- Chinju MA
- 28 Jul 2025
കറണ്ട് ബില്ല് പകുതിയായി കുറയ്ക്കണോ ; വീട് പണിയും മുൻപേ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ദീപാലകൃതമായ മോഡേൺ വീടുകൾ കറന്റ് ബിൽ വന്നതിനുശേഷമുള്ള ദിവസങ്ങളിൽ 'ഓഫ് മോഡിൽ' ആകാറുള്ളത് ശ്രദ്ധിച്ചിട്ടുണ്ടോ? കാരണം ബില്ലിലെ അക്കങ്ങൾ തന്നെ... കാലാവസ്ഥാ വ്യതിയാനം എന്ന പ്രതിഭാസം നമ്മുടെ സ്വാഭാവിക കാലാവസ്ഥയെ തകിടം മറിച്ചതിന്റെ ഫലമായി വേനൽ കാലം 'എല്ലാ വീട്ടിലും എയർ കണ്ടിഷനർ' എന്ന പദ്ധതി നടപ്പാക്കി കഴിഞ്ഞിരിക്കുന്നു. ഫാനിട്ടില്ലെങ്കിൽ തീ ചൂളയിൽ നിൽക്കുന്ന പോലെയും ലൈറ്റ് ഇട്ടില്ലെങ്കിൽ ഇരുട്ടറയിൽ നിൽക്കുന്നതുപോലെയുള്ള പ്രതീതിയാണ് ഇന്ന് മിക്ക വീടുകളിലും. രാവും പകലും ഇലക്ട്രോണിക് ഉപകരണങ്ങൾ ഇങ്ങനെ പ്രവർത്തിച്ചാലുള്ള ഫലം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അതുകൊണ്ടുതന്നെ വീട് നിർമിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വൈദ്യുതിയുടെ ഉപയോഗം പകുതിയിലും താഴെയായി കുറയ്ക്കുവാൻ സാധിക്കും. എന്നാൽ പിന്നെ അക്കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കിയാലോ.
- ദിശ അറിയണം
കാറ്റിൽ നിന്നും വെയിൽ നിന്നും എല്ലാം രക്ഷ തേടിയാണ് മനുഷ്യൻ വീട് നിർമ്മിച്ച് താമസിക്കാൻ ആരംഭിച്ചത്. എന്നാൽ വീട് വയ്ക്കുമ്പോൾ സൂര്യപ്രകാശവും കാറ്റിന്റെ സഞ്ചാരഗതിയുമെല്ലാം ഒട്ടും അകത്തേക്ക് കടക്കാത്ത രീതിയിൽ വീട് നിർമ്മിച്ചാൽ അത് ഗുണത്തേക്കാലേറെ ദോഷമാകും ചെയ്യുക. എത്ര വലിയ മണിമാളികയാണ് നിർമ്മിക്കുന്നതെങ്കിലും വീടുവയ്ക്കാൻ പോകുന്ന സ്ഥലത്തെ കാലാവസ്ഥ പരിഗണിച്ച് കാറ്റും, സൂര്യപ്രകാശവും ഉള്ളിലേക്ക് നല്ലത് പോലെ എത്തുന്ന തരത്തിൽ ധാരാളം വെന്റിലേഷൻ ഉൾപ്പെടുത്തി ലിവിങ് റൂം,വിശ്രമമുറി, കിടപ്പുമുറി എന്നിവ നിർമിക്കാൻ ശ്രദ്ധിക്കുക. ഫാനുകളുടെയും ലൈറ്റുകളുടെയും എണ്ണം കുറയ്ക്കാനും എയർ കണ്ടിഷനിങ് ഒഴിവാക്കാനും ദിശയ്ക്കനുസൃതമായി വീട് വയ്ക്കുന്നത് സഹായിക്കും.
- പ്രകാശം പരക്കട്ടെ
സ്വാഭാവിക വെളിച്ചത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി കൊണ്ടുവേണം നമ്മുടെ വീട് നിർമ്മിക്കുവാൻ. ഇതിനായി ജനാലകൾ പരമാവധി വലുതാക്കി കൃത്യ സ്ഥാനങ്ങളിൽ ഉറപ്പിക്കുവാൻ ശ്രദ്ധിക്കണം. വടക്കുഭാഗത്തും തെക്കുഭാഗത്തും കൂടുതൽ ജനാലകൾ ഉൾപ്പെടുത്താം.ഉച്ചകഴിഞ്ഞ് ലഭിക്കുന്ന സൂര്യപ്രകാശത്തിന് ചൂട് കൂടുതലായതിനാൽ പടിഞ്ഞാറ്
ഭാഗത്ത് ജനൽ ഒഴിവാക്കുന്നതും നല്ലതാണ്. കൂടാതെ വെളിച്ചം കടത്തിവിടുന്ന കർട്ടനുകൾ ഉപയോഗിക്കാനും ശ്രദ്ധിക്കണം.
