• Chinju MA
  • 24 Feb 2025

എന്താണ് മുഖ്യമന്ത്രി പറഞ്ഞ 'ഡാറ്റാ ബാങ്ക്', ഭൂമി എങ്ങനെ ഇതിൽ നിന്നും ഒഴിവാക്കാം, തരംമാറ്റാനുള്ള നടപടിക്രമങ്ങൾ എന്തെല്ലാം? - അറിയേണ്ട കാര്യങ്ങൾ!!

 നിയമപരമായി അർഹത ഉണ്ടായിട്ടും വീടുവയ്ക്കുന്നതിനായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങി കാലം കഴിക്കുന്ന നിരവധി പേർക്ക് ആശ്വാസകരമായ  വാക്കുകൾ ആയിരുന്നു കഴിഞ്ഞ ദിവസം  മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞത്. എന്നാൽ അതിലെചില വാക്കുകളും വ്യക്തതകുറവും വീണ്ടും ഈ വിഷയത്തെ ചുറ്റിപ്പറ്റി നിരവധി നിർവചനങ്ങൾ ഉണ്ടാകുന്നതിനും തെറ്റിദ്ധാരണപരത്തുന്നതിനും കാരണമായിട്ടുണ്ട്  അതിന് കുറച്ചുകൂടി വ്യക്തത നൽകുവാനായി വിവിധ പ്രയോഗങ്ങളുടെ യഥാർത്ഥ നിർവചനവും സർക്കാർ നിയമങ്ങളുടെ ലളിത വിവരണവും താഴെ നൽകാം. 

  •  എന്താണ് ഡാറ്റ ബാങ്ക് ?

 വീട് വയ്ക്കാനും മറ്റ് ആവശ്യങ്ങൾക്കുമായി ആളുകൾ കൃഷിഭൂമികയ്യേറാൻ തുടങ്ങിയതോടെ  നമ്മുടെ നാടിന്റെ കാർഷികരംഗം മൂന്നിലൊന്നായി ചുരുങ്ങാൻ തുടങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് ഡാറ്റ ബാങ്ക് എന്ന ആശയത്തിലേക്ക് സർക്കാർ എത്തിയത്. 2008ലാണ്  ഇത് പ്രതിപാദിക്കുന്ന തണ്ണീർത്തട സംരക്ഷണ നിയമം നിലവിൽ വന്നത്. ഈ നിയമം നിലവിൽ വരുന്നതിനും 10 വർഷം മുമ്പ് വരെയും നെൽകൃഷി കൃഷി ചെയ്തിരുന്നതോ നെൽകൃഷിക്ക് യോഗ്യമായിരുന്നതോ, വെള്ളം കെട്ടിനിൽക്കുന്നതോ (നീർത്തടം)  ആയ ഭൂമികളെ പ്രത്യേകമായി പട്ടികപ്പെടുത്തി രജിസ്റ്റർ സൂക്ഷിക്കണമെന്ന് നിബന്ധനയുണ്ട്. ഈ രജിസ്റ്ററാണ് ഡാറ്റാബാങ്ക് എന്ന പേരിൽ അറിയപ്പെടുന്നത്. ഈ ഡാറ്റാബാങ്കിൽ ഉൾപ്പെട്ട ഭൂമികൾ ആണ് വിജ്ഞാപനം ചെയ്യപ്പെട്ട ഭൂമി എന്ന് പറയുന്നത്. അതുപോലെതന്നെ റവന്യൂ രേഖകളിൽ നെൽവയൽ /വെറ്റ് ലാൻഡ് എന്നിങ്ങനെ രേഖപ്പെടുത്തിയതും നിലവിൽ നികന്നതോ കൃഷിയോഗ്യമല്ലാത്തതോ ആയതും ഡാറ്റാബാങ്കിൽ  ഇല്ലാത്തതുമായ ഭൂമികളെ വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി എന്നും പറയും.

