്ള പുല്ലുകൾ തിരഞ്ഞെടുക്കാം. നാടൻ പൂച്ചെടികളായ  കാക്കപ്പൂവ്, മുക്കുറ്റി, ചെത്തി, നന്ത്യാർവട്ടം, തെച്ചി,ചെമ്പരത്തി, വാഴ ചെടി എന്നിവയൊക്കെ എക്കാലവും പൂക്കൾ ഉണ്ടാകുന്നവയും പരിചരണം കുറച്ചു മാത്രം ആവശ്യമുള്ളവയുമാണ്. നന്നായി സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളിൽ റോസ് പോലെയുള്ള പൂച്ചെടികളും വയ്ക്കാം. 

 കിളികളെയും അണ്ണാനെയും വിരുന്നു വിളിക്കാം 

 വീടിനുമുന്നിൽ അല്പം കൂടി സ്ഥലമുണ്ടെങ്കിൽ അവിടെ അണ്ണാനും കിളികൾക്കും പൂമ്പാറ്റകൾക്കും ഒക്കെയായി  ഒരു ഇടം ഒരുക്കിയാൽ വീടിന്റെ ലെവലാകെ മാറും. പൂമ്പാറ്റകളെ ആകർഷിക്കുന്ന  ഗരുഡക്കൊടി, നീർമാതളം, ഓറഞ്ച്, അരളി, മുസാണ്ട, മൾബറി എന്നീ ചെടികളും, കിളികൾക്കും അണ്ണാനുമായി മാവ്, ചാമ്പ, സപ്പോട്ട, സീതപ്പഴം  തുടങ്ങിയവയുടെ ഹൈബ്രിഡ് ചെടികളും ഇടകലർത്തി നട്ട് ഒരു ചെറു തോട്ടം ഒരുക്കിയാൽ ഇതിലും മനോഹരമായ ബാൽക്കണിക്കാഴ്ച വേറെ ഉണ്ടാകില്ല. 

 ചിലവ് കുറയ്ക്കാൻ അല്പം ആക്രി ആവാം  

 ലാൻഡ്സ്കേപ്പിങ്‌ ചെയ്യുമ്പോൾ ഇരിപ്പിടങ്ങൾ, ക്രീപ്പർ പ്ലാന്റുകൾ പടർത്തി വിടാനുള്ള പാനലുകൾ, ചെടിച്ചട്ടികൾ എന്നിവ നിർമ്മിക്കാൻ ആക്രി കടകളിൽ കയറി തപ്പുന്നതിൽ തെറ്റില്ല. റീസൈക്കിൾഡ് മെറ്റീരിയൽസ് ഉപയോഗിച്ചുള്ള ലാൻഡ്സ്കേപ്പിങ് ചെലവു കുറയ്ക്കാൻ മികച്ച വഴിയാണ്. വണ്ടികളുടെ സീറ്റുകൾ ഉപയോഗിച്ച് ഇരിപ്പിടങ്ങൾ ഉണ്ടാക്കാം. തടിയിലും കോൺക്രീറ്റിലും നിർമ്മിക്കുന്ന ഇരിപ്പിടത്തിന് പതിനായിരങ്ങളാകുമ്പോൾ  ഇതിന്റെ പാതിചെലവ് മതി റീസൈക്കിൾഡ് ഉപയോഗിച്ചുള്ള നിർമ്മിതികൾക്ക്. പഴയ ടയറിൽ ചെടികൾ നടാം, വാതിൽ കട്ടളയും വിൻഡോ ഫ്രെയിമുമൊക്കെ ലാൻഡ്സ്കേപ്പിന്റെ മോടി കൂട്ടും. വീടുപണിയിൽ ബാക്കി വന്ന സാധനങ്ങളും ഇവിടെ ഉപയോഗിക്കാവുന്നതാണ്.

 സ്ഥലം ഇല്ലാത്തവർക്കായി 'മിനിമൽ വിദ്യകൾ'

 സ്ഥലം എത്ര കണ്ട് കുറവാണെന്ന് പറഞ്ഞാലും  വീടിന്റെ മുൻവശത്തും വശങ്ങളിലുമായി കുറച്ചെങ്കിലും സ്ഥലം ഒഴിച്ചിട്ടിരിക്കുമല്ലോ. ഇത്രയും സ്ഥലം ഉള്ളവർക്കും ചെറുതെങ്കിലും മനോഹരമായ ലാൻഡ്സ്കേപ്പ്  സൃഷ്ടിക്കാവുന്നതേയുള്ളൂ. മതിലുമായി ചേരുന്ന കോർണറുകളിൽ  വള്ളിച്ചടികൾ പടർത്തി  നിലത്ത് പുല്ല് പിടിപ്പിച്ച്  മരക്കഷണങ്ങളോ  കല്ലുകളോ അടുക്കിവെച്ച് ഇരിപ്പിടം ഉണ്ടാക്കാം.  നടവഴിയിലും വണ്ടി കേറുന്ന വശങ്ങളിലും മാത്രം കല്ല് പാകണം.   സ്ഥലപരിമിതിയുള്ളവർക്ക് ചെടികൾ പരിപാലിക്കുന്നതിനായി വെർട്ടിക്കൽ ഗാർഡനേക്കാൾ മികച്ചൊരു ഓപ്ഷനില്ല. ചുറ്റുമതിലിൽ, വീടിന്റെ പുറം ഭിത്തിയിൽ ബാൽക്കണിയിൽ അങ്ങനെ എവിടെ വേണമെങ്കിലും വെട്ടിക്കൽ ഗാർഡൻ നൽകാം. അതുമല്ലെങ്കിൽ മതിലിനോട് ചേർന്ന് കുറ്റിച്ചെടികൾ നട്ട് മതിലിൽ വാൾക്രീപ്പർ പ്ലാന്റുകൾ കൂടി പടർത്തി വിട്ടാൽ ആരും പറഞ്ഞുപോകും എന്തൊരു ഭംഗി ഈ വീട് കാണാൻ !...

Share this post