ഇൻകാന്റെസെന്റ് ബൾബുകളെ പൂർണമായി ഒഴിവാകുന്നതോടൊപ്പം സിഎഫ്എൽ, എൽഇഡി ലൈറ്റുകൾ പരമാവധി ഉൾപ്പെടുത്താൻ ശ്രമിക്കുക. വെളിച്ചത്തിന്റെ ആവശ്യം മനസ്സിലാക്കി പ്രവർത്തിക്കുന്ന സെൻസർ സംവിധാനം ഉള്ള ബൾബുകൾ ഉപയോഗിക്കുന്നതും നല്ലതാണ്.
- വീടിന് നൽകാം നാടൻ തനിമ
കോൺക്രീറ്റ് വീടുകളെ അപേക്ഷിച്ചു പഴയ മൺ വീടുകൾക്ക് ഉള്ളിലെ തണുപ്പിനെക്കുറിച്ചു പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ അതുകൊണ്ടുതന്നെ വീണ്ടും നിർമ്മിക്കുമ്പോൾ പരമ്പരാഗത വസ്തുക്കൾ കൈവിടാതെ സൂക്ഷിക്കണം. കല്ല്, തടി, മണ്ണ്, മുള തുടങ്ങിയ നാടൻ വസ്തുക്കൾ ഉപയോഗിച്ചുള്ള നിർമാണ രീതി വീടിനുള്ളിലെ താപനില നിയന്ത്രിക്കുന്നതിൽ വഹിക്കുന്ന പങ്ക് ചെറുതല്ല. സാധ്യമെങ്കിൽ നിർമ്മാണ സമയത്ത് പരമാവധി സ്ഥലങ്ങളിൽ ഇവയുടെ ഉപയോഗം കൂട്ടുകയും കോൺക്രീറ്റ്, സ്റ്റീൽ, ഗ്ലാസ് എന്നിവയുടെ ഉപയോഗം കുറക്കാനും ശ്രദ്ധിക്കാം.
സൺ ഷേട്,പുറത്തേക്ക് തള്ളി നിൽക്കുന്ന ബാൽക്കണി, വരാന്തയുടെ നിർമാണം എന്നിവ തണൽ പ്രധാനം ചെയുകയും അതേസമയം വായുസഞ്ചാരം വർദ്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. അതേപോലെ ടെറസിൽ സൂര്യപ്രകാശം പ്രതിഫലിക്കുന്നതിന് പ്രത്യേക കോട്ടിങ്ങുകൾ ഉപയോഗിക്കുന്നത് വഴി അകത്തളത്തിൽ ചൂട് കുറയാൻ സഹായിക്കും.
- സോളാർ ബദൽ
സൗരോർജ അടിസ്ഥാനമായ വൈദ്യുത്പാദനത്തിലേക്ക് കടന്നാൽ ഗാർഹിക ഉപഭോഗത്തിൽ വരുന്ന അമിത വൈദ്യുതി ബിൽ ഒരു പരിധിയിലധികം നമുക്കെല്ലാം നിയന്ത്രിച്ചു നിർത്താനാകും. പാചകം, വെള്ളം ചൂടാക്കുന്നത്, വാഹനത്തിലെ ഇന്ധനം അങ്ങനെ വീട്ടിലെ ഊർജ ഉപയോഗത്തിന്റെ സിംഹ ഭാഗവും കണ്ടെത്താൻ സോളാർ ഉയോഗിക്കുന്നതിലൂടെ നമുക്ക് സാധിക്കും.ഇതിനായി പുരപ്പുറ സോളാർ സബ്‌സിഡി പദ്ധതികളും ഇന്ന് ലഭ്യമാണ്.
- ലാൻഡ്സ്കേപ്പിങ്ങിൽ പച്ചനിറയ്ക്കാം
പരിപാലനം എളുപ്പമാണ് വീടിന്റെ ഭംഗി വർദ്ധിപ്പിക്കും എന്നൊക്കെ പറഞ്ഞ് മുറ്റം ഇന്റർലോക്കുകൾ പാകിയാൽ അകം വെന്തുരുകുന്ന ചൂട് ഫ്രീ ഗിഫ്റ്റായി കിട്ടും എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. അതുകൊണ്ട് മുറ്റത്ത് ഇന്റർലോക്കുകൾ പാകുന്നതിനു പകരം പുൽത്തകിടികളും ചെടികളും കൊണ്ട് അലങ്കരിക്കാൻ ശ്രെദ്ധിക്കണം. ഇത് വീടിന്റെ ഭംഗി കൂട്ടുന്നതിനു പുറമേ ചൂട് കുറയ്ക്കുന്നതിനും സൂര്യപ്രകാശം പ്രതിഫലിപ്പിക്കാതെ വീടിന്റെ അകം എപ്പോഴും തണുപ്പോടെ സൂക്ഷിക്കാനും സഹായിക്കും..
Share this post