• Chinju MA
  • 15 Apr 2025

സ്റ്റാമ്പ് ഡ്യൂട്ടിയിനത്തിൽ മുടക്കിയത് 10 കോടി രൂപയിലേറെ; മുംബൈയിൽ പൊന്നുംവിലക്ക് ഭൂമി വാങ്ങി അദാനി

റിയൽ എസ്റ്റേറ്റ് മേഖലയുടെ മത്സരാധിഷ്ഠിത വളർച്ചക്കാണ് ലോകം ഓരോ ദിവസവും സാക്ഷിയായി കൊണ്ടിരിക്കുന്നത്.   കോടിക്കണക്കിന് രൂപ സ്റ്റാമ്പ് ഡ്യൂട്ടിക്കായി മാത്രം ചിലവഴിച്ച്  ഭൂമി വാങ്ങിക്കൂട്ടുന്നവരെല്ലാം നാൾക്ക് നാൾ ഉയർന്നുകൊണ്ടിരിക്കുന്ന ഭൂമിയുടെ മൂല്യത്തിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വാങ്ങുന്നതിലും ഇരട്ടി വിലയ്ക്ക്  ആവശ്യം വന്നാൽ മറിച്ചു വിൽക്കാം എന്ന ഉറപ്പുള്ളതിനാൽ തന്നെ പ്രമുഖ സ്ഥലങ്ങളിലെ ഭൂമി  ചോദിക്കുന്ന വില നൽകി വാങ്ങിക്കൂട്ടാൻ ഇന്ന് ആളുകൾ ഏറെയാണ്. ഇത്തരത്തിൽ മുംബൈയിൽ അടുത്തിടെ നടന്ന ഒരു  ഭൂമി കച്ചവടമാണ് ഇപ്പോൾ റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രധാന ചർച്ചാവിഷയം. ഗൗതം അദാനി  സ്റ്റാമ്പ് ഡ്യൂട്ടിയായി മാത്രം 10.46 കോടി രൂപ നൽകി മുംബൈയിൽ നടത്തിയ ഒരു റിയൽ എസ്റ്റേറ്റ് ഡീലിനെ കുറിച്ചാണ് പറഞ്ഞു വന്നത്.

 മുംബൈയിലെ കാർമൈക്കൽ റോഡിലാണ് അദാനി വാങ്ങിയ വസ്തു. അദാനി ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ മാഹ്-ഹിൽ പ്രോപ്പർട്ടീസാണ് വ്യവസായ ഭീമന്‍റെ ഉടമസ്ഥതയിലുള്ള  വസ്തു 170 കോടി രൂപയ്ക്ക് സ്വന്തമാക്കിയത്.  48,491 സ്ക്വയർ ഫീറ്റ് ഭൂമിയും അവിടെയുള്ള  257 സ്ക്വയർ ഫീറ്റർ കെട്ടിടവുമാണ് അദാനി കോടികൾ മുടക്കി സ്വന്തമാക്കിയത്.  ബെഹ്റാം നോവ്റോസ്ജി ഗമാഡിയയെന്നയാളുടെ ഉടമസ്ഥതയിലുള്ളതായിരുന്നു ഈ ഭൂമി. 

ഇന്ത്യക്ക് സ്വാതന്ത്യം കിട്ടുന്നതിന് മുമ്പ് തന്നെ ഗമാഡിയ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലം നഗരത്തിലെ ഏറ്റവും പ്രീമിയം ഭൂമിയായാണ് കണക്കാക്കുന്നത്. ഈ ഭൂമിയാണ് ഏകദേശം 48,000 സ്ക്വയർ ഫീറ്റിൽ അധികം അദാനി സ്വന്തമാക്കിയത്.
മലബാർ ഹിൽസ് മേഖലയിൽ ഇത്തരത്തിൽ ഒരു ഭൂമി സ്വന്തമാക്കുക എന്നത് ഏറെ ബുദ്ധിമുട്ടേറിയ പ്രക്രിയയാണ്. ഭൂമി സ്വന്തമാക്കാൻ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ 10.46 കോടി രൂപയാണ് അദാനി മുടക്കിയത്. രജിസ്ട്രേഷൻ ഫീസിനത്തിൽ 30,000 രൂപയും നൽകി. അപ്പാർട്ട്മെന്റുകൾക്ക് സ്ക്വയർഫീറ്റിന് ഒരു ലക്ഷം രൂപ വരെ വിലയുള്ള പ്രദേശമാണിത്. 
ഇത്തരത്തിൽ മുംബൈയിൽ വൻ ഭൂമി ഇടപാട് കഴിഞ്ഞ മാസവും നടന്നിരുന്നു. ദക്ഷിണ മുംബൈയിലെ ലക്ഷ്മിവിലാസ് ബംഗ്ലാവാണ് വിറ്റത്. നേപ്പിയൻ സീ റോഡിലായിരുന്നു ബംഗ്ലാവ് സ്ഥിതി ചെയ്തിരുന്നത്. ക്വിറ്റ് ഇന്ത്യ സമരകാലത്ത് സ്വാതന്ത്ര്യസമരസേനാനികൾ ഒളിച്ചിരുന്ന സ്ഥലമായിരുന്നു ഇത്. 19,891 സ്ക്വയർഫീറ്റ് ബംഗ്ലാവ് 276 കോടിക്കാണ് വിറ്റത്.
Share this post