- Chinju MA
- 26 Aug 2024
മനസ്സിനും വീടിനും തണുപ്പേകാം; വെർട്ടിക്കൽ ഗാർഡനെ വീടിനകത്തേക്ക് കൂട്ടിയാലോ
മനോഹരമായ ഉദ്യാന കാഴ്ചകൾ നിറഞ്ഞ വീട് എവിടെ നോക്കിയാലും ഹരിതാഭയും പച്ചപ്പും,... സ്വന്തം വീട് ഇങ്ങനെയായിരിക്കണം എന്ന് ആഗ്രഹിക്കാത്തവരായി ആരുംതന്നെ ഉണ്ടാകില്ല എന്നാൽ സ്ഥലപരിമിതി എന്ന വില്ലൻ കാരണം ഈ ആഗ്രഹങ്ങളുടെ പൂന്തോട്ടം മനസ്സിൽ മാത്രം നട്ടുവളർത്തുന്നവരാണ് ഏറെയും. ഇക്കൂട്ടർക്ക് ഒരു പരിധിവരെ എങ്കിലും മനസ്സിനെ തൃപ്തിപ്പെടുത്താനുള്ള ഏറ്റവും മികച്ച ഒരു പോംവഴിയാണ് വെർട്ടിക്കൽ ഗാർഡൻ അഥവാ 'സ്ഥലം ഇല്ലാത്തവന്റെ പൂന്തോട്ടം' എന്ന കണ്ടുപിടിത്തം. എത്ര സ്ഥലപരിമിതി ഉള്ളവർക്കും മതിലിലും ഭിത്തികളിലുമെല്ലാം പൂന്തോട്ടം ഒരുക്കി മനസംതൃപ്തി നേടാൻ സഹായിക്കുന്നതാണ് ഈ ആശയം. എന്നാൽ നമ്മുടെ സൗകര്യങ്ങൾക്കനുസരിച്ച് ഇത്രയേറെ ഇണങ്ങുന്ന ഈ വെർട്ടിക്കൽ ഗാർഡൻ വീടിനകത്ത് ഒരുക്കുന്നവർ കുറവാണ്. തിരക്കുകളിൽ നിന്നൊഴിഞ്ഞ് വീട്ടിലേക്ക് എത്തുമ്പോൾ കോൺക്രീറ്റ് ഭിത്തികൾക്കും കർട്ടൻ കൊണ്ട് മറച്ച ജനാലകൾക്കും പകരമായി ചെറുപൂക്കളും ഇലകളും ചേർന്ന് മനസ്സിനെ തണുപ്പിച്ചാലുള്ള അനുഭൂതി പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.
- വീടിനകത്ത് എവിടെയെല്ലാം വയ്ക്കാം
പെട്ടെന്നൊരു ദിവസം ഇൻഡോർ പ്ലാന്റ്സ് ചട്ടിയിലാക്കി വീട്ടിനകത്ത് കൊണ്ടുവന്നു വയ്ക്കുന്നതുപോലെ എളുപ്പമല്ല ഇൻഡോർ വെർട്ടിക്കൽ ഗാർഡനുകൾ സെറ്റ് ചെയ്യാൻ. ഇതിനായി കൃത്യമായ ഒരു പ്ലാനിങ് അത്യാവശ്യമാണ്. അല്പം കലാബോധവും കുറച്ച് സ്ഥലസൗകര്യവും ഉണ്ടെങ്കിൽ വീടിന്റെ ഏതുഭാഗത്തും വെർട്ടിക്കൽ ഗാർഡൻ ഒരുക്കാം. ഭിത്തികൾ, ലിവിങ് – ഡൈനിങ് ഭാഗങ്ങൾ വേർതിരിക്കാൻ, ഗോവണിയുടെ താഴെയുള്ള ഭാഗം,വീടിനകത്തെ തുറന്ന മറ്റു ഭാഗങ്ങൾ വേർതിരിക്കാൻ, ബാൽക്കണി,ജനൽ എന്നിവിടങ്ങളിലൊക്കെ പരീക്ഷിക്കാവുന്നതാണ്. ഭിത്തികളിൽ ഹൈലൈറ്ററായി വിവിധ ഷെയ്പ്പുകളിൽ ഉപയോഗിക്കാം.
