• Chinju MA
  • 10 Jan 2025

മുംബൈയിൽ 250 കോടിയുടെ മനോഹര ബംഗ്ലാവ്; മകൾക്കൊപ്പം കൃഷ്ണരാജിൽ താമസിക്കാൻ ഒരുങ്ങി രൺബീറും ആലിയയും

 പുതുവർഷത്തിൽ മകൾ റാഹയ്ക്കൊപ്പം  250 കോടിയുടെ ആഡംബര ബംഗ്ലാവിലേക്ക് താമസം മാറാൻ ഒരുങ്ങി  രൺബീറും ആലിയയും. മുംബൈ പാലീ ഹിസിൽലുള്ള  രൺബീറിന്റെ പൈതൃക സ്വത്തായ  കൃഷ്ണരാജ് ബംഗ്ലാവിലേക്കാണ്  താര കുടുംബം  മകളുമായി താമസത്തിന് എത്തുന്നത്. 

ഏതാനും വർഷങ്ങളായി ബംഗ്ലാവിന്റെ നവീകരണ പ്രവർത്തനങ്ങൾ  തുടർന്നു വരികയായിരുന്നു.ആകെ ആറ് നിലകൾ ഉൾപ്പെടുന്ന ബംഗ്ലാവിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. 
76 വർഷത്തെ പഴക്കമാണ് കൃഷ്ണരാജ് ബംഗ്ലാവിനുള്ളത്. 1980 മുതൽ ഋഷി കപൂറിൻ്റെയും നീതു കപൂറിന്റെയും ഉടമസ്ഥതയിലാണ് വീട്. ഋഷി കപൂറിന്റെ മാതാപിതാക്കളായ രാജ് കപൂറിൻ്റെയും കൃഷ്ണ കപൂറിന്റെയും പേരുകൾ ചേർത്താണ് കൃഷ്ണരാജ് എന്ന് ബംഗ്ലാവിന് പേര് നൽകിയിരിക്കുന്നത്.ഋഷി കപൂറിന്റെ വിവാഹം മുതലിങ്ങോട്ട് കപൂർ കുടുംബത്തിലെ പല പ്രധാന ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചത് ഈ ബംഗ്ലാവ് ആണ്.

 അനേകം സവിശേഷതകൾ ഉള്ള ഈ വീട്  കുടുംബത്തിലെ ഓരോ അംഗങ്ങളുടെയും താൽപര്യങ്ങൾക്ക് അനുസൃതമായി പ്രത്യേക ഇടങ്ങളോടെയാണ് നിർമ്മിച്ചിരിക്കുന്നത്. ഒന്നാം നില നീതു കപൂറിൻ്റെ സ്വകാര്യ ഇടം ആയിരിക്കും.  രൺബീറും ആലിയയും രാഹയും മറ്റൊരു നിലയിലാവും താമസിക്കുക. എന്നാൽ രാഹയ്ക്ക് വേണ്ടി ഒരു പ്രത്യേക നിലയും ഇവിടെ നീക്കിവച്ചിട്ടുണ്ട്. രൺബീറിന്റെ സഹോദരിക്കും കുടുംബത്തിനുമാണ് മറ്റൊരു നില. ഋഷി കപൂറിന്റെ ഓർമകൾ നിലനിർത്താനായി ഒരു പ്രത്യേക മുറിയും കുടുംബം ഇവിടെ ഒരുക്കിയിട്ടുണ്ട്. അദ്ദേഹം ഉപയോഗിച്ചിരുന്ന കസേരയും ഷെൽഫും അടക്കമുള്ള വസ്തുക്കൾ ഇവിടെ സൂക്ഷിക്കും.

 നിർമ്മാണ പ്രവർത്തനങ്ങളുടെ ഓരോ ഘട്ടത്തിലും  രൺബീറും ആലിയയും നീതു കപൂറും ഇവിടെ നേരിട്ടെത്തി മേൽനോട്ടം വഹിച്ചിരുന്നു. ബംഗ്ലാവ് രാഹയുടെ പേരിൽ രജിസ്റ്റർ ചെയ്യാനാണ് രൺബീർ ആഗ്രഹിക്കുന്നത്. ഔദ്യോഗികമായി താരകുടുംബം ഇവിടെ താമസിക്കുന്നതോടെ  കൃഷ്ണരാജ് ബംഗ്ലാവ്,ഷാറുഖ് ഖാന്റെ മന്നത്തിനെയും ബിഗ് ബിയുടെ ജൽസയെയും കടത്തിവെട്ടി മുംബൈയിലെ ഏറ്റവും വിലമതിപ്പുള്ള വീടുകളിൽ ഒന്നായി മാറും.
Share this post