• SBM
  • 13 May 2024

മനോഹരമായി മുറ്റത്ത് കല്ല് വിരിക്കാം

കല്ലുപാകിയ മുറ്റം ഇന്നത്തെ ട്രെന്റാണ്. എന്നാല്‍, ട്രെന്റ് മാത്രമല്ല, ഗുണവും ഏറെയാണ്. വീട് നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞാല്‍ ശ്രദ്ധ നല്‍കേണ്ട മറ്റൊരു ഭാഗം വീടിന്റെ മുറ്റം ഭംഗിയാക്കുക എന്നതാണ്. ടൈലിനു പകരം കല്ലുനിരത്തിയാല്‍ ചൂട് കുറയ്ക്കാമെന്നതാണ് കാര്യം. കണാനാവട്ടെ ഭംഗിയും. എളുപ്പത്തില്‍ മുറ്റം വൃത്തിയാക്കാനും കഴിയും. മുറ്റത്ത് വിരിക്കാനുള്ള വിവിധയിനം കല്ലുകള്‍ വിപണിയില്‍ ലഭ്യമാണ്. 

പണ്ടു കാലങ്ങളില്‍ മുറ്റം ചെത്തിയും തേച്ചും ഭംഗിയാക്കുന്ന രീതിയാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്നത് കല്ലുകള്‍ പാകി കാഴ്ചയില്‍ ഭംഗി നിറയ്ക്കുന്ന രീതികളിലേക്ക് മാറിയിരിക്കുന്നു. മുറ്റത്ത് പാകുന്ന പ്രത്യേക ടൈലുകളും, കല്ലുകളും വിപണിയില്‍ സുലഭമായി ലഭിച്ചു തുടങ്ങിയതോടെ ആളുകളെല്ലാം അതിന് പുറകെയായി. ഇന്റര്‍ലോക്ക് കട്ടകളോടായിരുന്നു ഒരു കാലത്ത് പ്രിയം. എന്നാല്‍, കനത്ത് ചൂട് മുറ്റത്തു നിന്നും ഉയര്‍ന്നതോടെ ഇന്റര്‍ലോക്ക് കട്ടകളുടെ സ്ഥാനത്ത് കരിങ്കല്‍ കല്ലുകളായി. ശരിയായ രീതിയില്‍ മുറ്റം ഭംഗിയാക്കാനായി കല്ല് തിരഞ്ഞെടുക്കുമ്പോള്‍ ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മുറ്റത്ത് പാകാനായി വ്യത്യസ്ത രീതിയില്‍ ഉള്ള ടൈലുകള്‍, സ്‌റ്റോണുകള്‍ എന്നിവയെല്ലാം മുന്‍കാലങ്ങളെ വച്ച് താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് വളരെ കൂടുതലായി ലഭിക്കുന്നുണ്ട്. ഇവയില്‍ തന്നെ നാച്ചുറല്‍ സ്‌റ്റോണുകളും ആര്‍ട്ടിഫിഷ്യലായി നിര്‍മ്മിച്ച് എടുക്കുന്ന സിമന്റ് കട്ടകളും ലഭ്യമാണ്.

  • ബാംഗ്ലൂര്‍ സ്‌റ്റോണ്‍ 

പ്രകൃതിദത്ത കല്ലുകളില്‍ പ്രധാനമണ് ബാംഗ്ലൂര്‍ കല്ലുകള്‍. ഈ സ്റ്റോണ്‍ നാല് ഇഞ്ച് സ്‌ക്വയര്‍ മുതല്‍ 3*2 അടി വലുപ്പത്തില്‍ കിട്ടും. വെള്ള, ഗ്രേ നിറങ്ങളാണ് അധികവും. സ്‌ക്വയര്‍ഫീറ്റിന് 110 രൂപ മുതലാണ് വില


  • ഫ്‌ളെയിംഡ് ഫിനിഷ് ഗ്രാനൈറ്റ് 
പരുക്കന്‍ രീതിയിലുള്ള ഫിനിഷാണ് ഇതിന്റെ പ്രത്യേകത. കനം അനുസരിച്ച് മൂന്ന് തരത്തില്‍ ലഭിക്കും. നാലിഞ്ച് സ്‌ക്വയര്‍ മുതല്‍ 5*2 അടി വരെ വലുപ്പത്തില്‍ കല്ലുകള്‍ ലഭിക്കും. മുറ്റത്തിന് ചന്തമേകാന്‍ വെള്ളം, ഗ്രേ, കറുപ്പ്, മഞ്ഞ, പിങ്ക് നിറങ്ങളില്‍ ലഭിക്കും. സ്‌ക്വയര്‍ ഫീറ്റിന് 110 രൂപ മുതലാണ് വില. ഓരോ നിറങ്ങള്‍ അനുസരിച്ചും വിലയില്‍ മാറ്റം വരും. 

