• Chinju MA
  • 27 Oct 2025

മിനിമൽ ലുക്ക്, മാക്സിമം ബലം: അഴിച്ചുമാറ്റാം, എവിടെയും സ്ഥാപിക്കാം ചെലവും കുറവ് - ഇതാണ് പുതിയ 'സ്പേസ് സേവർ'  കാർ പോർച്ച്

സ്വപ്ന ഭവനത്തിനൊപ്പം പണിതുയർത്തുന്ന കോൺക്രീറ്റ് പോർച്ചുകളുടെ കാലം കഴിഞ്ഞു. വീടിന് ഒരു 'അഡീഷണൽ ലുക്ക്' നൽകുകയും, വേഗത്തിൽ ഫിറ്റ് ഞാൻ സാധിക്കുകയും, ആവശ്യമെങ്കിൽ അഴിച്ചുമാറ്റി കൊണ്ടുപോകുവാനും പറ്റുന്ന പ്രീഫാബ്രിക്കേറ്റഡ് കാർ പോർച്ചുകളാണ് ഇന്ന് കേരളത്തിലെ നിർമ്മാണ മേഖലയിലെ പുതിയ താരം. സൗകര്യവും, ചെലവ് കുറവും, സ്റ്റൈലിഷ് രൂപകൽപ്പനയും കൊണ്ട് ഈ 'റെഡി-ടു-ഫിറ്റ്' പോർച്ചുകൾ വാഹന പ്രേമികളുടെ  പ്രിയപ്പെട്ട നിർമ്മിതിയായി മാറി.

  •  ട്രസ്സില്ലാത്ത മേൽക്കൂരയുടെ മാജിക്: ഗാൽവലം പോർച്ചുകൾ
ഇപ്പോൾ പ്രചാരത്തിലുള്ള പ്രീഫാബ് പോർച്ചുകളിൽ മുൻപന്തിയിൽ നിൽക്കുന്നത് ഗാൽവലം റൂഫ് പോർച്ചുകളാണ്. ഇവയുടെ ഏറ്റവും വലിയ പ്രത്യേകത, മേൽക്കൂര താങ്ങി നിർത്താൻ സാധാരണ കാണുന്ന ട്രസ്സ് ഫ്രെയിം വർക്കുകൾ ആവശ്യമില്ല എന്നതാണ്.
കാറിന് സുഗമമായി തിരിയാനും പാർക്ക് ചെയ്യാനും ആവശ്യമായ സ്ഥലം നൽകിക്കൊണ്ട്, വെറും രണ്ട് തൂണുകളിൽ മാത്രം ഈ പോർച്ചുകൾ സ്ഥാപിക്കാൻ സാധിക്കും. രണ്ട് ഇരുമ്പ് തൂണുകളും, അവയ്ക്ക് മുകളിൽ ഉറപ്പിക്കുന്ന 'ഐ സെക്ഷൻ' പൈപ്പുകളും മാത്രമാണ് ഇതിന്റെ അടിസ്ഥാന ഘടന.

  •  ബലത്തിന്റെ രഹസ്യം: 'സെൽഫ് സപ്പോർട്ടഡ് ആർച്ച് റൂഫ്' 
ട്രസ്സില്ലാതെ എങ്ങനെ മേൽക്കൂര ഉറപ്പോടെ നിലനിൽക്കും? അവിടെയാണ് 'സെൽഫ് സപ്പോർട്ടഡ് ആർച്ച് റൂഫ്' എന്ന നിർമ്മാണ തന്ത്രം പ്രയോഗിക്കപ്പെടുന്നത്.
ഉറപ്പുള്ള രണ്ട് ഇരുമ്പ് പൈപ്പുകൾക്കിടയിൽ, ഗാൽവലം ഷീറ്റുകൾ കമാനാകൃതിയിൽ (Arch) വളച്ച് ഇന്റർലോക്ക് ചെയ്ത് ഉറപ്പിക്കുമ്പോൾ അതിന് സ്വയമേ താങ്ങാനുള്ള അസാമാന്യമായ ഉറപ്പും ബലവും ലഭിക്കുന്നു. ശക്തമായ കാറ്റിലും മഴയിലും ഇത് സുരക്ഷിതമായി നിലകൊള്ളും. ഇതിനായി ഉപയോഗിക്കുന്നത് 0.6 mm മുതൽ 1.4 mm വരെ കനമുള്ള, പ്രീ പെയിന്റഡ് ഗാൽവലം ഷീറ്റുകളാണ്.

  •  നിർമ്മാണം: ക്ഷണനേരം കൊണ്ട് 
ഒരു പോർച്ച് പണിയാൻ ദിവസങ്ങളോ ആഴ്ചകളോ ആവശ്യമില്ല. മണിക്കൂറുകൾക്കുള്ളിൽ ഈ പോർച്ചുകൾ സ്ഥാപിക്കാം. ഏകദേശം ഒരു മീറ്റർ ആഴത്തിൽ കുഴിയെടുത്ത് തൂണുകളും സപ്പോർട്ടിങ് പൈപ്പുകളും കോൺക്രീറ്റ് ചെയ്ത് ഉറപ്പിക്കുന്നു. അടിത്തറ ഉറച്ച ശേഷം, രണ്ടടി വീതിയുള്ള ഷീറ്റുകൾ പ്രത്യേക യന്ത്രങ്ങളുടെ സഹായത്താൽ 'ട്രസ്‌ലെസ് പ്രൊഫൈലി'ലേക്ക് ഇന്റർലോക്ക് ചെയ്ത് ഘടിപ്പിക്കുന്നു.
ഈ ലളിതമായ രീതി കാരണം പോർച്ചിന്റെ വലുപ്പമോ ഉയരമോ ഇഷ്ട്ടാനുസരണം മാറ്റിയെടുക്കാനും സാധിക്കും. 

 പ്രത്യേകതകൾ

  • ട്രസ്സില്ലാത്ത ഈ റൂഫുകൾക്ക് മുകളിൽ സോളാർ പാനലുകൾ എളുപ്പത്തിൽ ഘടിപ്പിക്കാൻ സാധിക്കും.
ഇലക്ട്രിക് വാഹനങ്ങൾക്ക് സുരക്ഷ: മേൽക്കൂരയിൽ ഘടിപ്പിക്കുന്ന മഴവെള്ളപ്പാത്തികൾ (Rain Gutters) കാരണം മഴവെള്ളം തെറിച്ച് ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററിക്കും മറ്റ് ഭാഗങ്ങൾക്കും കേടുപാടുകൾ സംഭവിക്കുന്നത് ഒഴിവാക്കാം.

വാറന്റി: നിർമ്മാണത്തിന് ചതുരശ്രയടിക്ക് ഏകദേശം ₹300 മുതൽ ₹450 വരെയാണ് ചെലവ് വരുന്നത്. കമ്പനികൾ 5 മുതൽ 10 വർഷം വരെ ഷീറ്റുകൾക്ക് ഗ്യാരന്റി നൽകുന്നുണ്ട്.

കുറഞ്ഞ സമയത്തിനുള്ളിൽ, കുറഞ്ഞ മുതൽ മുടക്കിൽ, കൂടുതൽ പാർക്കിംഗ് സൗകര്യമൊരുക്കുന്ന ഈ ഗാൽവലം ഫാസ്റ്റ്-ഫിക്സ് പോർച്ചുകൾ നിലവിലെ പാർക്കിംഗ് പ്രതിസന്ധികൾക്ക് ഒരു ആധുനിക പരിഹാരമാണ്.

Share this post