 എന്നാൽ ഈ ഡാറ്റാ ബാങ്കിനെ കുറിച്ചുള്ള ജനങ്ങളുടെ  അറിവ് കുറവ് മൂലം  നികത്ത് ഭൂമി, രേഖകളിൽ നിലം എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന ഭൂമികൾ  എന്നിവയെല്ലാം ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടവയാണെന്ന തെറ്റിദ്ധാരണകൾ പരക്കാൻ തുടങ്ങി. ചില സർക്കാർ ഉദ്യോഗസ്ഥരും ഈ പേരുകൾ പറഞ്ഞ് അപേക്ഷകൾ മടക്കിയതോടെ നിരവധിപേർ കുരുക്കിലായിട്ടുമുണ്ട്.

  •  ഡാറ്റ ബാങ്കിൽ നിന്ന് ഒഴിവാക്കാൻ എന്ത് ചെയ്യണം?

 എന്തെങ്കിലും പിഴവുമൂലം ഡാറ്റാ ബാങ്കിൽ ഭൂമി ഉൾപ്പെട്ടു പോയിട്ടുണ്ടെങ്കിൽ  ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചതിനുശേഷം  ഫോം 5ൽ റവന്യൂ ഡിവിഷണൽ ഓഫിസർ / സബ് കലക്ടർക്ക് ആവശ്യമായ രേഖകൾ സഹിതം അപേക്ഷ നൽകിയാൽ അന്വേഷണം നടത്തി ശരിയാണെന്ന് കണ്ടെത്തുന്ന പക്ഷം ഡാറ്റ ബാങ്കിൽ നിന്ന് ഭൂമി ഒഴിവാക്കി ലഭിക്കും.


  •  ഭൂമി തരം മാറ്റം - നടപടിക്രമങ്ങൾ 

 ഡാറ്റ ബാങ്കിൽ ഉൾപ്പെടാഞ്ഞിട്ടും രേഖകളിൽ നിലം/വെറ്റ്ലാൻഡ് എന്നിങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ ആ ഭൂമികൾ തരം മാറ്റം ചെയ്ത് "സ്വഭാവ വ്യതിയാനം വരുത്തിയ പുരയിടം" എന്ന് ആക്കി മാറ്റാവുന്നതാണ്. അതുവഴി മറ്റ് തെറ്റിദ്ധാരണകളിൽ നിന്നും നമ്മുടെ ഭൂമിയെ സംരക്ഷിക്കുവാനും സാധിക്കും. ഇതിനായി മുകളിൽ പറഞ്ഞത് പ്രകാരം  ഫോം 6ൽ അപേക്ഷ നൽകണം. ശേഷം കൃത്യമായ അന്വേഷണം നടത്തിയതിനുശേഷം തരം മാറ്റി ലഭിക്കുന്നതായിരിക്കും.  

  •  കെട്ടിട നിർമ്മാണ അനുമതി 

"താമസിക്കാൻ സ്വന്തമായി വീടില്ലാത്ത 'അർഹതപ്പെട്ട' കുടുംബത്തിന്  വീട് വെയ്ക്കാന്‍ ഡാറ്റ ബാങ്കില്‍പ്പെട്ടാലും നെല്‍വയല്‍-തണ്ണീര്‍ത്തട പരിധിയില്‍പ്പെട്ടാലും ഗ്രാമപഞ്ചായത്തില്‍ 10 സെന്‍റും നഗരത്തില്‍ 5 സെന്‍റും സ്ഥലത്ത് പഞ്ചായത്ത്/നഗരസഭ അനുമതി നല്‍കണം" - മുഖ്യമന്ത്രിയുടെ നിയമസഭയിലെ ഈ മറുപടിയെ കുറിച്ചുള്ള   വാർത്തകൾ കണ്ട്  നിരവധി പേരാണ് ഡാറ്റ ബാങ്കിലെ ഭൂമികളുടെ നിയമ കുലുക്ക് അഴിഞ്ഞു കിട്ടിയെന്ന് സന്തോഷിച്ചത് എന്നാൽ  അതിൽ തന്നെ മുഖ്യമന്ത്രി പറയുന്ന 'അർഹത' എന്ന വാക്ക് പലവിധ നിർവചനങ്ങളോടുകൂടിയതാണ്. അതിനെക്കുറിച്ച് വിശദമായി മനസ്സിലാക്കിയാൽ ഈ തെറ്റിദ്ധാരണകൾ ഒഴിവായി കിട്ടും.   
 
