- Chinju MA
- 12 May 2025
വീട് പണിയാനുള്ള ചെലവ് പകുതിയായി കുറയ്ക്കാം; ഈ കാര്യങ്ങൾ ഉറപ്പായും ശ്രദ്ധിക്കണം
ലോ ബജറ്റിൽ വീട് ഒരുക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഉപയോഗിക്കുന്ന മെറ്റീരിയലുകളുടെ ക്വാളിറ്റിയിൽ കോംപ്രമൈസ് ചെയ്യുക എന്നുള്ളതല്ല. ഇങ്ങനെ ചെയ്താൽ വീട് നിർമ്മാണം കഴിഞ്ഞ് ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ ലാഭിച്ച തുകയുടെ ഇരട്ടി കയ്യിൽ നിന്ന് ചെലവാകുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. അതുകൊണ്ടുതന്നെ നിർമ്മാണ സാമഗ്രികളുടെ ഈടിനും ഉറപ്പിലും യാതൊരുവിധ കോംപ്രമൈസും ചെയ്യാതെ എന്നാൽ മറ്റുള്ള ചില കാര്യങ്ങളിൽ ശ്രദ്ധയോടെയുള്ള ഇടപെടലുകൾ നടത്തിയാൽ വീടുപണിക്ക് ഉണ്ടാകുന്ന ചെലവ് ഒരു പരിധിവരെ കുറച്ച് നമ്മുടെ ബജറ്റിനുള്ളിൽ
ഒതുക്കി നിർത്തുവാൻ സാധിക്കും. ആ കാര്യങ്ങൾ എന്തൊക്കെ എന്നും എങ്ങനെ അതെല്ലാം ഫലപ്രദമായി നടപ്പാക്കാം എന്നും ഇനി നോക്കാം.
- വസ്തുവിന്റെ തിരഞ്ഞെടുപ്പ്
സ്വന്തമായി സ്ഥലമില്ലാത്തവർ സ്ഥലം വാങ്ങിയതിനു ശേഷം വീട് വയ്ക്കാൻ ഇറങ്ങുമ്പോൾ തന്നെ കയ്യിലുള്ള ബജറ്റ് ഒരു പരിധി വരെ തീർന്നിരിക്കും. ശേഷം ആ സ്ഥലത്ത് വീട് വയ്ക്കാൻ ഒരുങ്ങുമ്പോൾ കയ്യിലുള്ള ബാക്കി പണം കൂടി അനാവശ്യമായി ചിലവായി പോകാതിരിക്കാൻ സ്ഥലം വാങ്ങിക്കുമ്പോൾ തന്നെ കുറെയേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. വസ്തു വാങ്ങുമ്പോൾ തന്നെ ഏറെക്കുറെ നിരപ്പായിട്ടുള്ള ഒരു സ്ഥലം വാങ്ങിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് അതല്ലെങ്കിൽ ഫൗണ്ടേഷന് വേണ്ടിയിട്ട് കുറെയേറെ പണം നമ്മൾ ചിലവഴിക്കേണ്ട അവസ്ഥ വരും. അതോടൊപ്പം വാഹന സൗകര്യം ഉള്ള സ്ഥലം നോക്കി വാങ്ങിക്കുവാനും ശ്രദ്ധിക്കണം ഇല്ലായെങ്കിൽ വീട് നിർമ്മാണത്തിന് ആവശ്യമായ സാമഗ്രികൾ നമ്മുടെ സ്ഥലത്തേക്ക് എത്തിക്കുന്നതിന് അധിക ചുമട്ടുകൂലി ഉൾപ്പെടെയുള്ള തുകയും പോക്കറ്റിൽ നിന്ന് ചിലവാകും. ഇതോടൊപ്പം നമ്മുടെ വസ്തുവിന് അരികിലായി ഇലക്ട്രിക് പോസ്റ്റുകൾ ഉണ്ട് എന്നും ഉറപ്പാക്കണം. ഇല്ലായെങ്കിൽ വീടിന്റെ കറണ്ട് കണക്ഷനായി ഒന്നോ രണ്ടോ പോസ്റ്റുകൾ സ്ഥാപിക്കേണ്ട ബാധ്യതയും വന്നു പെടും. ഇതും ഒരു ഭീമമായ ചിലവിന് കാരണമാകും.
