• Chinju MA
  • 03 Nov 2025

ഫീസ് കുറച്ചു, ഇളവുകൾ കൂട്ടി: കെട്ടിടനിർമ്മാണ ചട്ടങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ

പുതുതായി സ്ഥലം വാങ്ങി കെട്ടിടങ്ങൾ നിർമ്മിക്കുന്നവർക്കും പഴയവ പുതുക്കി പണിയുന്നവർക്കും  ഉൾപ്പെടെയുള്ള 
നിർമ്മാണ മേഖലയ്ക്ക് ഉത്തേജനം നൽകിക്കൊണ്ട്, സംസ്ഥാന കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ വിപ്ലവകരമായ ഭേദഗതികൾ പ്രഖ്യാപിച്ചു. മന്ത്രി എം.ബി. രാജേഷ് പ്രഖ്യാപിച്ച ഈ മാറ്റങ്ങൾ, കേരളത്തിലെ റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് കാലങ്ങളായി നിലനിന്നിരുന്ന പല നിയമക്കുരുക്കുകളിൽ നിന്നും മോചനം നൽകും. 10 വർഷത്തിനുശേഷമുള്ള പെർമിറ്റ് കാലാവധി നീട്ടൽ ഫീസ് പകുതിയായി കുറച്ചതും, നിർമ്മാണത്തിലെ മാറ്റങ്ങൾക്ക് ഏത് ഘട്ടത്തിലും എളുപ്പത്തിൽ അനുമതി നേടാമെന്നതും ഉൾപ്പെടെ, 117 ചട്ടങ്ങളിൽ 53 എണ്ണമാണ് ഭേദഗതി ചെയ്തിരിക്കുന്നത്. ഈ നിയമപരമായ ഇളവുകൾ നിർമ്മാണ പ്രവർത്തനങ്ങളുടെ വേഗത വർദ്ധിപ്പിക്കാനും സാമ്പത്തിക ബാധ്യത കുറയ്ക്കാനും സഹായിക്കും.

 പ്രധാന ഭേദഗതികളും ആനുകൂല്യങ്ങളും

1.⁠ ⁠പെർമിറ്റ് കാലാവധി നീട്ടൽ: ഫീസ് പകുതിയായി കുറച്ചു
കെട്ടിട നിർമ്മാണ പെർമിറ്റ് എടുത്ത് 10 വർഷത്തിനുശേഷം കാലാവധി നീട്ടുന്നതിനുള്ള ഫീസ് പകുതിയായി കുറച്ചത് പുതുതായി കെട്ടിടം നിർമ്മിക്കുന്നവർക്ക് വലിയ സാമ്പത്തിക ആശ്വാസമാകും. പദ്ധതികൾ പൂർത്തിയാക്കാൻ കൂടുതൽ സമയം ലഭിക്കുന്നതിനൊപ്പം സാമ്പത്തിക ബാധ്യത കുറയ്ക്കാനും ഇത് സഹായക മാകും.

2.⁠ ⁠നിർമ്മാണ മാറ്റങ്ങൾക്ക് ഏതുഘട്ടത്തിലും പുതുക്കിയ അപേക്ഷ നൽകാം 
പെർമിറ്റ് എടുത്തശേഷം നിർമ്മാണത്തിൽ എന്തെങ്കിലും മാറ്റങ്ങളുണ്ടെങ്കിൽ, കംപ്ലീഷൻ അപേക്ഷ സമർപ്പിക്കുംമുമ്പ് ഏതുഘട്ടത്തിലും പുതുക്കിയ പെർമിറ്റിന് അപേക്ഷിക്കാവുന്നതാണ്. ഇവിടെ അധിക നിർമ്മാണത്തിന് മാത്രം ക്രമീകരണം നടത്തിയാൽ മതി എന്നതിനാൽ സാമ്പത്തിക ബാധ്യത ഗണ്യമായി കുറയും. മുമ്പ്, മുഴുവൻ കെട്ടിടത്തിനും വീണ്ടും അപേക്ഷിക്കേണ്ട അവസ്ഥയുണ്ടായിരുന്നു. പുതിയ മാറ്റം നിർമ്മാണം എളുപ്പമാക്കും.

