- Chinju MA
- 31 Jan 2025
നാല് വർഷം കൊണ്ട് 168 ശതമാനം റിട്ടേൺ; റിയൽ എസ്റ്റേറ്റിൽ വമ്പൻ നേട്ടം കൊയ്ത് അമിതാഭ് ബച്ചൻ
റിയൽ എസ്റ്റേറ്റ് ബിസിനസ്സിൽ പണ്ടുമുതലേ ഒരു പ്രയോഗമുണ്ട് ' 'കാശെറിഞ്ഞ് കാശ് വാരുക' ഈ ചൊല്ല് അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കി മാറ്റിയിരിക്കുകയാണ് ബോളിവുഡ് കിങ് ഫാമിലിയായ ബച്ചൻ കുടുംബം.
അടുത്തിടെ അമിതാഭ് ബച്ചൻ റിയൽ എസ്റ്റേറ്റിൽ നടത്തിയ ഒരു ഡീലിൽ കിട്ടിയിരിക്കുന്ന ലാഭമാണ് ഇപ്പോൾ ഈ മേഖലയിലെ പ്രധാന ചർച്ചാവിഷയം.
നാലുവർഷം മുമ്പ് മുംബൈയിലെ ഓഷിവാരയിൽ ബച്ചൻ 31 കോടി രൂപയ്ക്ക് വാങ്ങിയ ആഡംബര കെട്ടിടം 83 കോടി രൂപയ്ക്കാണ് ഇപ്പോൾ വിറ്റിരിക്കുന്നത്. അതായത് വെറും നാലുവർഷം കൊണ്ട് കിട്ടിയത് 168 ശതമാനം റിട്ടേൺ. നഗരത്തിലെ ഏറ്റവും ലാഭകരമായ റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ ഒന്നായാണ് ഈ ഡീൽ ഇപ്പോൾ അറിയപ്പെടുന്നത്.
ക്രിസ്റ്റൽ ഗ്രൂപ്പിന്റെ പ്രീമിയം പ്രോജക്റ്റായ ദി അറ്റ്ലാന്റിസിലാണ് പ്രോപ്പർട്ടി സ്ഥിതിചെയ്യുന്നത്.
5,704 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ വ്യാപിച്ചുകിടക്കുന്ന ഈ കെട്ടിടത്തിൽ ആറ് പാർക്കിംഗ് ഏരിയയുണ്ട്. 4,800 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ടെറസാണ് മറ്റൊരു ആകർഷണം. മുംബൈയിലെ ഏറ്റവും തിരക്കേറിയ റെസിഡൻഷ്യൽ ഏരിയകളിൽ ഒന്നിലാണ് ഈ അപ്പാർട്ട്മെന്റ് നിൽക്കുന്നത്. 2021 നവംബറിൽ നടി കൃതി സനോണിന് 10 ലക്ഷം രൂപ പ്രതിമാസ വാടകയ്ക്ക് ഈ അപ്പാർട്ട്മെൻ്റ് നൽകിയിരുന്നു. 60 ലക്ഷം രൂപയാണ് അന്ന് സെക്യൂരിറ്റി ഡെപ്പോസിറ്റായി ലഭിച്ചത്.
ഇതാദ്യമായല്ല അമിതാഭ് ബച്ചൻ ഇത്തരത്തിൽ വൻ ലാഭമുള്ള സ്വത്ത് ഇടപാട് നടത്തുന്നത്. വർഷങ്ങളായി, അദ്ദേഹം കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളുടെ ഗണ്യമായ വാങ്ങൽ കരാറുകൾ നടത്തിയിട്ടുണ്ട്. മകൻ അഭിഷേക് ബച്ചനുമായി സഹകരിച്ച് നടത്തുന്ന ഇത്തരം ഡീലുകളിലൂടെ ഇതിനകം വിൽപ്പനയിലൂടെയും പാട്ടത്തിലൂടെയും ഗണ്യമായ വരുമാനം ഉണ്ടാക്കിയിട്ടുമുണ്ട്. 2024-ൽ അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും റിയൽ എസ്റ്റേറ്റ് രംഗത്ത് 100 കോടി രൂപയിലധികം നിക്ഷേപം നടത്തിയിട്ടുണ്ട്. 2020 മുതൽ 219 കോടി രൂപയിലേറെയാണ് നിക്ഷേപം. മുംബൈ മെട്രോപൊളിറ്റൻ മേഖലയിലും ബച്ചൻ കുടുംബത്തിന് വലിയ നിക്ഷേപമുണ്ട്. ഇന്ത്യൻ അതിർത്തികൾക്കപ്പുറത്തേക്കും ബച്ചന്റെ റിയൽ എസ്റ്റേറ്റ് സാമ്രാജ്യം വ്യാപിക്കുന്നുണ്ട്. ദുബായിൽ അദ്ദേഹത്തിന് ആഡംബര വില്ല ഉണ്ടെന്നാണ് റിപ്പോർട്ട്. കൂടാതെ, അദ്ദേഹത്തിന് പാരീസിൽ ഒരു അപ്പാർട്ട്മെന്റ് ഉണ്ടെന്നും അത് ഭാര്യ ജയ ബച്ചനായി സമ്മാനിച്ചതാണെന്നും റിപ്പോർട്ടുകൾ ഉണ്ട്.
ബച്ചൻ ഇപ്പോൾ താമസിക്കുന്നത് മുംബൈയിലെ ജുഹുവിലുള്ള ജൽസ എന്ന പ്രശസ്ത ബംഗ്ലാവിലാണ്. 10,125 ചതുരശ്ര അടി വിസ്തീർണമുള്ള ഈ വസ്തുവിന് ഏകദേശം 120 കോടി രൂപയാണ് മൂല്യം. 30 വർഷത്തിലേറെയായി ജൽസയിലാണ് ബച്ചൻ കുടുംബം താമസിക്കുന്നത്. ജൽസ കൂടാതെ മുംബൈയിൽ മറ്റ് മൂന്ന് ബംഗ്ലാവുകളും അദ്ദേഹത്തിന്റെ സ്വന്തമായുണ്ട്.
ബച്ചന്റെ പാത പിന്തുടർന്ന് ചില ബോളിവുഡ് താരങ്ങളും റിയല്‍ എസ്റ്റേറ്റിൽ വൻ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. ജാന്‍വി കപൂര്‍ 169 കോടി രൂപയാണ് റിയല്‍ എസ്റ്റ്റ്റേില്‍ നിക്ഷേപിച്ചിരിക്കുന്നത്. രണ്‍വീര്‍ സിങ്ങും ദീപിക പദുകോണും റിയല്‍ എസ്റ്റേറ്റില്‍ 156 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്.അജയ് ദേവ്ഗണ്‍, കജോള്‍ എന്നിവര്‍ 110 കോടി രൂപയും ഷാഹിദ് കപൂര്‍ 59 കോടി രൂപയും നിക്ഷേപിച്ചതായും കഴിഞ്ഞവർഷം പുറത്തുവന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്.
Share this post