- ചെടികൾ തിരഞ്ഞെടുക്കുമ്പോൾ കൂടുതൽ ശ്രദ്ധ വേണം
വെർട്ടിക്കൽ ഗാർഡനിൽ വളരുന്ന എല്ലാ ചെടികളും ഇൻഡോറിലേക്ക് ഉപയോഗിക്കാൻ പറ്റില്ല. ഇതിനായി ഇൻഡോറിൽ ഉപയോഗിക്കാൻ പറ്റുന്നതും വെർട്ടിക്കൽ ഗാർഡനിൽ വളരുന്നതുമായ ചെടികളെക്കുറിച്ച് ചെറിയൊരു പഠനം നടത്തേണ്ടത് അത്യാവശ്യമാണ്. വളർന്നു കാടുകയറുന്ന ചെടികളെ ഒഴിവാക്കി പതുക്കെ വളരുന്ന ചെടികൾ തിരഞ്ഞെടുക്കാം. വളർന്നു ഭാരംകൂടി ഭിത്തി പൊളിക്കുന്ന ചെടികളും ഒഴിവാക്കാം. എന്നാൽ, നമ്മുടെ കാലാവസ്ഥയ്ക്കു ചേരുന്ന സമൃദ്ധമായി ഇലകളുള്ള ചെടികൾ വേണം. പലതരം ചെടികൾ ഇടകലർത്തി ഡിസൈൻ ഒരുക്കാം. പല നിറങ്ങളിലുള്ള ചെടികൾ വ്യത്യസ്ത പാറ്റേണുകളിൽ വളർത്തുന്നതാണ് ഭംഗി. ചെടികളിൽ നിന്ന് അലർജി ഉള്ളവർ അതു മനസ്സിലാക്കി ആരോഗ്യത്തിന് യോജിക്കുന്നവ തെരഞ്ഞെടുക്കാനും ശ്രദ്ധിക്കണം.
- ഇൻഡോർ ഫ്രണ്ട്‌ലി ചെടികൾ തെരെഞ്ഞെടുക്കാം
വീട്ടുമുറ്റത്തെ പൂന്തോട്ടത്തിലെ പോലെ ഇഷ്ടമുള്ള ചെടികളെല്ലാം വെർട്ടിക്കൽ ഗാർഡനിൽ വളർത്തിയെടുക്കാൻ സാധിക്കില്ല. കാടു പിടിക്കാത്ത, സാവധാനത്തിൽ വളരുന്ന, അധികം ഭാരം വയ്ക്കാത്ത ചെടികളാണ് വെർട്ടിക്കൽ ഗാർഡനിലേക്ക് തിരഞ്ഞെടുക്കുന്നത്. ഇൻഡോർ വെർട്ടിക്കൽ ഗാർഡൻ ആവുമ്പോൾ ഈ തെരഞ്ഞെടുപ്പ് കുറച്ചു കൂടി കഠിനമാകും. കുറഞ്ഞ സൂര്യപ്രകാശത്തിലും മറ്റു പരിമിതമായ സൗകര്യത്തിലും മുറിക്കുള്ളിൽ വളരുന്ന ചെടികൾ മാത്രമേ ഇതിലേക്ക് തിരഞ്ഞെടുക്കാൻ സാധിക്കുകയുള്ളൂ. ലിപ്സ്റ്റിക് ഫ്ലവർ, പോത്തോസ്, ഫെർൻസ്, ഫിലോഡൻഡ്രോൺ, ക്രോട്ടൻസ്, ബേബി ടീയേർസ്, ചൈനീസ് എവെർഗ്രീൻ, പേപ്പറോമിയ, വെഡിങ് വൈൻ, എയർ പ്ലാന്റ്സ് തുടങ്ങിയ ചെടികൾ ഇൻഡോർ വെർട്ടിക്കൽ ഗാർഡനിലേക്ക് ഉപയോഗിക്കാവുന്നതാണ്. ഈ ചെടികൾ നനയ്ക്കുന്ന കാര്യമൊർത്ത് ടെൻഷൻ വേണ്ട
വീടിനകത്ത് വെള്ളം വീഴാതെയും വൃത്തികേടാക്കാതെയും ചെടികൾ നനയ്ക്കാൻ ഡ്രിപ് ലൈൻ ഓട്ടമേറ്റഡ് സംവിധാനം സ്ഥാപിക്കാവുന്നതാണ്. ഇവ ഫ്രെയിമുകളിൽ ഘടിപ്പിക്കാം.
- ഭംഗി മാത്രമല്ല ഗുണങ്ങൾ നിരവധിയുണ്ട്
അകത്തളങ്ങൾ ഭംഗിയോടെ ഒരുക്കിവയ്ക്കാം എന്നതിനപ്പുറം വേറെയും അനേകം ഗുണങ്ങളുണ്ട് ഇൻഡോർ വെർട്ടിക്കൽ ഗാർഡന്.
വീടിനകത്തെ ചൂട് ഒരു പരിധിവരെ നിയന്ത്രിക്കുമെന്നും ഹരിത ഭിത്തികൾ സൗണ്ട് പ്രൂഫ് ആയി പ്രവർത്തിക്കുമെന്നും വിദഗ്ധർ പറയുന്നുണ്ട്. ഇതിനെല്ലാം പുറമേ വീടിനകത്ത് ചെലവഴിക്കുന്ന വിശ്രമവേളകളിൽ മനസ്സിനെ കൂടുതൽ തണുപ്പിക്കാൻ ഈ ഹരിത കാഴ്ചകൾ തന്നെ ധാരാളമല്ലേ.
#VerticalGarden #IndoorPlants #GreenLiving #HomeDecor
Share this post