3.⁠ ⁠റോഡിനായി സ്ഥലം വിട്ടുകൊടുത്തവർക്ക് ആശ്വാസം
റോഡിന് സ്ഥലം വിട്ടുകൊടുത്തശേഷം ബാക്കിവരുന്ന സ്ഥലത്തെ കെട്ടിടങ്ങളുടെ ബലപ്പെടുത്തൽ ജോലികൾക്ക് ഇനി അനുവദനീയമാണ്. ഇത് സ്ഥലപരിമിതി നേരിടുന്നവർക്ക് വലിയ സഹായകമാകും.

4.⁠ ⁠കൈമാറ്റം ചെയ്ത സ്ഥലത്തെ നിർമ്മാണങ്ങൾ സാധുവാകും
കെട്ടിടനിർമ്മാണത്തിന് പെർമിറ്റ് എടുത്തശേഷം ആ സ്ഥലത്തിന്റെ ഒരു ഭാഗം മറ്റൊരാൾക്ക് കൈമാറ്റം ചെയ്താലും, ബാക്കിവരുന്ന സ്ഥലത്ത് അനുവദിച്ച പെർമിറ്റ് പ്രകാരം കെട്ടിടം നിർമ്മിക്കുമ്പോൾ ചട്ടലംഘനം ഇല്ലെങ്കിൽ പെർമിറ്റ് സാധുവായിരിക്കും. പ്ലോട്ടുകൾ വിഭജിച്ച് വിൽക്കുന്നവർക്ക് ഇത് ഏറെ ഉപകാരപ്രദമാകും.

5.⁠ ⁠ടർഫുകൾക്കും ഗെയിം കോർട്ടുകൾക്കും ഇളവുകൾ
ടർഫുകൾക്കും ഗെയിം കോർട്ടുകൾക്കുമായി പുതിയ ഒക്യുപൻസി ഗ്രൂപ്പ് നിലവിൽ വരും. ഇവർക്ക് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ കായികമേഖലയുമായി ബന്ധപ്പെട്ട നിർമ്മാണങ്ങൾക്കും ബിസിനസ്സുകൾക്കും ഇത് പ്രോത്സാഹനമാകും.

6.⁠ ⁠അനുമതി നൽകാനുള്ള അധികാരം തദ്ദേശ സ്ഥാപന സെക്രട്ടറിക്ക്
ചെറിയ/ഇടത്തരം കെട്ടിടങ്ങൾ ഉൾപ്പെടെ, ജില്ലാ ടൗൺ പ്ലാനറുടെ അനുമതിയില്ലാതെ തദ്ദേശ സ്ഥാപന സെക്രട്ടറിക്ക് കെട്ടിട നിർമ്മാണ അനുമതി നൽകാവുന്നതിന്റെ പരിധി വർദ്ധിപ്പിച്ചു. ഇത് കെട്ടിട നിർമ്മാണ അനുമതി വേഗത്തിലാക്കാനും കാലതാമസം ഒഴിവാക്കാനും സഹായിക്കും.

ഈ ഭേദഗതികൾ കേരളത്തിലെ കെട്ടിട നിർമ്മാണ രംഗത്ത് കാര്യക്ഷമതയും വേഗതയും വർദ്ധിപ്പിക്കുകയും, നിലവിലുള്ള നൂലാമാലകൾ കുറയ്ക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ. നിയമപരമായ വ്യക്തതയും സാമ്പത്തിക ആശ്വാസവും നൽകുന്ന ഈ മാറ്റങ്ങൾ റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് പുതിയ ഉണർവ്വേകും എന്നതിൽ സംശയമില്ല.

Share this post