- ബിൽഡിംഗ് പ്ലാൻ
വീടിന്റെ പ്ലാൻ തയ്യാറാക്കുമ്പോൾ ആർഭാടങ്ങൾ പരമാവധി ഒഴിവാക്കി ആവശ്യങ്ങൾ മാത്രം അവിടെ നടപ്പാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അനാവശ്യമായി വരുന്ന സ്പേസുകൾ ഒഴിവാക്കി ആവശ്യത്തിനുള്ള വലിപ്പം മാത്രം ഉൾപ്പെടുത്തി വേണം പ്ലാൻ തയ്യാറാക്കാൻ. ഇതോടൊപ്പം തന്നെ വീടുപണി തുടങ്ങിയതിനു ശേഷം ഒരു കാരണവശാലും ഈ പ്ലാനിൽ മാറ്റങ്ങൾ വരുത്താൻ ശ്രമിക്കാതിരിക്കുകയും വേണം ഇത് അധിക ചെലവിന് വഴിയൊരുക്കും.
- ഫൌണ്ടേഷൻ
ചെങ്കല്ല് കരിങ്കല്ല് തുടങ്ങി നിരവധി വസ്തുക്കൾ ഉപയോഗിച്ച് നമ്മൾ ഫൗണ്ടേഷനുകൾ തീർക്കാറുണ്ട് എന്നാൽ ഇതിൽ തന്നെ നമ്മുടെ നാട്ടിൽ എളുപ്പത്തിൽ ലഭ്യമായ വസ്തു ഏതെന്ന് കണ്ടെത്തി അതുകൊണ്ട് ഫൗണ്ടേഷൻ തീർക്കുകയാണെങ്കിൽ ഫൗണ്ടേഷന്റെ ചിലവ് ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കും. അതോടൊപ്പം ഭൂമിയുടെ ഉറപ്പ് മനസ്സിലാക്കിയതിനുശേഷം ഏതുതരം ഫൗണ്ടേഷൻ ആണ് വേണ്ടത് എന്ന് ആദ്യമേ തന്നെ ഒരു തീരുമാനത്തിലെത്തുകയും വേണം.
പ്ലിന്ത് ബെൽറ്റുകൾ ചെയ്യുമ്പോൾ ചുവരിന്റെ വണ്ണത്തിന് അനുസരിച്ച് മാത്രം ചെയ്യുവാനും ശ്രദ്ധിക്കണം.
- ചുവർ നിർമ്മാണം
ഇന്ന് വിവിധതരം മെറ്റീരിയലുകൾ ചുവർ നിർമ്മാണത്തിനായി ഉപയോഗിക്കുന്നുണ്ട് എങ്കിലും നമ്മുടെ നാട്ടിൽ ഏതാണ് എളുപ്പത്തിൽ ലഭ്യമാകുന്നത് എന്ന് കണ്ടെത്തി അവ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇതിൽ തന്നെ വലിപ്പം കൂടിയ മെറ്റീരിയലുകൾ ഉപയോഗിക്കുകയാണെങ്കിൽ ലേബർ ചാർജ് സിമന്റ് മിക്സ് എന്നിവയിൽ വരുന്ന അധിക ചിലവ് ഒരു പരിധി വരെ കുറയ്ക്കുവാൻ സാധിക്കും മാത്രവുമല്ല പണി എളുപ്പത്തിൽ തീർക്കുവാനും ഇത് സഹായകമാകും. ചെങ്കല്ല് ഉപയോഗിക്കുമ്പോൾ അത് കൃത്യമായി മെഷീനിൽ കട്ട് ചെയ്ത് ഉപയോഗിക്കുവാനും പ്രത്യേകം ശ്രദ്ധിക്കണം അല്ലാത്തപക്ഷം ചുവർ പ്ലാസ്റ്റർ ചെയ്യുമ്പോൾ അധിക ചെലവിനും ഇതു വഴിയൊരുക്കും.
