• Chinju MA
  • 17 Nov 2025

ഹോം ലോൺ വേണ്ട: സ്വന്തമായൊരു വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ ഇതാ നാല് ബദൽ മാർഗങ്ങൾ

സ്വന്തമായി ഒരു വീട് – ഏതൊരു സാധാരണക്കാരന്റെയും സ്വപ്നമാണിത്. എന്നാൽ ഈ സ്വപ്നത്തിലേക്കുള്ള വഴിയിൽ പലർക്കും ഒരു പേടിസ്വപ്നമുണ്ട്, അത് ഭവന വായ്പ  എന്ന കടമ്പയാണ്. വീട് വാങ്ങാൻ ആലോചിക്കുമ്പോൾ ആദ്യം മനസ്സിലെത്തുന്ന ഓപ്ഷൻ ബാങ്ക് ലോൺ ആണെങ്കിലും, പിന്നീട് വർഷങ്ങളോളം നീണ്ടുനിൽക്കുന്ന ഇ. എം. ഐ ബാധ്യത ജോലി ചെയ്യുന്ന വരുമാനത്തിന്റെ വലിയൊരു പങ്കിനെ കവർന്നെടുക്കും. ഭവന വായ്പയുടെ ഈ വലിയ തിരിച്ചടവുകളെ ഭയപ്പെടുന്നവർക്ക് ആശ്വാസമാകുന്ന ചില ബദൽ മാർഗങ്ങളുണ്ട്.  ഗുണങ്ങളും ദോഷങ്ങളും വ്യത്യാസപ്പെട്ടിരിക്കാമെങ്കിലും, സ്വന്തമായി ഒരു വീടെന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കാൻ ഈ വഴികൾ സഹായിക്കും.

1.⁠ ⁠സെല്ലർ ഫിനാൻസിങ്
ഇതൊരു പരമ്പരാഗതമായ ബാങ്കിങ് രീതിയിൽ നിന്ന് വ്യത്യസ്തമായ മാർഗമാണ്. ഇവിടെ, ധനകാര്യ സ്ഥാപനങ്ങളുമായി ഇടപാടുകൾ നടത്താതെ, വസ്തുവിന്റെ വിൽപനക്കാരൻ തന്നെ തവണ വ്യവസ്ഥയിൽ വില സ്വീകരിക്കുന്നു. വാങ്ങുന്നയാൾ പണം നേരിട്ട് വിൽപനക്കാരന് കൈമാറുകയാണ് ചെയ്യുന്നത്. നേട്ടങ്ങൾ: ഭവന വായ്പാ യോഗ്യത പരിശോധിക്കപ്പെടുന്നില്ലബാങ്കുകൾക്ക് അധിക പലിശ നൽകേണ്ടി വരുന്നില്ല. കുറഞ്ഞ ക്ലോസിങ് സമയവും ചാർജുകളും. വായ്പാ പ്രക്രിയയുടെ നൂലാമാലകൾ ഇല്ലാത്തതിനാൽ ഇടപാട് വേഗത്തിൽ പൂർത്തിയാക്കാം.സാഹചര്യങ്ങൾക്കനുസരിച്ച് വിൽപനക്കാരനുമായി നിബന്ധനകളിൽ വിട്ടുവീഴ്ച ചർച്ച നടത്താനും സാധിക്കും. 

2.⁠ ⁠അധിക സേവിങ്സുകൾ: ചിട്ടയായ സമ്പാദ്യം തുണയാകും
വരുമാനത്തിന്റെ ഒരു ചെറിയ ശതമാനം മാത്രമാണ് പലരും സാധാരണയായി സമ്പാദ്യത്തിനായി നീക്കിവയ്ക്കുന്നത്. എന്നാൽ, ഒരു പ്രോപ്പർട്ടി സ്വന്തമാക്കണമെന്ന് തീരുമാനിക്കുന്ന നിമിഷം മുതൽ വരുമാനത്തിൽ നിന്നും വലിയൊരു തുക സേവിങ്സായി മാറ്റിവെക്കുക എന്നതാണ് മറ്റൊരു വഴി. മികച്ച റിട്ടേണുകൾ നൽകുന്ന, വിശ്വസനീയമായ ദീർഘകാല നിക്ഷേപ പദ്ധതികളിൽ വ്യക്തമായ പ്ലാനിങ്ങോടെ പണം നിക്ഷേപിക്കുന്നതാണ് ഏറ്റവും ഉചിതം. വീട് വാങ്ങാൻ ഉദ്ദേശിക്കുന്ന കാലയളവിനുള്ളിൽ എത്ര തുക സമാഹരിക്കാൻ സാധിക്കുമെന്ന് കൃത്യമായി കണക്കാക്കി നിക്ഷേപം തുടങ്ങിയാൽ, കുറച്ചുവർഷങ്ങൾക്കുള്ളിൽ ലോണില്ലാതെ വീട് വാങ്ങാനുള്ള തുക കണ്ടെത്താനാകും.

