• Chinju MA
  • 23 Jun 2025

ഭൂമി വാങ്ങാൻ പോവുകയാണോ; സർക്കാർ ഉത്തരവിനെക്കുറിച്ച് അറിഞ്ഞോ? രജിസ്ട്രേഷന് മുൻപ് ഇക്കാര്യങ്ങൾ ശ്രെദ്ധിക്കണം !

അടുത്തിടെ ഭൂമി റജിസ്ട്രേഷനുമായി ബന്ധപ്പെട്ട് നമ്മുടെ നാട്ടിൽ പുതിയ ചില നിയമങ്ങൾ നിലവിൽ വന്നിട്ടുണ്ട്. അതോടൊപ്പം  പുതുതായി ഭൂമി വാങ്ങിക്കാൻ പോകുന്ന ആളുകൾക്ക്  നിരവധി സംശയങ്ങളും സ്വാഭാവികമായും ഉണ്ടാകുമല്ലോ. അതുകൊണ്ടുതന്നെ പുതിയ ചട്ടങ്ങളും അതിനെ പിന്തുടർന്ന് ചെയ്യേണ്ട നടപടികൾ എന്തെല്ലാമാണെന്നും വിശദമായി ഇവിടെ പറയാം.

സംസ്ഥാനത്ത് ഡിജിറ്റൽ സർവേ പൂർത്തിയാക്കി അന്തിമ വിജ്‌ഞാപനം ചെയ്ത വില്ലേജുകളിൽ ഭൂമി റജിസ്ട്രേഷനു മുൻപായി പോക്കുവരവിനുള്ള അപേക്ഷ സമർപ്പിക്കണമെന്ന് നിഷ്കർഷിച്ച് പോക്കു വരവു ചട്ടങ്ങൾ സർക്കാർ ഭേദഗതി ചെയ്തു. അതോടൊപ്പം ഇനി മുതൽ സംയോജിത പോർട്ടലായ 'എന്റെ ഭൂമി'യിലൂടെയാകും റജിസ്ട്രേഷൻ നടപടികളെന്ന് ഭേദഗതി ഉത്തരവിൽ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. 

 നമ്മൾ ഇതുവരെ തുടർന്നു വന്ന രീതിയിൽ  ഭൂമി രജിസ്റ്റർ ചെയ്ത ശേഷമാണ് പോക്കുവരവിനായി (mutation) വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നത്. എന്നാൽ പുതിയ ഉത്തരവ് പ്രകാരം ഈ രീതി പൂർണ്ണമായി മാറുകയാണ്.
ഭൂമി കൈമാറ്റത്തിന് ഡിജിറ്റലായി തയാറാക്കിയ സ്കെച്ചും തണ്ടപ്പേരും ഇനി മുതൽ നിർബന്ധമാണ്.

  •  പുതിയ നടപടികൾ ഇങ്ങനെ 
ഭൂവുടമയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന വ്യക്തിയോ സർക്കാരിന്റെ സംയോജിത പോർട്ടലായ ‘എന്റെ ഭൂമി’ (ente.kerala.gov.in) വഴി ഡിജിറ്റൽ സ്കെച്ചിനും തണ്ടപ്പേരിനുമായി അപേക്ഷ സമർപ്പിക്കണം. അപേക്ഷ ലഭിച്ച ശേഷം സർവേയർ സ്ഥല പരിശോധന നടത്തി ഡിജിറ്റൽ സ്കെച്ച് തയ്യാറാക്കും. വില്ലേജ് ഓഫീസർ ആവശ്യമായ പരിശോധനകൾക്ക് ശേഷം തണ്ടപ്പേർ പകർപ്പും തയ്യാറാക്കും.
 അപേക്ഷ നൽകി നാല് ദിവസത്തിനകം സ്കെച്ചും തണ്ടപ്പേരും അപേക്ഷകന് ഓൺലൈനായി ലഭ്യമാക്കണമെന്നാണ് നിർദ്ദേശം.
ഓൺലൈനായി ലഭിച്ച ഈ രേഖകൾ ആധാരത്തോടൊപ്പം ചേർത്ത് സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ പൂർത്തിയാകുന്ന മുറയ്ക്ക് പോക്കുവരവ് വിവരങ്ങൾ വില്ലേജ് രേഖകളിൽ ഓൺലൈനായി ചേർക്കപ്പെടും. ഇതോടെ ഉടമയ്ക്ക് പുതിയ തണ്ടപ്പേർ പ്രകാരം ഓൺലൈനായി ഭൂനികുതി അടയ്ക്കാനും സാധിക്കും.

 പ്രത്യേകം ഓർക്കണം ഡിജിറ്റൽ സർവേ പൂർത്തിയാക്കിയ വില്ലേജുകളിലാണ് ഈ നിയമം ആദ്യഘട്ടത്തിൽ പ്രാബല്യത്തിൽ വരുന്നത്. ഭൂമിയിടപാടുകളിലെ സുതാര്യത വർധിപ്പിക്കാനും നടപടികൾ വേഗത്തിലാക്കാനും ലക്ഷ്യമിട്ടാണ് പോക്കുവരവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയിരിക്കുന്നത്. രജിസ്ട്രേഷന് മുൻപ് തന്നെ രേഖകൾ കൃത്യമാണെന്ന് ഉറപ്പുവരുത്താൻ പുതിയ സംവിധാനം സഹായിക്കും. ഇത് ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട തർക്കങ്ങൾ കുറയ്ക്കാനും നടപടിക്രമങ്ങൾ വേഗത്തിലാക്കാനും ഉപകരിക്കും. ഡിജിറ്റൽ സർവേ പൂർത്തിയാകുന്ന മുറയ്ക്ക് സംസ്ഥാനത്തെ മറ്റ് വില്ലേജുകളിലും ഈ സംവിധാനം നിലവിൽ വരും. പുതിയ നിയമം പൂർണ്ണ തോതിൽ നടപ്പിലാക്കുന്നതോടെ   ഭൂമി ഇടപാടിൽ നടക്കുന്ന തട്ടിപ്പുകൾ ഇല്ലാതാകുമെന്നാണ് ഉദ്യോഗസ്ഥതലത്തിലുള്ള വിലയിരുത്തൽ.

Share this post