 ഡാറ്റ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയിൽ സാധാരണഗതിയിൽ ആർക്കും തന്നെ നിർമ്മാണ അനുമതി ലഭിക്കുകയില്ല. എന്നാൽ ഒരാൾക്ക് 2008 ന് മുമ്പ് മുതൽ കൈവശമുള്ള ഭൂമി ഡാറ്റാബാങ്കിൽ ഉൾപ്പെട്ടതാണെങ്കിൽ പോലും മറ്റെങ്ങും കരഭൂമി ഇല്ലാത്ത പക്ഷം പഞ്ചായത്തുകളിൽ പത്ത് സെന്റ് ( 4.04 ആർ ) നഗരസഭകളിൽ അഞ്ചു സെന്റ് ( 2.02 ആർ ) ഭൂമി നികത്തി വീട് വയ്ക്കാൻ അനുമതി ലഭിക്കും.  അനുമതി നൽകേണ്ടത് അതത് ജില്ലാ കളക്ടറാണ്. അനുമതി ലഭിച്ചാൽ ഈ പ്രദേശത്ത് കെട്ടിടം നിർമ്മാണ ചട്ടങ്ങൾ പാലിച്ച് ഉടമസ്ഥൻ ഇഷ്ടമുള്ള വിസ്തീർണത്തിൽ വീട് നിർമിക്കാം. 

 അതുപോലെതന്നെ തരം മാറ്റം ചെയ്ത ഭൂമികളിൽ  വീട് നിർമ്മിക്കുന്നതിന് പ്രത്യേക അനുമതിയുടെ ആവശ്യവുമില്ല  സാധാരണ രീതിയിലുള്ള കെട്ടിട നിർമ്മാണ ചട്ടം പാലിച്ച്  കൈവശഭൂമിയിൽ കെട്ടിടം നിർമ്മിക്കാവുന്നതാണ്. എന്നാൽ വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി എന്ന ഗണത്തിൽ പെടുന്നവയാണെങ്കിൽ അത് തരംമാറ്റം ചെയ്തിട്ടില്ല എങ്കിൽ കുറച്ച് നിയമങ്ങൾ പാലിക്കേണ്ടതായിട്ടുണ്ട്. അതായത്  4 .04  ആർ സ്ഥലത്തിൽ അധികരിക്കാതെയുള്ള വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി ഉപയോഗിച്ച് 120 M² ( 1289 ചതുരശ്ര അടി ) വിസ്തീർണമുള്ള വീടോ 2. 02 ആർ സ്ഥലത്തിൽ അധികരിക്കാതെയുള്ള ഭൂമി ഉപയോഗിച്ച് 40 M² ( 430 ചതുരശ്ര അടി ) വിസ്തീർണ്ണമുള്ള വ്യാപാര കെട്ടിടമോ നിർമിക്കാം. ഇതിന് മറ്റൊരു വകുപ്പിന്റെയും അനുമതി ആവശ്യമില്ല. കൂടാതെ ഈ ആനുകൂല്യം ലഭിക്കാൻ ഭൂമി ഏതെങ്കിലും പ്രത്യേക തീയതിക്ക് മുമ്പ് കൈവശമുള്ളതാകണമെന്ന നിബന്ധനയുമില്ല.

Share this post