  • തണ്ടൂര്‍ സ്‌റ്റോണ്‍
വിപണിയില്‍ ഏറ്റവും കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്ന സ്റ്റോണുകളാണ് തണ്ടൂര്‍ സ്‌റ്റോണ്‍. ആന്ധ്രപ്രദേശില്‍ നിന്നാണ് ഈ കല്ലിന്റെ വരവ്. ഗ്രേയും മഞ്ഞയും പച്ചയുമാണ് ഈ സ്റ്റോണിന്റെ നിറം. നാലിഞ്ച് സ്‌ക്വയര്‍ മുതല്‍ 4*2 അടി വരെയുള്ള അളവുകളില്‍ ലഭിക്കും. കൂടുതല്‍ ഉറപ്പാണ് വേണ്ടതെങ്കില്‍ 2*2 അടി ഉപയോഗിക്കുന്നതാണ് ഉചിതം. സ്‌ക്വയര്‍ ഫീറ്റിന് 65 രൂപ മുതല്‍ വിലയുള്ള സ്റ്റോണിന്റെ കനം അനുസരിച്ച് വിലയില്‍ മാറ്റം വരും. 

  • കോബിള്‍ സ്‌റ്റോണ്‍ 
ഹാന്‍ഡ് കട്ട്, മെഷീന്‍ കട്ട് എന്നിങ്ങനെ രണ്ട് തരം കോബിള്‍ സ്‌റ്റോണ്‍ വിപണിയിലുണ്ട്. വെള്ള, ഗ്രേ, മഞ്ഞ, കറുപ്പ്, പിങ്ക് നിറങ്ങളില്‍ ലഭിക്കും. നിറത്തിനുസരിച്ചാണ് കോബിള്‍ സ്‌റ്റോണിന്റെ വില. മെഷീന്‍ കട്ടിനാണ് വില കൂടൂതല്‍. 

  • നാടന്‍ കല്ല് 
ട്രേഡീഷണല്‍ വര്‍ക്കില്‍ കൂടുതല്‍ ഉപയോഗിക്കുന്നത് നാടന്‍ കല്ലുകളാണ്. പൂര്‍ണ്ണമായും നമ്മുടെ നാടിന് അനുയോജ്യമായ രീതിയില്‍ മുറ്റമൊരുക്കണം എന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഓപ്ഷന്‍ കറുപ്പ്, ഗ്രേ നിറങ്ങളില്‍ വരുന്ന നാടന്‍ കല്ലുകള്‍ തന്നെയാണ്. എട്ട് മുതല്‍ 12 അടി വരെ നീളത്തിലും ഒന്‍പത്, പത്ത് അടി വരെ വീതിയിലും കല്ലുകള്‍ ലഭിക്കും. ഒരു കല്ലിന് 85 രൂപ മുതല്‍ വിലയുണ്ട്. കടപ്പ, കോട്ട കല്ലുകളും മുറ്റത്ത് വിരിക്കുന്നവരുണ്ട്. ഇവയ്ക്ക് വിലകൂടുതലാണെന്നതാണ് പ്രത്യേകത. 

കല്ലുവിരിക്കുമ്പോള്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍ 
സ്‌റ്റോണ്‍ പതിച്ച് നല്‍കുന്നതിന് എക്‌സ്‌പേര്‍ട്ട് ആയ ആളുകളെ കൊണ്ടു തന്നെ അത്തരം നിര്‍മാണങ്ങള്‍ ചെയ്യിപ്പിക്കുന്നതാണ് ഉചിതം. കല്ലുകള്‍ വിരിച്ച് നല്‍കുമ്പോള്‍ ശരിയായ രീതിയില്‍ പാറപ്പൊടി, ചിപ്‌സ് എന്നിവ മിക്‌സ് ചെയ്ത് ഗ്രൗട്ട് കലക്കി ഒഴിച്ചു തന്നെ ഡ്രസ്സ് ചെയ്‌തെടുക്കാന്‍ ശ്രദ്ധിക്കുക. പലരും ചിലവ് കുറയ്ക്കാനായി ചിപ്‌സ് ഇട്ട് കല്ല് വിരിക്കുന്ന പതിവുണ്ട്. ഇത് കല്ലുകള്‍ കേടാകാനും ഇളകി പോകാനും സാധ്യതയേറെയാണ്.


#stonepaving #home #tips #gardening
Share this post