3.⁠ ⁠വിസ്തൃതിയിലും ലൊക്കേഷനിലും വിട്ടുവീഴ്ചയാവാം
കയ്യിലുള്ള സമ്പാദ്യത്തിന് പുറമെ വായ്പ എടുക്കേണ്ട സാഹചര്യത്തിലേക്ക് പലപ്പോഴും എത്തിക്കുന്നത്, ലൊക്കേഷന്റെ കാര്യത്തിലും വീടിന്റെയോ വസ്തുവിന്റെയോ വലുപ്പത്തിന്റെ കാര്യത്തിലുമുള്ള അമിതമായ നിർബന്ധങ്ങളാണ്.
നിങ്ങളുടെ സാമ്പത്തിക ശേഷിക്കും നിലവിലെ നിക്ഷേപങ്ങൾക്കും അനുസൃതമായ വിലയിൽ ലഭിക്കാവുന്ന വസ്തുക്കൾ തിരഞ്ഞെടുക്കുന്നതാണ് ലോൺ ഒഴിവാക്കാനുള്ള മികച്ച ബദൽ മാർഗം. ആദ്യം വലിയ വില ഇല്ലാത്ത സ്ഥലത്തോ ചെറിയ വീട്ടിലോ തുടങ്ങാം. പിന്നീട് സാമ്പത്തികമായി മെച്ചപ്പെടുമ്പോൾ വലിയ വീട്ടിലേക്ക് മാറുന്നതിനെക്കുറിച്ച് ചിന്തിക്കാവുന്നതാണ്. ചുരുക്കത്തിൽ, സാമ്പത്തികശേഷിയും പ്രോപ്പർട്ടിയുടെ വിലയും തമ്മിൽ പൊരുത്തമുണ്ടെന്ന് ഉറപ്പുവരുത്തുക.

4.⁠ ⁠സർക്കാർ സഹായങ്ങൾ പ്രയോജനപ്പെടുത്തുക
പുതിയതായി വീടോ സ്ഥലമോ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് സഹായകമാകുന്ന നിരവധി സർക്കാർ പദ്ധതികളും സബ്‌സിഡികളും കേന്ദ്ര-സംസ്ഥാന തലങ്ങളിൽ നിലവിലുണ്ട്. യോഗ്യരായ വ്യക്തികൾക്ക് സ്വന്തമായി ഒരു വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സഹായിക്കുന്ന ഫണ്ടുകൾ, ഗ്രാന്റുകൾ, വായ്പകൾ, ന്യായമായ പലിശ നിരക്കുകൾ എന്നിവ ഇത്തരം പദ്ധതികളിൽ ഉൾപ്പെടുന്നു. കയ്യിൽ കരുതിയ സമ്പാദ്യത്തിനൊപ്പം ഇത്തരം സർക്കാർ തല പദ്ധതികളും സബ്‌സിഡികളും ഒത്തുചേർത്ത് ഉപയോഗിച്ചാൽ, കനത്ത വായ്പാ ഭാരം ഇല്ലാതെ തന്നെ വീടെന്ന ലക്ഷ്യത്തിലേക്ക് എത്താൻ സാധിക്കും. അർഹമായ സർക്കാർ സഹായങ്ങളെക്കുറിച്ച് അന്വേഷിക്കുന്നത് ഈ വഴിയിൽ നിർണായകമാണ്.

കടബാധ്യതയില്ലാത്ത ഒരു വീട് എന്നത് വെറുമൊരു കെട്ടിടം മാത്രമല്ല. അത് സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെയും മനസ്സമാധാനത്തിന്റെയും പ്രതീകമാണ്. ഈ ബദൽ മാർഗ്ഗങ്ങൾ പരീക്ഷിക്കുക, ചെറിയ വിട്ടുവീഴ്ചകൾക്ക് തയ്യാറാകുക എന്നിവ വഴി  'സ്വന്തമായി വീടെന്ന' സ്വപ്നം ലോണിന്റെ ഭാരമില്ലാതെ നിങ്ങൾക്ക് യാഥാർത്ഥ്യമാക്കാൻ സാധിക്കും.
Share this post