- തടിപണികൾ
വീടിന്റെ ജനൽ വാതിൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ തടിയിൽ നിർമ്മിക്കുമ്പോൾ നല്ല രീതിയിൽ തന്നെ ചിലവ് വരും. മാത്രവുമല്ല വീടിന്റെ പെയിന്റിങ് സമയത്ത് ഇവ പോളിഷ് ചെയ്യുവാനും നല്ലൊരു തുക മാറ്റി വയ്ക്കേണ്ടതായി വരും എന്നാൽ അതിനുപകരമായി സ്റ്റീൽ ജനലുകളും വാതിലുകളും ഉപയോഗിക്കുകയാണെങ്കിൽ പോളിഷിങ് മെയ്ന്റനൻസ് തുടങ്ങിയ ചെ mലവുകൾ എല്ലാം ഒരു പരിധിവരെ ഒഴിവാക്കുവാൻ സാധിക്കും.
- റൂഫ് കോൺക്രീറ്റിംഗ്
റൂഫ് കോൺക്രീറ്റിങ് ചെയ്യുമ്പോൾ നമുക്ക് ഏറ്റവും നന്നായി ചെലവ് കുറയ്ക്കാനുള്ള ഒരു മാർഗ്ഗം എന്നത് ഒരേ ലെവലിൽ തന്നെ കോൺക്രീറ്റ് ചെയ്യുക എന്നുള്ളതാണ്. പുതിയ സ്റ്റൈലിലുള്ള നിർമ്മാണങ്ങൾ അനുകരിച്ച് റൂഫിൽ കൂടുതൽ കർവുകളും സ്ലോപ്പുകളും നൽകിയാൽ അത് ചെലവ് കൂട്ടുകയും വീടിന്റെ ഉറപ്പ് കുറയ്ക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ വീടിന് ഫ്ലാറ്റ് റൂഫ് നൽകുവാൻ ശ്രദ്ധിക്കണം ഒപ്പം ചെറിയൊരു സ്ലോപ്പ് കൂടി നൽകുകയാണെങ്കിൽ പ്ലാസ്റ്ററിങ്ങിൽ ഉണ്ടാവുന്ന അധിക ചെലവും നിയന്ത്രിക്കാൻ സാധിക്കും.
- പ്ലംബിംഗ് ഇലക്ട്രിക്കൽ
വീട് ലോ ബജറ്റിൽ തയ്യാറാക്കുകയാണെങ്കിലും ഒരിക്കലും കോംപ്രമൈസ് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് ഇവ രണ്ടും. അതുകൊണ്ടുതന്നെ അല്പം സമയം ചിലവിട്ട് നല്ലത് കിട്ടുന്ന സ്ഥലങ്ങൾ സന്ദർശിച്ച് വില താരതമ്യം ചെയ്തതിനുശേഷം ക്വാളിറ്റിയിൽ കോംപ്രമൈസ് ചെയ്യാതെ ബഡ്ജറ്റിൽ ഒതുക്കി പ്ലംബിംഗ് ഇലക്ട്രിക്കൽ സാധനങ്ങൾ പർച്ചേസ് ചെയ്യാൻ ശ്രദ്ധിക്കണം. വെറൈറ്റിയും കൂടുതൽ ഭംഗിയും നോക്കി പോയാൽ ചിലപ്പോൾ അത് നമ്മുടെ ബജറ്റിനെ തന്നെ താളം തെറ്റിച്ചെന്ന് വരാം.
നിർമ്മാണം വിദഗ്ധരുടെ മേൽനോട്ടത്തിൽ വീട് നിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും അതിനോട് അനുബന്ധിച്ച വിദഗ്ധ തൊഴിലാളികളെ ഉൾപ്പെടുത്തുവാൻ പ്രത്യേകം ശ്രദ്ധിക്കണം. പണിക്കാശി ലാഭം കണ്ട് സാധാരണ തൊഴിലാളികളെ വീടിന്റെ മൊത്തം പണിയും തീർക്കാൻ നോക്കിയാൽ ചിലപ്പോൾ അത് ലാഭത്തേക്കാൾ ഏറെ നഷ്ടത്തിൽ കൊണ്ടെത്തിച്ചെന്നു വരാം അതോട് അനുബന്ധിച്ച് വരുന്ന വിദഗ്ധ തൊഴിലാളികളെ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം..
Share this post